ബര്‍ലിന്‍: ഗസ്സ നഗരത്തിന്റെ നിയന്ത്രണം പൂര്‍ണമായി ഏറ്റെടുക്കാനുള്ള ഇസ്രയേലിന്റെ നീക്കം കണക്കിലെടുത്ത് ഇസ്രയേലിലേക്കുള്ള ആയുധ കയറ്റുമതി നിര്‍ത്തിവയ്ക്കാന്‍ ജര്‍മ്മനി. ദീര്‍ഘകാലം രാജ്യാന്തരതലത്തില്‍ ഇസ്രയേലിന്റെ വിശ്വസ്ത യൂറോപ്യന്‍ സഖ്യകക്ഷിയായി നിലകൊണ്ടിരുന്ന ജര്‍മ്മന്‍ സര്‍ക്കാരിന്റെ നാടകീയ മാറ്റമാണിത്.

ഹമാസിനെ നിരായുധരാക്കുക, ബന്ദികളെ മോചിപ്പിക്കുക തുടങ്ങിയ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ നേടുന്നതിന് ഇസ്രായേലിന്റെ ഏറ്റവും പുതിയ സൈനിക പദ്ധതി എത്രത്തോളം പര്യാപ്തമാണെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രീഡ്രുക്ക് മെര്‍സ് പ്രസ്താവിച്ചു. 'ഈ സാഹചര്യത്തില്‍, ഗസ്സയില്‍ ഉപയോഗിക്കാന്‍ സാധ്യതയുള്ള യാതൊരുവിധ സൈനികോപകരണങ്ങളുടെയും കയറ്റുമതിക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ജര്‍മ്മന്‍ സര്‍ക്കാര്‍ അനുമതി നല്‍കുന്നതല്ല,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗസ്സയിലെ സാധാരണക്കാരായ ജനത അനുഭവിക്കുന്ന ദുരിതങ്ങളില്‍ തങ്ങള്‍ക്ക് അതീവ ആശങ്കയുണ്ടെന്നും മെര്‍സ് തന്റെ പ്രസ്താവനയില്‍ പറഞ്ഞു. രണ്ടാം ലോകമഹായുദ്ധകാലത്ത് ആറ് ദശലക്ഷത്തിലധികം ജൂതന്മാരെ കൊന്നൊടുക്കിയ ഹോളോകോസ്റ്റിന് പ്രായശ്ചിത്തം ചെയ്യാനുള്ള ശ്രമങ്ങളുടെ ഭാഗമായി, ജര്‍മ്മനിയിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ദീര്‍ഘകാലമായി ഇസ്രായേലിന് നിരുപാധികമായ പിന്തുണ നല്‍കിവരികയായിരുന്നു. ഈ ചരിത്രപരമായ ചങ്ങാത്തത്തിലാണ് ഇപ്പോള്‍ പ്രകടമായ വിള്ളല്‍ വീണിരിക്കുന്നത്.

2023 ഒക്ടോബര്‍ 7-ന് ഹമാസ് ആക്രമണത്തെ തുടര്‍ന്ന് ഗസ്സ യുദ്ധം ആരംഭിച്ചതുമുതല്‍ ഈ വര്‍ഷം മെയ് വരെയുള്ള കാലയളവില്‍, കുറഞ്ഞത് 485 ദശലക്ഷം യൂറോയുടെ പ്രതിരോധ സാമഗ്രികളുടെ കയറ്റുമതിക്കാണ് ജര്‍മ്മനി അംഗീകാരം നല്‍കിയത്. തോക്കുകള്‍, വെടിക്കോപ്പുകള്‍, സൈനിക വാഹനങ്ങളുടെ ഭാഗങ്ങള്‍, നാവിക-കര സേനകള്‍ക്കുള്ള പ്രത്യേക ഉപകരണങ്ങള്‍, ഇലക്ട്രോണിക് സംവിധാനങ്ങള്‍, കവചിത വാഹനങ്ങള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുമെന്ന് പാര്‍ലമെന്റിന്റെ ചോദ്യത്തിന് മറുപടിയായി സര്‍ക്കാര്‍ ജൂണില്‍ വെളിപ്പെടുത്തിയിരുന്നു. ഈ വിപുലമായ സൈനിക സഹകരണത്തിനാണ് ഇപ്പോള്‍ അപ്രതീക്ഷിതമായി തിരശ്ശീല വീഴുന്നത്.