- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്രീന്‍ലാന്‍ഡിനെ പിടിച്ചെടുക്കാനുള്ള ട്രംപിന്റെ നീക്കം യൂറോപ്പിനെ ശരിക്കും വെറുപ്പിച്ചു; ട്രംപിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന ആശങ്കയില്‍ സ്വര്‍ണ ശേഖരം രാജ്യത്തേക്ക് തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യവുമായി ജര്‍മ്മനി; യുഎസില്‍ സൂക്ഷിച്ച ആ 1,236 ടണ്‍ സ്വര്‍ണം തിരിച്ചുതരണമെന്ന് ജര്‍മ്മനി
ട്രംപിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന ആശങ്കയില്‍ സ്വര്‍ണ ശേഖരം രാജ്യത്തേക്ക് തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യവുമായി ജര്‍മ്മനി

ബെര്‍ലിന്‍: ട്രംപിന്റെ താരിഫ് ഭീഷണികള്‍ ശക്തമാകവേ ലോകം സാമ്പത്തിക അനിശ്ചിതാവസ്ഥയുടെ മുനമ്പില്‍ നില്‍ക്കെ, അമേരിക്കയിലെ ഫെഡറല്‍ റിസര്‍വില്‍ സൂക്ഷിച്ചിരിക്കുന്ന തങ്ങളുടെ സ്വര്‍ണ്ണ ശേഖരം തിരിച്ചുപിടിക്കാന്‍ ജര്‍മ്മനിയില്‍ മുറവിളി ശക്തമാകുന്നു. ഡൊണാള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത നീക്കങ്ങളും ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കുമെന്ന പ്രഖ്യാപനവുമാണ് ജര്‍മ്മന്‍ രാഷ്ട്രീയക്കാരെയും സാമ്പത്തിക വിദഗ്ധരെയും ഈ കടുത്ത തീരുമാനത്തിലേക്ക് നയിക്കുന്നത്.
'അമേരിക്കയെ ഇനി വിശ്വസിക്കാനാവില്ല' എന്ന വികാരമാണ് ജര്‍മ്മനിയില്‍ ഇപ്പോള്‍ പുകയുന്നത്. ഗ്രീന്‍ലാന്‍ഡ് വിഷയത്തില്‍ ട്രംപ് എടുത്ത നിലപാടുകള്‍ കണ്ട് ജര്‍മ്മനി ഞെട്ടിയിരിക്കുകയാണ്. വരുമാനം ഉണ്ടാക്കാന്‍ ട്രംപ് എന്തും ചെയ്യുമെന്നും, അന്താരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍ പറത്തി അമേരിക്ക സ്വര്‍ണം പിടിച്ചുവെച്ചാല്‍ തങ്ങള്‍ പെരുവഴിയിലാകുമെന്നും ജര്‍മ്മനിയിലെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഈ പശ്ചാത്തലത്തില്‍ യു.എസില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണം തിരിച്ചെടുക്കണമെന്ന് ജര്‍മ്മനിയിലെ ജനപ്രതിനധികളും സാമ്പത്തിക വിദഗ്ധരും. ആഗോള രാഷ്ട്രീയ അനിശ്ചിതാവസ്ഥ രൂക്ഷമാകുന്നതിനിടെയാണ് ആവശ്യവുമായി ഇവര്‍ രംഗത്തെത്തിയത്. ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാനുള്ള യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് നീക്കം. യു.എസിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന ആശങ്കയുടെ പശ്ചാത്തലത്തില്‍ സ്വര്‍ണ ശേഖരം രാജ്യത്തേക്ക് തിരിച്ചുകൊണ്ടുവരണമെന്ന കാര്യം കഴിഞ്ഞ ഏപ്രിലില്‍ ജര്‍മനിയിലെ ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് യൂനിയന്‍ നേതൃത്വത്തിലുള്ള സര്‍ക്കാറിന്റെ മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ച ചെയ്തിരുന്നു.
ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണത്തിന്റെ കരുതല്‍ ശേഖരമുള്ള രണ്ടാമത്തെ രാജ്യമാണ് ജര്‍മനി. 3350.25 ടണ്‍ സ്വര്‍ണമാണ് ജര്‍മനിക്കുള്ളത്. കരുതല്‍ ശേഖരത്തിന്റെ പകുതിയോളം ജര്‍മനിയിലെ ഏറ്റവും വലിയ അഞ്ചാമത്തെ നഗരമായ ഫ്രാങ്ക്ഫര്‍ട്ടിലാണ്. എന്നാല്‍, 37 ശതമാനം അതായത് 1,236 ടണ്‍ സ്വര്‍ണം ന്യൂയോര്‍ക്കിലെ ഫെഡറല്‍ റിസര്‍വിലാണ് സൂക്ഷിച്ചിരിക്കുന്നത്. 13 ശതമാനം ലണ്ടനിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിലും സൂക്ഷിച്ചിട്ടുണ്ട്. 30 ഓളം രാജ്യങ്ങളുടെ 6300 ടണ്‍ സ്വര്‍ണം യു.എസിന്റെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ കസ്റ്റഡിയിലുണ്ടെന്നാണ് കണക്ക്.
രണ്ടാം ലോക യുദ്ധകാലത്ത് സോവിയറ്റ് യൂനിയന്‍ ജര്‍മനി പിടിച്ചെടുത്തതിന് പിന്നാലെയാണ് സ്വര്‍ണത്തിന്റെ കരുതല്‍ ശേഖരം യു.എസിലേക്ക് മാറ്റിയത്. എന്നാല്‍, 2008ലെ സാമ്പത്തിക മാന്ദ്യത്തിന് പിന്നാലെ കരുതല്‍ സ്വര്‍ണം ഇനിയും യു.എസില്‍ സൂക്ഷിക്കേണ്ടതില്ലെന്നും തിരിച്ചുകൊണ്ടുവരണമെന്നും ജര്‍മന്‍ രാഷ്ട്രീയ നേതാക്കള്‍ക്കിടയില്‍ അഭിപ്രായം ഉയര്‍ന്നു. 2013 മുതല്‍ ജര്‍മനിയുടെ കേന്ദ്ര ബാങ്കായ ബുന്‍ഡെസ് ബാങ്ക് വിദേശത്ത് സൂക്ഷിച്ചിരുന്ന സ്വര്‍ണത്തിന്റെ വലിയൊരു ഭാഗം തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം തുടങ്ങി. അതിന്റെ ഫലമായി ന്യൂയോര്‍ക്കില്‍നിന്ന് 300 ടണ്‍ സ്വര്‍ണം തിരിച്ചുവാങ്ങി. പാരീസില്‍നിന്ന് 374 ടണും തിരിച്ചെത്തിച്ചു.
നിലവിലെ ആഗോള രാഷ്ട്രീയ സാഹചര്യം കണക്കിലെടുക്കുമ്പോള്‍, യു.എസില്‍ ഇത്രയധികം സ്വര്‍ണം സൂക്ഷിക്കുന്നത് അപകടകരമാണെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധനും ബുന്‍ഡെസ് ബാങ്ക് ഗവേഷണ വിഭാഗം മുന്‍ തലവനുമായ ഇമ്മാനുവേല്‍ മോഞ്ച് പറഞ്ഞു. യു.എസില്‍നിന്ന് കൂടുതല്‍ നയതന്ത്ര സ്വാതന്ത്രം നേടണമെങ്കില്‍ സ്വര്‍ണം തിരിച്ചെടുക്കുന്നതായിരിക്കും നല്ലതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വര്‍ണം യു.എസില്‍നിന്ന് തിരിച്ചുവാങ്ങണമെന്ന കാര്യത്തില്‍ യൂറോപ്യന്‍ നികുതി ദായകരുടെ അസോസിയേഷന്റെയും ജര്‍മന്‍ നികുതി ദായകരുടെ അസോസിയേഷന്റെയും തലവനായ മിഷേല്‍ ജോഗറും സമാന അഭിപ്രായം പങ്കുവെച്ചു. ട്രംപ് എന്തു ചെയ്യുമെന്ന് പറയാന്‍ കഴിയില്ലെന്നും വരുമാനമുണ്ടാക്കാന്‍ അദ്ദേഹം എന്തും ചെയ്യുമെന്നും മിഷേല്‍ ജോഗര്‍ അഭിപ്രായപ്പെട്ടു. ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാനുള്ള നിലപാട് പോലെ യു.എസ് പുതിയ ആക്രമണ പദ്ധതി നടപ്പാക്കുകയാണെങ്കില്‍ സ്വര്‍ണം ഒരിക്കലും തിരിച്ചുകിട്ടില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
സ്വര്‍ണം രാജ്യത്ത് തിരിച്ചെത്തിക്കണമെന്ന് ജര്‍മന്‍ പാര്‍ലമെന്റിലെ പ്രതിപക്ഷമായ ഗ്രീന്‍ പാര്‍ട്ടിയുടെ ധനകാര്യ വക്താവ് കാതറീന ബെക്കും ആവശ്യപ്പെട്ടു. അനിശ്ചിതാവസ്ഥയുടെ കാലത്ത് ആത്മവിശ്വാസവും സാമ്പത്തിക സ്ഥിരതയും ഉറപ്പുനല്‍കുന്ന സ്വര്‍ണത്തെ അന്താരാഷ്ട്ര ഏറ്റുമുട്ടലുകളുടെ കരുക്കളാക്കരുതെന്നും അവര്‍ പറഞ്ഞു.
അതേസമയം, യു.എസില്‍നിന്ന് കരുതല്‍ സ്വര്‍ണം ജര്‍മനിയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനെ ഭരണകക്ഷിയായ ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് യൂനിയന്‍ പാര്‍ട്ടി എതിര്‍ത്തു. ഇക്കാര്യം ആലോചിച്ചിട്ടില്ലെന്ന് ഫ്രെഡറിക് മെര്‍സ് സഖ്യ സര്‍ക്കാരിന്റെ വക്താവ് സ്റ്റെഫാന്‍ കൊര്‍ണേലിയസ് വ്യക്തമാക്കി. രാഷ്ട്രീയ നേതാക്കളുടെ ആശങ്ക ലഘൂകരിക്കാന്‍ ബുന്‍ഡെസ്ബാങ്കിന്റെ പ്രസിഡന്റ് ജോച്ചിം നഗേലും ശ്രമിച്ചു.
ഫെഡറല്‍ റിസര്‍വില്‍ സൂക്ഷിച്ചിരിക്കുന്ന കരുതല്‍ സ്വര്‍ണ ശേഖരത്തെ കുറിച്ച് ആശങ്കയില്ലെന്നാണ് ഒക്ടോബറില്‍ വാഷിങ്ടണ്‍ ഡി.സിയില്‍ നടന്ന അന്താരാഷ്ട്ര നാണയ നിധിയുടെ യോഗത്തില്‍ അദ്ദേഹം വ്യക്തമാക്കിയത്. യു.എസിന്റെ കസ്റ്റഡിയിലുള്ള കരുതല്‍ സ്വര്‍ണം പരിശോധിക്കാന്‍ അനുവദിക്കണമെന്ന ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് യൂനിയന്‍ സര്‍ക്കാറിലെ മന്ത്രി മാര്‍കോ വന്‍ഡര്‍വിറ്റ്‌സിന്റെ ആവശ്യം നേരത്തെ നിരസിക്കപ്പെട്ടിരുന്നു.


