ലണ്ടന്‍: ഇസ്രയേലും അമേരിക്കയും സംയുകതമായി നടത്തിയ ഇറാന്‍ ആക്രമണം ബ്രിട്ടീഷ് രാഷ്ട്രീയത്തെയും ചൂടുപിടിപ്പിക്കുകയാണ്. കാട്ടുനീതിയാണ് ഡൊണാള്‍ഡ് ട്രംപ് നടപ്പാക്കുന്നത് എന്നാരോപിച്ച ഗ്രീന്‍ പാര്‍ട്ടി നേതാവ് സാക്ക് പൊളാന്‍സ്‌കി, യാതോരു പ്രകോപനവുമില്ലാതെ ഇറാനെ ആക്രമിച്ചത് ഒരിക്കലും നീതീകരിക്കാനാകില്ല എന്നും പറഞ്ഞു. ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അല്‍ ഖമനേയിയെ കൊന്ന അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണത്തെ കടുത്ത ഭാഷയിലായിരുന്നു ഇടതുപക്ഷ കക്ഷിയായ ഗ്രീന്‍സ് വിമര്‍ശിച്ചത്. അന്താരാഷ്ട്ര നിയമങ്ങള്‍ നമ്മുടെ കണ്മുന്നില്‍ ഇല്ലാതെയാവുകയാണെന്ന് പറഞ്ഞ പോളന്‍സ്‌കി, ചരിത്രത്തിലൊരിടത്തും ഒരു രാജ്യത്ത് വിദേശാക്രമണത്താല്‍ ജനാധിപത്യം സ്ഥാപിച്ച സംഭവം ഇല്ലെന്നും ചൂണ്ടിക്കാട്ടി.

ആക്രമണത്തിനുള്ള പ്രതികരണമെന്ന നിലയില്‍ ഇറാന്‍ മദ്ധ്യപൂര്‍വ്വ മേഖലയില്‍ മിസൈല്‍ വര്‍ഷം നടത്തിയിരുന്നു. സിവിലിയന്‍ വിമാനത്താവളങ്ങളും ഹോട്ടലുകളുമൊക്കെ ആക്രമണത്തിന് വിധേയമായി. ഇറാന്റെ ഈ നടപടിയെ അപലപിച്ച പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍ എന്തുകൊണ്ട് ഇസ്രയേലിന്റെയും അമേരിക്കയുടെയും ആക്രമണങ്ങള്‍ അപലപിച്ചില്ല എന്നും പോളന്‍സ്‌കി ചോദിച്ചു. അമേരിക്കയേയും ഇസ്രയേലിനെയും തെമ്മാടി രാഷ്ട്രങ്ങള്‍ എന്ന് വിശേഷിപ്പിച്ച പോളന്‍സ്‌കി, പ്രധാനമന്ത്രി ടി വി ചാനലുകളിലൂടെ ഈ അന്യായമായ ആക്രമണത്തെ പരസ്യമായി അപലപിക്കണമെന്നും ആവശ്യപ്പെട്ടു. മാത്രവുമല്ല, പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന അമേരിക്കയുമായുള്ള സൈനിക ബന്ധങ്ങള്‍ ബ്രിട്ടന്‍ ഉപേക്ഷിക്കണമെന്നും പോളന്‍സ്‌കി ആവശ്യപ്പെട്ടു.

അതേസമയം, പോളന്‍സ്‌കിയുടെ ജല്പനങ്ങള്‍ തികഞ്ഞ വിഢിത്തവും ബ്രിട്ടന്റെ ദേശീയ സുരക്ഷയെ തന്നെ അപകടത്തിലാക്കുന്നതുമാണെന്നായിരുന്നു മുതിര്‍ന്ന ടോറി നേതാവും ഷാഡോ വിദേശകാര്യ സെക്രട്ടറിയുമായ പ്രീതി പട്ടേലിന്റെ പ്രതികരണം. അതേസമയം, മുന്‍ ലേബര്‍ നേതാവ് ജെറെമി കോര്‍ബിനും ഡൊണാള്‍ഡ് ട്രംപിന്റെ നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തി. ഇസ്രയേലും അമേരിക്കയും സംയുക്തമായി നടത്തിയ ആക്രമണം, നാശകാരിയും, ക്രൂരവുമായ ഒന്നായിരുന്നു എന്നും നിരവധി നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെടുത്തി എന്നും അദ്ദേഹം ആരോപിച്ചു. ആക്രമണത്തില്‍ ആയത്തൊള്ള ഖമനേയി മരണപ്പെട്ട വാര്‍ട്ട തീര്‍ത്തും ഞെട്ടലുണ്ടാക്കുന്ന ഒന്നായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചര്‍ച്ചകളില്‍ നിന്നും പിന്മാറി ആക്രമണത്തിന്റെ പാത തിരഞ്ഞെടുത്ത ട്രംപിന്റെ നടപടി ഒരിക്കലും നീതീകരിക്കാനാകില്ല എന്ന് പറഞ്ഞ കോര്‍ബിന്‍, അക്രമം കൊണ്ട് ഒരു ഭരണമാറ്റം സാധ്യമാകില്ലെന്ന് തന്നെയാണ് മുന്‍കാല ചരിത്രങ്ങളും സാക്ഷ്യപ്പെടുത്തുന്നതെന്നും ചൂണ്ടിക്കാട്ടി. എത്രയും പെട്ടെന്ന് യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ അത് നിയന്ത്രണാധീതമായ രീതിയില്‍ വ്യാപിച്ചേക്കുമെന്ന മുന്നറിയിപ്പ് നല്‍കാനും കോര്‍ബിന്‍ മറന്നില്ല. കഴിഞ്ഞ ദിവസം, യുദ്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഖമനേയിയുടെ ചിത്രങ്ങളുമായി പ്രകടനം നടത്തിയവര്‍ക്കിടയില്‍ കോര്‍ബിന്റെ സാന്നിദ്ധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ജനപ്രീതി ഇടിഞ്ഞ് കീര്‍ സ്റ്റാര്‍മര്‍

അതിനിടെ, ഗോര്‍ട്ടോണ്‍ ആന്‍ഡ് ഡെന്റന്‍ നിയോജകമണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയതിനു പിന്നാലെ പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മറുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞതായി സര്‍വ്വേഫലങ്ങള്‍ പറയുന്നു. ഏറ്റവും ഒടുവിലായി നടന്ന ഒപ്പിനിയം സര്‍വ്വേയില്‍ പ്രധാനമന്ത്രിക്ക് ലഭിച്ചത് മൈനസ് 49 പോയിന്റുകളാണ്. അധികാരമേറ്റതിന് ശേഷം നടത്തിയ സര്‍വ്വേകളില്‍ ലഭിക്കുന്ന ഏറ്റവും കുറഞ്ഞ പോയിന്റാണിത്. മാത്രമല്ല, മുന്‍ പ്രധാനമന്ത്രിമാരായ ഋഷി സുനക്, ബോറില്‍ ജോണ്‍സണ്‍, തെരേസ മേ എന്നിവര്‍ക്ക് ലഭിച്ച പോയിന്റുകളേക്കാള്‍ കുറവുമാണ്.

ഒരു പ്രധാന രാഷ്ട്രീയ നേതാവിനും ജനപ്രീതിയുടെ കാര്യത്തില്‍ പോസിറ്റീവ് പോയിന്റ് ലഭിച്ചില്ല എന്നത് ശ്രദ്ധേയമാണ്. മൈനസ് 5 പോയിന്റ് ലഭിച്ച, ലിബറല്‍ ഡെമോക്രാറ്റ് നേതാവായ ഏഡ് ഡേവിയാണ് ജനപ്രീതിയുടെ കാര്യത്തില്‍ മുമ്പില്‍. മൈനസ് 7 പോയിന്റോടെ ഗ്രീന്‍സ് നേതാവ് സാക്ക് പോളന്‍സ്‌കി രണ്ടാം സ്ഥാനത്തും മൈനസ് 8 പോയിന്റോടെ കണ്‍സര്‍വേറ്റീവ് നേതാവ് കമ്മി ബെയ്ഡ്‌നോക്ക് മൂന്നാം സ്ഥാനത്തുമുണ്ട്. നാലാം സ്ഥാനത്തുള്ള റിഫോം യു കെയുടെ നെയ്ജല്‍ ഫരാജിന് ലഭിച്ചത് മൈനസ് 13 ആണ്. ഇവരുമായൊക്കെ താരതമ്യം ചെയ്യുമ്പോഴാണ് പ്രധാനമന്ത്രിയുടെ ജനപ്രീതി എത്രമാത്രം ഇടിഞ്ഞെന്ന് ബോദ്ധ്യമാവുക.