ഗാസ: ഗസ്സയില്‍ 60 ദിവസത്തെ വെടിനിര്‍ത്തല്‍ കരാറിന് ഹമാസ് സമ്മതിച്ചു. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. ഗസ്സ വളഞ്ഞ് ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയിരിക്കെയാണ് വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ഹമാസ് അംഗീകരിച്ചത്. ബന്ദികളെ മോചിപ്പിക്കാനും ധാരണയായിട്ടുണ്ട്.

പൂര്‍ണ വെടിനിര്‍ത്തലിനും, താല്‍ക്കാലിക യുദ്ധവിരാമത്തിനും ഇടയിലുളള അനുരഞ്ജനത്തിനാണ് ധാരണായതെന്ന് സൗദി ചാനലായ അല്‍ അറബ്യ റിപ്പോര്‍ട്ട് ചെയ്തു. അവശേഷിക്കുന്ന ബന്ദികളെ വിട്ടയയ്ക്കുക, ഗസ്സയില്‍ നിന്ന്് ഘട്ടംഘട്ടമായി ഇസ്രയേല്‍ സൈന്യത്തെ പിന്‍വലിക്കുക എന്നിവ ധാരണയില്‍ ഉള്‍പ്പെടുമെന്നും ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ നിര്‍ദേശത്തില്‍ ഒരു ഭേദഗതിയും ആവശ്യപ്പെടാതെയാണ് ഹമാസ് കരാറിന് സമ്മതിച്ചതെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഹമാസ് വൃത്തങ്ങള്‍ എഎഫ്പിയോട് പറഞ്ഞു. ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകളെ തുടര്‍ന്നാണ് ഈ സുപ്രധാന നീക്കം.

കഴിഞ്ഞ 22 മാസത്തിലേറെയായി മേഖലയില്‍ തുടരുന്ന യുദ്ധത്തിന് ഇത് വിരാമമിട്ടേക്കുമെന്നാണ് സൂചന. കരാറിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍ 60 ദിവസത്തെ പ്രാരംഭ വെടിനിര്‍ത്തല്‍ വ്യവസ്ഥയുണ്ട്. ഇതിനു ശേഷം രണ്ട് ഘട്ടങ്ങളായി ബന്ദികളെ മോചിപ്പിക്കാനും മധ്യസ്ഥര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഗാസയിലെ വെടിനിര്‍ത്തല്‍ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് തന്നെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈജിപ്ത്-ഖത്തര്‍ മുന്നോട്ടുവെച്ച 60 ദിവസത്തെ വെടിനിര്‍ത്തലിനും തുടര്‍ന്ന് ഹമാസ് തടവിലാക്കിയ 10 ഇസ്രയേലി ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള നിര്‍ദേശത്തിന് ഹമാസ് തത്വത്തില്‍ സമ്മതിച്ചതായി ദി നാഷനലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തടവിലായിരിക്കെ മരിച്ച 18 ബന്ദികളുടെ ഭൗതികാവശിഷ്ടങ്ങള്‍ കൈമാറാനും ഹമാസ് സമ്മതിച്ചതായാണ് വിവരം. കീഴടങ്ങുന്നതിനുപകരം ആയുധങ്ങള്‍ ഉപേക്ഷിക്കാനും, രാജ്യാന്തര മേല്‍നോട്ടത്തില്‍ ആയുധങ്ങള്‍ സൂക്ഷിക്കാനും, ഐക്യരാഷ്ട്രസഭയുടെ മേല്‍നോട്ടത്തില്‍ ഗാസയില്‍ ഒരു അറബ് സേനയെ വിന്യസിക്കാനും ഹമാസ് സമ്മതം അറിയിച്ചിട്ടുണ്ട്.

എന്നാല്‍, ഇസ്രയേല്‍ ഈ പുതിയ നിര്‍ദേശത്തോട് യോജിക്കുമോ എന്നത് ഇതുവരെ വ്യക്തമായിട്ടില്ല. ഹമാസ് ആയുധങ്ങള്‍ ഉപേക്ഷിച്ച് കീഴടങ്ങണമെന്നാണ് ഇസ്രയേല്‍ നിലപാട്. കഴിഞ്ഞ ആഴ്ച ഹമാസ് പ്രതിനിധി സംഘം കയ്‌റോയില്‍ ചര്‍ച്ചകള്‍ക്കായി എത്തിയിരുന്നു. ഗാസയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നതിനെക്കുറിച്ചും ദീര്‍ഘകാല വെടിനിര്‍ത്തലിനെക്കുറിച്ചുമുള്ള ഹമാസും ഇസ്രയേലും തമ്മിലുള്ള പരോക്ഷ ചര്‍ച്ചകള്‍ക്ക് തുടക്കമിടാനും പുതിയ വെടിനിര്‍ത്തല്‍ കരാറില്‍ വ്യവസ്ഥയുണ്ട്. അതുവരെ മേഖലയില്‍ നിലവിലെ സാഹചര്യം തുടരുമെന്ന് യുഎസ് രേഖാമൂലമുള്ള ഉറപ്പ് നല്‍കാനും കരാറില്‍ വ്യവസ്ഥകളുണ്ടെന്നാണ് സൂചന. ഈജിപ്ത്, ഖത്തര്‍, യുഎസ് എന്നിവയുടെ മധ്യസ്ഥതയിലുള്ള ഈ നീക്കം മേഖലയില്‍ സമാധാനം പുനസ്ഥാപിക്കുമെന്ന പ്രതീക്ഷ നല്‍കുന്നു.

ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള ഇസ്രായേലിന്റെ പദ്ധതി വിദേശത്തും സ്വദേശത്തും ആശങ്കയുയര്‍ത്തിയിട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കാനും ഒക്ടോബര്‍ 7 മുതല്‍ ഹമാസ് തടവിലാക്കിയ 50 ഓളം ബന്ദികളെ മോചിപ്പിക്കാനും ആവശ്യപ്പെട്ട് ടെല്‍അവീവില്‍ ആയിരക്കണക്കിന് ഇസ്രായേലുകാര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു.

ഗാസ സിറ്റി ഹമാസിന്റെ അവസാനത്തെ വലിയ കോട്ടയാണെന്ന് ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിശേഷിപ്പിച്ചു. എന്നാല്‍, ഗാസയുടെ 75 ശതമാനവും ഇതിനോടകം ഇസ്രായേലിന്റെ നിയന്ത്രണത്തിലായതിനാല്‍, ഈ ആക്രമണം വ്യാപിപ്പിക്കുന്നത് ശേഷിക്കുന്ന ബന്ദികളുടെ ജീവന്‍ അപകടത്തിലാക്കുമെന്നും സൈന്യം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.