ഗസ്സ സിറ്റി: ഗാസയിലെ വെടിനിര്‍ത്തല്‍ ഉടമ്പടിയിലെ പ്രധാനകാര്യം ഗാസയെ ഹമാസ് ഭരണത്തില്‍ നിന്നും മോചിപ്പിക്കുക എന്നതായിരുന്നൂ. ഹമാസ് ആയുധം വെച്ചു കീഴടങ്ങണമെന്നായിരുന്നു വ്യവസ്ഥ. ഇക്കാര്യത്തില്‍ ഇതുവരെ മൗനം തുടര്‍ന്ന ഹമാസ് ഇപ്പോള്‍ വ്യക്തമാക്കുന്നത് ഗാസയില്‍ താമസിക്കുന്നവര്‍ക്ക് ഭരണം കൈമാറാന്‍ തയ്യാറാണെന്നാണ്. അതിനായി ഫലസ്തീനി ഭരണ സമതി വേണമെന്ന ആവശ്യമാണ് ഹമാസ് നേതാവ് ഖലീല്‍ അല്‍-ഹയ്യ വ്യക്തമാക്കിയത്.

ദേശീയ ഐക്യം പുനഃസ്ഥാപിക്കുന്നതിന് മുന്നോടിയായി തെരഞ്ഞെടുപ്പിലേക്ക് നീങ്ങാന്‍ ആഗ്രഹിക്കുന്നതായി ഹമാസ് നേതാവ് ഖലീല്‍ അല്‍-ഹയ്യ പറഞ്ഞു. അല്‍ ജസീറക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹമാസ് നേതാവ് ഗാസയില്‍ താമസിക്കുന്ന വ്യക്തികള്‍ ഗസ്സയുടെ ഭരണം കൈകാര്യം ചെയ്യുന്നതില്‍ എതിര്‍പ്പില്ലെന്നും ഹയ്യ വ്യക്തമാക്കിയത്.

തെരഞ്ഞെടുക്കപ്പെട്ട ഫലസ്തീനി ഭരണസമിതിക്ക് അധികാരം കൈമാറാന്‍ ഹമാസ് തയാറാണ്. അതിര്‍ത്തി നിരീക്ഷിക്കാനും വെടിനിര്‍ത്തല്‍ ഉറപ്പുവരുത്താനും യു.എന്‍ സേന ഗസ്സയിലുണ്ടാകുന്നതിന് എതിരല്ല. യുദ്ധം പുനരാരംഭിക്കുന്നതിനായി ഇസ്രായേലിന് ഒരു കാരണം നല്‍കില്ല. ഇസ്രായേലി ബന്ദികളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ ഗസ്സയിലെ കൂടുതല്‍ പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തും. വെടിനിര്‍ത്തലിന് ശേഷം 72 മണിക്കൂറിനുള്ളില്‍ 20 ഇസ്രായേലി തടവുകാരെ കൈമാറിയിട്ടുണ്ട്.

ഇസ്രായേലി ജയിലുകളിലെ ഫലസ്തീന്‍ തടവുകാരുടെ ദുരിതം അവസാനിപ്പിക്കാന്‍ ഞങ്ങള്‍ ശ്രമം തുടരുകയാണ്. ഫലസ്തീന്‍ തടവുകാരില്‍ പലരുടെയും പേരുകളും മറ്റു വിവരങ്ങളും വെളിപ്പെടുത്തുന്നതില്‍ ഇസ്രായേല്‍ പരസ്പര വിരുദ്ധമായ നിലപാട് സ്വീകരിക്കുകയാണ്. ഞങ്ങള്‍ സ്ഥിരതയുടെ വക്താക്കളാണെന്ന് നേരത്തെ നടന്ന ചര്‍ച്ചയില്‍ അമേരിക്കയുടെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫിനോടും ട്രംപിന്റെ മരുമകനും വൈറ്റ് ഹൗസ് ഉപദേശകനുമായ ജരെഡ് കുഷ്നറോടും ഞാന്‍ പറഞ്ഞതാണ് -അദ്ദേഹം പറഞ്ഞു.

ഗസ്സ മുനമ്പിലേക്ക് എത്തുന്ന മാനുഷിക സഹായത്തിന്റെ അളവില്‍ തൃപ്തരല്ലെന്നും അദ്ദേഹം അറിയിച്ചു. ഗസ്സക്ക് ഒരു ദിവസം 600 ട്രക്കുകളല്ല, 6,000 സഹായ ട്രക്കുകളാണ് വേണ്ടത്. ആവശ്യത്തിന് മാനുഷിക സഹായം എന്‍ക്ലേവിലേക്ക് എത്തിക്കുന്നതിന് മധ്യസ്ഥര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, ഹമാസ് ബന്ദിയാക്കിയിരിക്കെ ഇസ്രായേലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഈജിപ്തില്‍നിന്ന് വലിയ ബുള്‍ഡോസറുകള്‍ ഉള്‍പ്പെടെ അത്യാധുനിക ഉപകരണങ്ങള്‍ ഇതിനായി എത്തിച്ചിട്ടുണ്ട്. തകര്‍ക്കപ്പെട്ട കെട്ടിടങ്ങള്‍ക്കടിയിലാണ് മൃതദേഹങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയെന്നാണ് ഹമാസ് പറയുന്നത്. മൃതദേഹങ്ങള്‍ കണ്ടെടുത്ത് കൈമാറാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് അവര്‍ വ്യക്തമാക്കി.

രോഗികളും പരിക്കേറ്റവരുമായ ആയിരക്കണക്കിന് കേസുകളുണ്ടെന്നും 15,000 ത്തോളം രോഗികള്‍ക്ക് അടിയന്തര വൈദ്യസഹായം ആവശ്യമാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. അതേസമയം ഗാസയിലെമുന്‍ ഹമാസ് നേതാവ് യഹിയ സിന്‍വാറിന്റെ മൃതദേഹം കത്തിച്ച് സംസ്‌കരിക്കാന്‍ സുരക്ഷാ കാബിനറ്റിനോട് നിര്‍ദ്ദേശിച്ചതായി ഇസ്രയേലി ഗതാഗത മന്ത്രി മിരി റെഗേവ്. ഇസ്രയേലി വെബ്സൈറ്റായ കോള്‍ ബരാമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റെഗേവ് ഇത് പറഞ്ഞത്.

'അമേരിക്കക്കാര്‍ അല്‍ ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദനെ കത്തിച്ചതുപോലെ, യഹിയ സിന്‍വാറിന്റെ മൃതദേഹം കത്തിക്കാന്‍ കാബിനറ്റില്‍ നിര്‍ദേശം വച്ചിട്ടുണ്ട്. മിഡില്‍ ഈസ്റ്റിലും ഈ മേഖലയിലും എന്താണ് സംഭവിക്കുന്നതെന്നു നമുക്കറിയാം. സിന്‍വാറിന്റെ മൃതദേഹം അടക്കം ചെയ്യാനായി തിരികെ നല്‍കില്ല.' മന്ത്രി കൂട്ടിച്ചേര്‍ത്തു.

2024 ഒക്ടോബര്‍ 16-നാണ് ഇസ്രയേലി സേന ഡ്രോണ്‍ ആക്രമണത്തില്‍ യഹിയ സിന്‍വാറിനെ വധിക്കുന്നത്. കഴിഞ്ഞാഴ്ച, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷം, സിന്‍വാറിന്റെ മൃതദേഹത്തിനരികെ ഇസ്രയേലി സൈനിക കമാന്‍ഡര്‍മാര്‍ നില്‍ക്കുന്ന പുതിയ ചിത്രങ്ങള്‍ ഇസ്രയേല്‍ പുറത്തുവിട്ടിരുന്നു.

ഹമാസിന്റെ ഏറ്റവും ശക്തരായ നേതാക്കളില്‍ ഒരാളായിരുന്നു സിന്‍വാര്‍. 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണങ്ങളുടെ മുഖ്യസൂത്രധാരന്‍ സിന്‍വാര്‍ ആയിരുന്നു. ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയ്യ 2024-ല്‍ ഇറാനിലെ ടെഹ്റാനില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ പിന്‍ഗാമിയായാണ് സിന്‍വാറിനെ നേതൃസ്ഥാനത്ത് അവരോധിച്ചത്.

ഗാസ കേന്ദ്രീകരിച്ചായിരുന്നു സിന്‍വാര്‍ പ്രവര്‍ത്തിച്ചിരുന്നത്. 'തിന്മയുടെ മുഖ'മെന്ന് ഇസ്രയേല്‍ വിശേഷിപ്പിക്കുന്ന സിന്‍വാര്‍ 22 വര്‍ഷം ഇസ്രയേല്‍ തടവറയില്‍ കഴിഞ്ഞിട്ടുണ്ട്. ഹമാസ് പിടികൂടിയ ഇസ്രയേല്‍ സൈനികന്‍ ഗിലാദ് ഷാലിത്തിനെ വിട്ടയക്കാന്‍ പലസ്തീനി തടവുകാരെ മോചിപ്പിക്കണമെന്ന ധാരണയുടെ ഭാഗമായി 2011-ലാണ് യഹിയ ജയില്‍മോചിതനായത്. 2015-ല്‍ യഹിയയെ അമേരിക്ക ആഗോള ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി.

റഫയില്‍ വച്ചാണ് ഇസ്രയേല്‍ സൈന്യം സിന്‍വാറിനെ വധിച്ചത്. പിന്നാലെ യഹിയയുടെ അവസാനസമയത്തേതെന്ന് അവകാശപ്പെടുന്ന ഡ്രോണ്‍ ദൃശ്യങ്ങള്‍ ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) പുറത്തുവിട്ടിരുന്നു. കെട്ടിടത്തിന്റെ തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരാള്‍ ഇരിക്കുന്നതും അയാള്‍ അകത്തേക്ക് ചെല്ലുന്ന ഡ്രോണിന് നേര്‍ക്ക് ഒരു വസ്തു എറിയുന്നതുമായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. പിന്നീട് മൃതദേഹത്തിന്റെ ചിത്രങ്ങളും പുറത്തുവിട്ടു.