വാഷിങ്ടണ്‍: യുക്രൈന്‍-റഷ്യ യുദ്ധം തീര്‍ക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശ്രമം ശക്തമാക്കുന്നത് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിക്കാന്‍ വേണ്ടിയാണെന്നത് ലോകര്‍ക്ക് അറിയുന്ന സത്യമാണ്. ഈ ലക്ഷ്യത്തോടെയാണ് അദ്ദേഹം കുറേ കാലങ്ങളായി പരിശ്രമിക്കുന്നത്. ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ താന്‍ ഇടപെട്ടു എന്ന് അദ്ദേഹം അവകാശപ്പെടുന്നതും നോബല്‍ ലക്ഷ്യത്തോടെയാണ്. അലാസ്‌ക്കയിലെ പുടിനുമായുള്ള കൂടിക്കാഴ്ച്ചയും ട്രംപിന് നോബല്‍ സാധ്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഇപ്പോഴിതാ ഡോണാള്‍ഡ് ട്രംപിനെ സമാധാന നൊബേലിന് നാമനിര്‍ദേശം ചെയ്യാന്‍ താന്‍ തയാറാണെന്ന് യുഎസ് മുന്‍ വൈസ് പ്രസിഡന്റ് ഹിലരി ക്ലിന്റണ്‍ പറഞ്ഞിരിക്കയാണ്.

റഷ്യക്ക് ഒരു ഭൂപ്രദേശവും വിട്ടുകൊടുക്കാതെ യുക്രെയ്ന്‍ യുദ്ധം തീര്‍ക്കുകയാണെങ്കില്‍ താന്‍ സമാധാന നൊബേലിനായി ട്രംപിനെ നാമനിര്‍ദേശം നിര്‍ദേശം ചെയ്യുമെന്ന് ഹിലരി പറഞ്ഞു. സത്യം പറഞ്ഞാല്‍, ഈ ഭയാനകമായ യുദ്ധം അവസാനിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞെങ്കില്‍ എന്ന് ആഗ്രഹിക്കുകയാണ്. യുക്രെയ്നിന് ഒരു പ്രദേശവും റഷ്യക്ക് വിട്ടുനല്‍കാതെ യുദ്ധം തീര്‍ക്കാന്‍ ട്രംപിന് കഴിയുകയാണെങ്കില്‍ അദ്ദേഹത്തെ സമാധാന നൊബേലിന് ശിപാര്‍ശ ചെയ്യുമെന്ന് ഹിലരി ക്ലിന്റണ്‍ പറഞ്ഞു.

യുദ്ധത്തിന്റെ അവസാനം പുടിന് മേല്‍ക്കെ ഉണ്ടാവരുതെന്നും ഹിലരി ക്ലിന്റണ്‍ കൂട്ടിച്ചേര്‍ത്തു. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്താന്‍ ട്രംപ് അലാസ്‌കയിലേക്ക് യാത്രതിരിക്കുന്നതിന് മുമ്പാണ് ഹിലരി ക്ലിന്റണിന്റെ പ്രസ്താവന. 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപ് ഹിലരിയെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചിരുന്നു.

യുക്രെയ്ന്‍-റഷ്യ യുദ്ധം തീര്‍ക്കാന്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ രാഷ്ട്രതലവന്‍ വ്‌ലാഡമിര്‍ പുടിനും നടത്തിയ ചര്‍ച്ചകളില്‍ വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച് ധാരണയിലെത്തിയിരുന്നില്ല. ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്ന് ഇരു രാഷ്ട്രനേതാക്കളും അറിയിക്കുകയും ചെയ്തു. ചര്‍ച്ചകളില്‍ നല്ല പുരോഗതിയുണ്ടെന്നും കൂടുതല്‍ മുന്നോട്ട് പോകാനുള്ള സാധ്യതയുണ്ടെന്നും യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.

നാറ്റോ അംഗങ്ങളുമായും യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായും ചര്‍ച്ച നടത്തിയതിന് ശേഷം മാത്രമേ അന്തിമ കരാറില്‍ എത്താനാവു. ഇവര്‍ കൂടി കരാറിന് സമ്മതിക്കണമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. പ്രാഥമികമായ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടാല്‍ മാത്രമേ യുക്രെയ്ന്‍ യുദ്ധത്തിന് അവസാനമാകുവെന്ന് ചര്‍ച്ചകള്‍ക്ക് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പുടിന്‍ പറഞ്ഞു. ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുത്ത ട്രംപിന് പുടിന്‍ നന്ദിയും പറഞ്ഞു. റഷ്യയുടെ വികസനമാണ് ട്രംപ് ലക്ഷ്യംവെക്കുന്നതെന്ന് പുടിന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, റഷ്യക്ക് അവരുടേതായ താല്‍പര്യങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

2022-ല്‍ ഡോണാള്‍ഡ് ട്രംപ് അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനത്ത് ഉണ്ടായിരുന്നെങ്കില്‍ യുക്രൈനുമായുള്ള യുദ്ധം ആരംഭിക്കുമായിരുന്നില്ലെന്ന് പുടിന്‍ പറഞ്ഞത് പോസിറ്റീവ് സമീപനത്തിന് തെളിവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. യുക്രൈന്റെ നാറ്റോപ്രവേശനശ്രമങ്ങളില്‍ പ്രകോപിതരായി 2022 ഫെബ്രുവരി 24-നാണ് റഷ്യ യുക്രൈനില്‍ അധിനിവേശമാരംഭിച്ചത്. ഈ സമയത്ത് ജോ ബൈഡന്‍ ആയിരുന്നു അമേരിക്കന്‍ പ്രസിഡന്റ്. താനായിരുന്നെങ്കില്‍ റഷ്യ- യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുമായിരുന്നുവെന്ന് ട്രംപ് നിരന്തരം അവകാശപ്പെട്ടിരുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിലും അദ്ദേഹം റഷ്യ - യുക്രൈന്‍ യുദ്ധം ഇല്ലാതാക്കുമെന്ന് അവകാശപ്പെട്ടിരുന്നു. അധികാരത്തിലെത്തിയാല്‍ 24 മണിക്കൂറിനുള്ളില്‍ യുദ്ധം ഇല്ലാതാക്കുമെന്നായിരുന്നു അദ്ദേഹം പ്രചാരണത്തിലുടനീളം ആവര്‍ത്തിച്ചത്. ട്രംപിന്‍മേലുള്ള വിശ്വാസം ഉറപ്പിക്കുന്ന തരത്തിലായിരുന്നു റഷ്യന്‍ പ്രസിഡന്റ് പുതിന്റെ സംസാരം. ഒരു ഘട്ടത്തില്‍ ബൈഡനോട് സൈനിക നടപടികളുടെ ഗുരുതര പ്രത്യാഘാതങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നുവെന്നും സാഹചര്യം വഷളാകുന്നത് ഒഴിവാക്കാന്‍ ബൈഡനെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചുവെന്നും പുതിന്‍ പറഞ്ഞു.

2022-ല്‍ മുന്‍ ഭരണകൂടവുമായുള്ള അവസാന കൂടിക്കാഴ്ചയില്‍ അമേരിക്കന്‍ സഹപ്രവര്‍ത്തകനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. തിരിച്ചുവരവില്ലാത്ത അവസ്ഥയിലേക്ക് സാഹചര്യം എത്തിക്കരുതെന്നും അത് വലിയ തെറ്റിലെത്തിക്കുമെന്നും അന്ന് താന്‍ നേരിട്ട് പറഞ്ഞിരുന്നുവെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന്, അന്ന് ട്രംപ് പ്രസിഡന്റ് ആയിരുന്നെങ്കില്‍ യുദ്ധം ഉണ്ടാകുമായിരുന്നില്ലെന്ന ട്രംപിന്റെ വാദം ശരിവെക്കുകയും ചെയ്തു.