ലണ്ടന്‍: ഇന്ത്യയും, യുകെയും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ചു. 2030 ഓടെ, ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കാന്‍ ലക്ഷ്യമിടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുടെയും സാന്നിധ്യത്തില്‍, വാണിജ്യ മന്ത്രി പീയൂഷ് ഗോയലും, ബ്രിട്ടീഷ് വാണിജ്യ മന്ത്രി ജോനാഥന്‍ റെയ്‌നോള്‍ഡ്‌സുമാണ് കരാറില്‍ ഒപ്പുവച്ചത്.

2030 ഓടെ ഉഭയകക്ഷി വ്യാപാരം 12,000 കോടി ഡോളറാക്കി (10.36 ലക്ഷം കോടി രൂപ) വര്‍ദ്ധിപ്പിക്കാനാണ് ഉന്നമിടുന്നത്. സാമ്പത്തിക വളര്‍ച്ചയ്ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും പുതിയ വഴികള്‍ സൃഷ്ടിക്കുന്ന കരാര്‍ ഇന്ത്യയിലെ യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. മുഖ്യമായും കര്‍ഷകര്‍ കരാറിന്റെ ഗുണഭോക്താക്കള്‍ ആകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അവകാശവാദം. ഇന്ത്യയുടെ കാര്‍ഷിക ഉത്പന്നങ്ങള്‍ക്കും സംസ്‌കരിച്ച ഭക്ഷ്യ ഉത്പന്നങ്ങള്‍ക്കും ഇനി ബ്രിട്ടീഷ് വിപണിയില്‍ തീരുവയില്ലാതെ കച്ചവടം നടത്താം.

ഇന്ത്യന്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ക്കായി ബ്രിട്ടീഷ് വിപണികള്‍ തുറക്കാന്‍ കരാര്‍ നിര്‍ദ്ദേശിക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലെ കാര്‍ഷിക കയറ്റുമതിക്കാരേക്കാള്‍ മികച്ച ആനുകൂല്യങ്ങള്‍ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് ലഭിക്കും. മഞ്ഞള്‍, കുരുമുളക്, ഏലക്ക, സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കളായ മാങ്ങ പള്‍പ്പ്, അച്ചാര്‍, ധാന്യങ്ങള്‍ എന്നിവയ്ക്കാണ് തീരുവ ഒഴിവാക്കിയത്. ഇത് ഇന്ത്യന്‍ കര്‍ഷകരുടെ വിപണി സാധ്യതയും ലാഭവും വര്‍ദ്ധിപ്പിക്കും.

കരാര്‍ പ്രകാരം യുകെയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്കും ഇന്ത്യന്‍ വിപണിയില്‍ തീരുവ രഹിത വില്‍പ്പന നടത്താം. ബ്രിട്ടീഷ് ഇറക്കുമതി ഇന്ത്യന്‍ കാര്‍ഷിക ഉത്പന്ന വിലയില്‍ ആഘാതമേല്‍പ്പിക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ പറഞ്ഞു. പാലുല്‍പന്നങ്ങള്‍, ആപ്പിള്‍, ഓട്‌സ്, ഭക്ഷ്യ എണ്ണ തുടങ്ങിയവയുടെ ഇറക്കുമതിക്ക് കേന്ദ്രം തീരുവ ഇളവ് നല്‍കാത്തതിനാല്‍ ആഭ്യന്തര കര്‍ഷകരെ ബാധിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

തീരദേശ സംസ്ഥാനങ്ങളായ ആന്ധ്രപ്രദേശ്, ഒഡീഷ, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലെ മത്സ്യമേഖലയ്ക്കും ഗുണം ചെയ്യുന്നതാണ് കരാര്‍. നേരത്തെ കൊഞ്ച്, ചൂര തുടങ്ങിയ മത്സ്യങ്ങള്‍ക്കും മീന്‍ പൊടി, മീന്‍ തീറ്റ തുടങ്ങിയ മത്സ്യ ഉല്‍പന്നങ്ങള്‍ക്ക് ബ്രിട്ടിഷ് മാര്‍ക്കറ്റില്‍ 4.2 മുതല്‍ 8.5 ശതമാനം വരെ തീരുവ ഉണ്ടായിരുന്നെങ്കില്‍ ഇനിമുതല്‍ തീരുവയില്ലാതെ ഇവ ബ്രിട്ടിഷ് വിപണിയിലേക്ക് കയറ്റി അയയ്ക്കാനാകും.

ലെതര്‍ ഫുട് വെയര്‍, വസ്ത്രം എന്നിവയുടെ കയറ്റുമതി എളുപ്പമാകും. യുകെയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വിസ്‌കിയുടെയും കാറുകളുടെയും വില കുറയും. മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും വില കുറയും.

കരാര്‍ ഒപ്പുവച്ചതോടെ, വ്യാപാര ചെലവ് കുറയുകയും വ്യവസായം നടത്തിപ്പിലെ ആത്മവിശ്വാസം കൂടുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രണ്ട് സുപ്രധാന സമ്പദ് വ്യവസ്ഥകള്‍ തമ്മിലുള്ള കരാര്‍ ആഗോള സ്ഥിരതയ്ക്കും സമൃദ്ധിക്കും കരുത്ത് പകരുമെന്നും അദ്ദേഹം പറഞ്ഞു. വാണിജ്യ കരാര്‍ ചരിത്രപരമെന്നാണ് കെയര്‍ സ്റ്റാര്‍മര്‍ വിശേഷിപ്പിച്ച്. ഇരുാജ്യങ്ങളിലും വേതവ വര്‍ദ്ധനവും, ജീവിത നിലവാരത്തിലെ ഉയര്‍ച്ചയും ഉണ്ടാകും. സ്‌കോട്ട്‌ലന്‍ഡിലെ വിസ്‌കി ഡിസ്റ്റിലര്‍മാര്‍ക്കും നേട്ടം കൊയ്യാം. ഇന്ത്യന്‍ വസ്ത്രങ്ങളുടയും ഷൂസിന്റെയും ബ്രിട്ടീഷ് പൊരന്മാരുടെ ഭക്ഷണത്തിന്റെയും വില കുറയുമെന്നും സ്റ്റാര്‍മര്‍ പറഞ്ഞു.

ലണ്ടനില്‍ നിന്ന് മോദി മാലദ്വീപിലേക്കാണ് പോകുന്നത്.