ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിച്ചത് താന്‍ ആണെന്ന യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ അവകാശവാദം പൊളിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. സംഘര്‍ഷ സമയത്ത്, പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സുമായി സംസാരിക്കുമ്പോള്‍ താന്‍ മുറിയില്‍ ഉണ്ടായിരുന്നുവെന്ന് ജയശങ്കര്‍ പറഞ്ഞു. ന്യൂസ് വീക്കിന് നല്‍കിയ അഭിമുഖത്തിന് ശേഷമുള്ള ചോദ്യോത്തരവേളയിലാണ് ജയശങ്കര്‍ ഇക്കാര്യം തുറന്നടിച്ചത്.

വാണിജ്യ കരാര്‍ ഉപയോഗിച്ച് താനാണ് ഇരുരാജ്യങ്ങളെയും വരുതിക്ക് കൊണ്ടുവന്നതെന്ന ട്രംപിന്റെ അവകാശവാദത്തെ കുറിച്ച് ജയശങ്കര്‍ പറഞ്ഞത് ഇങ്ങനെ:

' ഇല്ല, ഞാന്‍ അങ്ങനെ കരുതുന്നില്ല. വാണിജ്യ കരാറുകള്‍ വളരെ പ്രൊഫഷണലായി ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നവയാണ്'.

സൈനിക പ്രതികരണങ്ങളേക്കാള്‍ ഇന്ത്യ നയതന്ത്ര പരിഹാരങ്ങള്‍ക്ക് ശ്രദ്ധ കൊടുക്കേണ്ടതുണ്ടോ?

'തീര്‍ച്ചയായും, നയതന്ത്രമാണ് മുഖ്യം. സൈനിക നടപടി അത്യാവശ്യമല്ല. പാക്കിസ്ഥാനുമായുളള ഇടപെടലുകള്‍ ഉഭയകക്ഷിതലത്തില്‍ ആയിരിക്കണമെന്ന് ദേശീയ സമവായം ഉണ്ട്. ഈ പ്രത്യേക വിഷയത്തില്‍, മെയ് 9ന് രാത്രി പ്രധാനമന്ത്രി, ജെ ഡി വാന്‍സുമായി സംസാരിക്കുമ്പോള്‍ ഞാന്‍ ആ മുറിയിലുണ്ടായിരുന്നു. ഇന്ത്യ ചില കാര്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍, പാക്കിസ്ഥാനികള്‍ വന്‍ ആക്രമണം അഴിച്ചുവിടുമെന്ന് വാന്‍സ് പറഞ്ഞു. എന്നാല്‍, പാക് ഭീഷണിക്ക് വഴങ്ങാന്‍ പ്രധാനമന്ത്രി തയ്യാറായിരുന്നില്ല. ഇന്ത്യയുടെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. അതിന്റെ പിറ്റേന്ന് രാത്രി പാക്കിസ്ഥാന്‍ വിപുലമായ ആക്രമണം അഴിച്ചുവിടുകയും ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയും ചെയ്തു.

അടുത്ത ദിവസം രാവിലെ യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍കോ റൂബിയോ എന്നെ വിളിച്ച് പാക്കിസ്ഥാനികള്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പറഞ്ഞു. പാക് മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ കാഷിഫ് അബ്ദുള്ള ഇന്ത്യയില്‍ ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായിയെ നേരിട്ട് വിളിച്ച് വെടിനിര്‍ത്തല്‍ ആവശ്യപ്പെടുകയായിരുന്നു. അതുകൊണ്ട് എന്താണ് സംഭവിച്ചതെന്ന് എന്റെ വ്യക്തിപരമായ അനഭവത്തില്‍ നിന്നാണ് പറയുന്നത്. ബാക്കി ഞാന്‍ നിങ്ങള്‍ക്ക് വിടുന്നു'- ജയശങ്കര്‍ പറഞ്ഞു.

കശ്മീര്‍ ടൂറിസത്തെ ഇല്ലാതാാക്കുക എന്നതായിരുന്നു പാക്കിസ്ഥാന്റെ ലക്ഷ്യം. പഹല്‍ഗാം ഭീകരാക്രമണവും അതിന്റെ ഭാഗമാണ്. അതുകൊണ്ടു തന്നെ ഭീകരതയ്‌ക്കെതിരെ ആഞ്ഞടിക്കാന്‍ തീരുമാനിച്ച ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറിന് തുടക്കമിടുകയായിരുന്നുവെന്നും എസ് ജയശങ്കര്‍ പറഞ്ഞു.