ടെല്‍ അവീവ്: ഹമാസ് തീവ്രവാദികള്‍ ഇസ്രയേല്‍ ആക്രമിച്ചതിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഭീകരര്‍ക്കെതിരെ നടത്തിയ പോരാട്ടങ്ങളുടെ കണക്കുകള്‍ പുറത്ത് വിട്ട് ഇസ്രയേല്‍. പ്രതിരോധ വകുപ്പാണ് ഇതിന്റെ വിശദാംശങ്ങള്‍ പുറത്ത് വിട്ടത്. ഗാസാ മുനമ്പിലും വെസ്റ്റ്ബാങ്കിലും ലബനനിലും നടത്തിയ ആക്രമണങ്ങളുടേയും കൊല്ലപ്പെട്ടവരുടേയും വിശദമായ റിപ്പോര്‍ട്ടാണ് ഇത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7 മുതല്‍ ഇന്നലെ വരെ ഗാസയില്‍ വിവിധ തീവ്രവാദസംഘടനകളില്‍ പെട്ട പതിനേഴായിരം പേരെയാണ് ഇസ്രയേല്‍ വധിച്ചത്. ആയിരത്തോളം ഭീകരരെ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് തന്നെ ഇസ്രയേല്‍ സൈന്യം വകവരുത്തിയിരുന്നു. ഗാസയിലെ പാലസ്തീന്‍ അനുകൂല ആരോഗ്യ ഏജന്‍സികള്‍ പറയുന്നത് നാല്‍പ്പത്തി ഒന്നായിരത്തോളം പേര്‍ കൊല്ലപ്പെട്ടു എന്നാണ്. അതേസമയം ഇവരില്‍ ഭൂരിപക്ഷവും ഹമാസ് തീവ്രവാദികളാണെന്നാണ് കരുതപ്പെടുന്നത്.

എന്നാല്‍ സാധാരണക്കാരായ ജനങ്ങളും നിരവധിയാണ് ഇവിടെ കൊല്ലപ്പെട്ടത്. ഇസ്രയേലിന്റെ കണക്കുകള്‍ പ്രകാരം ഹമാസിന്റെ എട്ട് ബ്രിഗേഡ് കമാന്‍ഡര്‍മാരേയും 30 ബറ്റാലിയന്‍ കമാന്‍ഡര്‍മാരേയും 165 ലധികം കമ്പനി കമാന്‍ഡര്‍മാരേയും നിരവധി സാധാരണ പ്രവര്‍ത്തകരേയും വധിച്ച് കഴിഞ്ഞു. യുദ്ധം ആരംഭിച്ചതിന് ശേഷം ഇതു വരെ ഇസ്രയേല്‍ ഗാസയില്‍ നടത്തിയത് 40300 ആക്രമണങ്ങളാണ്. ഹമാസിന്റെ 4700 ഓളം ഭൂഗര്‍ഭ തുരങ്കങ്ങള്‍ കണ്ടെത്തിയ ഇസ്രേയല്‍ സൈനികര്‍ അവയില്‍ ഭൂരിപക്ഷവും തകര്‍ക്കുകയും ചെയ്തു.

ഹമാസ് ഭീകരര്‍ ഇസ്രയേല്‍ ആക്രമിച്ചതിന് തൊട്ടടുത്ത ദിവസമാണ് ഹിസ്ബുളള ഭീകരര്‍ ഇസ്രയേലിലേക്ക് ആക്രമണം തുടങ്ങിയത്. ഒരു ദിവസം പോലും മുടങ്ങാതെയാണ് അവര്‍ റോക്കറ്റാക്രമണം നടത്തിയിരുന്നത്. ഹമാസിന്റെ ശക്തി പൂര്‍ണമായും ചോര്‍ത്തിയതിന് ശേഷമാണ് ഇസ്രയേല്‍ ഹിസ്ബുള്ളക്ക് നേരേ തിരിഞ്ഞത്. ലബനനില്‍ നടത്തിയ ആക്രമണത്തില്‍ ഹിസ്ബുള്ളയുടെ തലവന്‍ ഹസന്‍ നസറുള്ളയേയും ഏറ്റവും പ്രധാനപ്പെട്ട കമാന്‍ഡര്‍മാരേയും എല്ലാം വളരെ വേഗത്തിലാണ് ഇസ്രേയേല്‍ കൊന്നൊടുക്കിയത്.

ലബനനില്‍ 800 ഹിസ്ബുളള ഭീകരരെയാണ് വധിച്ചതെന്ന് ഇസ്രയേല്‍ അവകാശപ്പെടുന്നു. ഇവരില്‍ 90 പേര്‍ ഹിസ്ബുള്ളയുടെ കമാന്‍ഡര്‍

പദവിയില്‍ ഉള്ളവരാണ്. ഹിസ്ബുള്ള കേന്ദ്രങ്ങള്‍ക്ക് നേരേ പതിനൊന്നായിരം ആക്രമണങ്ങളാണ് നടത്തിയത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഇരുപത്തി ആറായിരതോളം മിസൈലുകളും റോക്കറ്റുകളും ഡ്രോണുകളുമാണ് ഇസ്രയേലിന് നേര്‍ക്ക് ഭീകര സംഘടനകള്‍ അയച്ചത്. ഇവയില്‍ 13200 എണ്ണം ഗാസയില്‍ നിന്നും 12400 എണ്ണം ലബനനില്‍ നിന്നും 180 എണ്ണം യെമനില്‍ നിന്നും 400 എണ്ണം ഇറാനില്‍ നിന്നുമാണ് അയച്ചത്.

ഗാസയില്‍ നിന്ന് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന നിരവധി പേരെ തങ്ങള്‍ പിടികൂടിയതായും ഇവരില്‍ കുറേ പേരെ വിട്ടയച്ചതായും റി്പ്പോര്‍ട്ട് പറയുന്നു. അതേസമയം 728 ഇസ്രയേല്‍ സൈനികരാണ് ഭീകരരുമായുള്ള ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടത്. നാലായിത്തി അഞ്ഞൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.