ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയില്‍ എത്തിയ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിക്ക് ഊഷ്മള സ്വീകരണം. പതിവിന് വിപരീതമായി, പ്രോട്ടോകോള്‍ മറികടന്ന് ഖത്തര്‍ അമീറിനെ സ്വീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളത്തിലെത്തി. പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരമാണ് അമീറിന്റെ സന്ദര്‍ശനം.

മന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെ ഉന്നതതല സംഘം അമീറിനൊപ്പമുണ്ട്. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ തിങ്കളാഴ്ച രാത്രി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. ഖത്തര്‍ അമീറിന്റെ രണ്ടാമത്തെ ഇന്ത്യ സന്ദര്‍ശനമാണിത്. 2015ല്‍ ആയിരുന്നു ആദ്യസന്ദര്‍ശനം. ചൊവ്വാഴ്ച രാവിലെ രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ ഖത്തര്‍ അമീറിന് ആചാരപരമായ സ്വീകരണം നല്‍കും. തുടര്‍ന്ന് ഹൈദരാബാദ് ഹൗസില്‍ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തും. രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായി ചര്‍ച്ച നടത്തും. വ്യാപാരം, നിക്ഷേപം, ഊര്‍ജം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാനാണ് സന്ദര്‍ശനം

'നമ്മുടെ വളര്‍ന്നുവരുന്ന ബഹുമുഖ പങ്കാളിത്തത്തിന് കൂടുതല്‍ ആക്കം കൂട്ടും''. മന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ഒരു ബിസിനസ് പ്രതിനിധി സംഘം എന്നിവരുള്‍പ്പെടെ ഒരു ഉന്നതതല പ്രതിനിധി സംഘം അദ്ദേഹത്തോടൊപ്പം ഉണ്ടെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

ഇന്ന് ഉച്ചതിരിഞ്ഞ് ധാരണാപത്രങ്ങള്‍ കൈമാറും. തുടര്‍ന്ന് ഖത്തര്‍ അമീര്‍ പ്രസിഡന്റ് മുര്‍മുവിനെ സന്ദര്‍ശിക്കും. സമീപ വര്‍ഷങ്ങളില്‍ വ്യാപാരം, നിക്ഷേപം, ഊര്‍ജ്ജം, സാങ്കേതികവിദ്യ, സംസ്‌കാരം എന്നീ മേഖലകളില്‍ ഉള്‍പ്പെടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമായി. ഖത്തറിലെ ഏറ്റവും വലിയ പ്രവാസി സമൂഹമാണ് അവിടത്തെ ഇന്ത്യന്‍ സമൂഹം, ഖത്തറിന്റെ പുരോഗതിയിലും വികസനത്തിലും അവര്‍ നല്‍കുന്ന നല്ല സംഭാവനകള്‍ക്ക് അഭിനന്ദനം അര്‍ഹിക്കുന്നു എന്ന് വിദേശകാര്യ മന്ത്രാലയം നേരത്തെ പറഞ്ഞിരുന്നു.

അമീറായി ചുമതലയേറ്റ ശേഷം 2015 മാര്‍ച്ചിലായിരുന്നു ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ ആദ്യ ഇന്ത്യ സന്ദര്‍ശനം. ഇതിനിടെ 2016 ജൂണിലും 2024 ഫെബ്രുവരിയിലും നരേന്ദ്ര മോദി ഖത്തര്‍ സന്ദര്‍ശിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലെ സൗഹൃദം ശക്തമാക്കുന്നതിലും വ്യാപാര, നിക്ഷേപം ശക്തിപ്പെടുത്തുന്നതിലും സന്ദര്‍ശനം നിര്‍ണായകമായി മാറും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യയും ഖത്തറും തമ്മിലെ ഉഭയകക്ഷി ബന്ധം സംബന്ധിച്ച് വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തും. എട്ടര ലക്ഷത്തോളം വരുന്ന ഖത്തറിലെ ഇന്ത്യക്കാര്‍ക്കുകൂടി അഭിമാനകരമാണ് അമീറിന്റെ ഇന്ത്യ സന്ദര്‍ശനം. 2013ല്‍ അമീറായി ചുമതലയേറ്റതിനു പിന്നാലെ രണ്ടാം വര്‍ഷത്തിലായിരുന്നു ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ ആദ്യ ഇന്ത്യ സന്ദര്‍ശനം. ഖത്തറിലെ ഏറ്റവും വലിയ പ്രവാസിസമൂഹമായ ഇന്ത്യന്‍ സമൂഹം ഖത്തറിന്റെ വളര്‍ച്ചയിലും വികസനത്തിലും വലിയ സംഭാവനകളാണ് അര്‍പ്പിക്കുന്നത്. പ്രവാസി സമൂഹവും ഏറെ അഭിമാനത്തോടെയാണ് രാഷ്ട്രനേതാവിന്റെ ഇന്ത്യാ സന്ദര്‍ശനത്തെ വിലയിരുത്തുന്നത്.

In Rare Gesture, PM Modi Receives "Brother" Emir Of Qatar At Airport