ന്യൂഡല്‍ഹി: അയല്‍രാജ്യമായ പാക്കിസ്താന്റെ ഭീഷണികളെ നേരിടാന്‍ താലിബാനുമായി വ്യാപാരം ശക്തിപ്പെടുത്താന്‍ ഇന്ത്യ. അഫ്ഗാന്‍ വാണിജ്യ മന്ത്രി അല്‍ഹാജ് നൂറുദ്ദീന്‍ അസീസിയുടെ സന്ദര്‍ശനത്തിന് പിന്നാലെയാണ് ഇന്ത്യയുടെ സുപ്രധാന നീക്കം. ഇറാന്റെ ചബഹാര്‍ തുറമുഖം വഴിയും ഡല്‍ഹി, അമൃത്സര്‍ എന്നീ നഗരങ്ങളില്‍ നിന്നും അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലേക്കുള്ള വ്യോമ ഗതാഗതം പുനരാരംഭിക്കാനാണ് വെള്ളിയാഴ്ച ധാരണയായത്. ഇതുവഴി ഇന്ത്യയും അഫ്ഗാനിസ്താനും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനാകും.

ഗില്‍ജിത്-ബാള്‍ട്ടിസ്താനില്‍ പാക്കിസ്താന്‍ നിയമവിരുദ്ധമായി അധിനിവേശം നടത്തിയതിനുശേഷം അഫ്ഗാനുമായുള്ള വ്യാപാരത്തിനോ ഗതാഗതത്തിനോ വേണ്ടി ഇന്ത്യ പാക്കിിസ്താനെ ആശ്രയിച്ചിരുന്നില്ല. ഇത് അഫ്ഗാനുമായുള്ള ഇന്ത്യയുടെ വ്യാപാരത്തെ ബാധിച്ചിരുന്നു. പുതിയ കരാറില്‍ ഒപ്പുവച്ചതോടെ ഈ വിഷയത്തില്‍ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

കഴിഞ്ഞ മാസം, പാകിസ്താന്‍- അഫ്ഗാനിസ്താന്‍ അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ അഫ്ഗാന്റ വ്യാപാരമേഖലയിലും ഇടിവുണ്ടായിരുന്നു. പാകിസ്താന്‍ അതിര്‍ത്തി അടച്ചതോടെ അഫ്ഗാനിസ്താന് നഷ്ടം 10 കോടി ഡോളര്‍ കടന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന്, വ്യാപാരത്തിനായി പാകിസ്താനെ ആശ്രയിക്കരുതെന്ന് താലിബാന്‍ ഭരണകൂടം തീരുമാനിച്ചിരുന്നു.

ഖനനം, കൃഷി, ആരോഗ്യ സംരക്ഷണം, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഐടി, ഊര്‍ജ്ജം, തുണിത്തരങ്ങള്‍ തുടങ്ങിയ മേഖലകളില്‍ പങ്കാളികളാകാന്‍ ഇന്ത്യന്‍ വ്യാപാരികളോട് അഫ്ഗാന്‍ വാണിജ്യ മന്ത്രി അല്‍ഹാജ് നൂറുദ്ദീന്‍ അസീസി അഭ്യര്‍ഥിച്ചു. അസംസ്‌കൃത വസ്തുക്കള്‍ക്കും യന്ത്രങ്ങള്‍ക്കും ഒരു ശതമാനം താരിഫ്, സൗജന്യ ഭൂമി, വൈദ്യുതി വിതരണം, അഞ്ച് വര്‍ഷത്തെ നികുതി ഇളവുകള്‍ എന്നിവ ഉള്‍പ്പെടെ നിരവധി പുതിയ ആനുകൂല്യങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്.

അതേസമയം ഇന്ത്യയില്‍ കഴിയുന്ന അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഹിന്ദു, സിഖ് അഭയാര്‍ഥികളോട് രാജ്യത്തേക്ക് മടങ്ങണമെന്ന് അഫ്ഗാന്‍ മന്ത്രി അഭ്യര്‍ഥിക്കുകയും ചെയ്തു. ''കാബൂള്‍-ഡല്‍ഹി സെക്ടറിലും കാബൂള്‍-അമൃത്സര്‍ റൂട്ടുകളിലും വ്യോമ ചരക്ക് ഇടനാഴി സജീവമാക്കിയിട്ടുണ്ടെന്നും ഈ മേഖലകളിലെ ചരക്ക് വിമാനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്,'' കേന്ദ്ര വിദേശകാര്യ ജോയിന്റ് സെക്രട്ടറി(പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാന്‍) ആനന്ദ് പ്രകാശ് പറഞ്ഞു. ഉഭയകക്ഷി വ്യാപാര സഹകരണത്തിന് മേല്‍നോട്ടം വഹിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പരസ്പരം എംബസികളില്‍ ഒരു വ്യാപാരെ അറ്റാഷയെ കൈമാറാനും ഇരുവരും സമ്മതിച്ചതായും ആനന്ദ് പ്രകാശ് കൂട്ടിച്ചേര്‍ത്തു.

യുഎസ് ഉപരോധങ്ങള്‍ നിലനില്‍ക്കുമ്പോഴും അഫ്ഗാനിസ്ഥാനെ അതീജീവിക്കാന്‍ സഹായിച്ചതിന് അഫ്ഗാന്‍ മന്ത്രി ഇന്ത്യയോട് നന്ദി പറഞ്ഞു. അഫ്ഗാനില്‍ നിന്ന് പാലായനം ചെയ്ത ന്യൂനപക്ഷങ്ങളോട് രാജ്യത്തേക്ക് മടങ്ങാനും അസീസി അഭ്യര്‍ത്ഥിച്ചു. ''എങ്കിലും വ്യവസായികളും വ്യാപാരികളും ഉള്‍പ്പെടെ ഇന്ത്യന്‍ സമൂഹത്തിലെ എല്ലാവരും അഫ്ഗാന്‍ സന്ദര്‍ശിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ഇല്ലെങ്കില്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് വന്ന സിഖ്, ഹിന്ദുസമൂഹങ്ങളെങ്കിലും. ദയവായി അവരെ ഞങ്ങള്‍ക്ക് തിരികെ തരൂ. അഫ്ഗാനിസ്ഥാനിലേക്ക് വന്ന് അഫ്ഗാന്‍ സ്വകാര്യമേഖലയുമായും അഫ്ഗാന്‍ ജനതയുമായും ചേര്‍ന്ന് ഒരിക്കല്‍ കൂടി അഫ്ഗാന്‍ നിര്‍മിക്കാന്‍ ഞങ്ങള്‍ അവരെ ക്ഷണിക്കുന്നു,'' അസീസി പറഞ്ഞു.

''ഒരു വശത്ത് പാകിസ്ഥാന്‍ ഞങ്ങളുടെ റോഡ് തടയുന്നു. മറുവശത്ത് അമേരിക്ക നമ്മുടെ പണം തടയുന്നു. അതിനാല്‍ ഇന്ത്യ ഈ റോഡ് തുറന്നിടണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. മറ്റ് മാര്‍ഗങ്ങളേക്കാള്‍ മത്സരാധിഷ്ഠിതമായും വിലകുറഞ്ഞതുമായി മാറുന്നതിന് സ്വകാര്യമേഖല ഇതില്‍ വന്‍തോതില്‍ നിക്ഷേപം നടത്തണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു,'' അസീസി പറഞ്ഞു.