- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡെപ്സാങ്ങില്‍ ഒക്ടോബര്‍ 11 ന് എടുത്ത ചിത്രത്തില്‍ നാലുവാഹനങ്ങളും രണ്ടുടെന്റുകളും; ഒക്ടോബര്‍ 25 ന് ടെന്റുകള്‍ അപ്രത്യക്ഷമായി; ലഡാക്കിലെ നിയന്ത്രണരേഖയില്‍ ചൈനയുടെ സൈനിക പിന്മാറ്റം പൂര്‍ത്തിയായതിന്റെ ചിത്രങ്ങള്‍ പുറത്ത്; ദീപാവലി മധുരം കൈമാറി ഇന്ത്യ-ചൈന സൈനികര്‍
ചൈനയുടെ സൈനിക പിന്മാറ്റം പൂര്‍ത്തിയതിന്റെ ചിത്രങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി: ലഡാക്കിലെ നിയന്ത്രണ രേഖയില്‍ സൈനിക പിന്മാറ്റം പൂര്‍ത്തിയാക്കിയതിന് പിന്നാലെ ഇന്ത്യന്‍-ചൈനീസ് സൈനികര്‍ പരസ്പരം ദീപാവലി മധുരം കൈമാറി, ലഡാക്കിലെ ചുഷുല്‍ മാല്‍ദോ, ദൗലത്ത് ബേഗ് ഓള്‍ഡി, അരുണാചലിലെ ബാങ്ച, ബുംല, സിക്കിമിലെ നാഥുല എന്നിവിടങ്ങളിലാണ് മധുരം കൈമാറിയത്.
അതിര്‍ത്തിയില്‍ നിന്ന് സൈനികരെ പിന്‍വലിക്കുന്നത് കൂടാതെ താല്‍ക്കാലിക ക്യാമ്പുകള്‍ അടക്കം ഉള്ളവയും ഡെപ്‌സാങ്, ഡെംചോക്ക് എന്നീ മേഖലകളില്‍ നിന്നും നീക്കം ചെയ്തു. 2020 ഏപ്രിലിന് മുമ്പുളള പഴയ സ്ഥാനങ്ങളിലേക്കാണ് സൈനികരെ മാറ്റിയത്.
2020 മെയ്-ജൂണിന് ശേഷം പാങ്‌ഗോങ് തടാകം, ഗാല്‍വന്‍ മേഖലകളില്‍ നാലുവര്‍ഷമായി തുടരുന്ന സംഘര്‍ഷത്തിന് ഈ ധാരണ അറുതി വരുത്തുമെന്നാണ കരുതുന്നത്. ഗാല്‍വനിലെ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
ചൈന തങ്ങളുടെ സൈനികരെ പിന്‍വലിച്ചോ എന്ന കാര്യത്തില്‍ പരിശോധന തുടരുകയാണ്. പട്രോളിങ് പുനരാരംഭിക്കുമ്പോള്‍ ഗ്രൂപ്പ് കമാന്‍ഡര്‍മാര്‍ ആശയക്കുഴപ്പം ഒഴിവാക്കാന്‍ മുന്‍കൂട്ടി അറിയിക്കും. അതേസമയം, ഡെപ്‌സാങ്ങിലും ഡെംചോക്കിലും ഇരുരാജ്യങ്ങളും നിരീക്ഷണം തുടരും.
ഇരുപക്ഷവും താല്‍ക്കാലികമായി ഉണ്ടാക്കിയ വാസ സ്ഥലങ്ങള്‍ പൊളിക്കുന്നതും, ഭൂമി പഴയ നിലയിലേക്ക് മാറ്റുന്നതും എല്ലാം സേനാ പിന്മാറ്റത്തിന്റെ ഭാഗമാണ്. ചൈനീസ് പക്ഷത്തെ വാസകേന്ദ്രങ്ങള്‍ അവര്‍ നീക്കിയതായി ഉപഗ്രഹ ചിത്രങ്ങളില്‍ നിന്ന് സ്ഥിരീകരിച്ചിരുന്നു,
ഡെപ്സാങ്ങില്‍ നിന്ന് ഒക്ടോബര്‍ 11 ന് എടുത്ത ചിത്രത്തില്‍ നാലുവാഹനങ്ങളും രണ്ടുടെന്റുകളും കാണാം. ഒക്ടോബര്‍ 25 ന് ഈ ടെന്റുകള്‍ അപ്രത്യക്ഷമായി. വാഹനങ്ങള്‍ അവിടെ നിന്ന് പോകുന്നതും കാണാം. എന്‍ഡി ടിവിയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്.
നേരത്തെ നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ തന്നെ സേനാപിന്മാറ്റം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതും നേട്ടമാണ്. സേനാപിന്മാറ്റം പൂര്‍ത്തിയാക്കിയത് സ്ഥിരീകരിക്കുന്നതിന്റെ ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. ഇരുരാജ്യങ്ങളും പല സുപ്രധാന തീരുമാനങ്ങളും എടുത്തതായി ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ സൂ ഫെയ്ഹോങ് കൊല്‍ക്കത്തയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
'റഷ്യയില്‍ ബ്രിക്സ് ഉച്ചകോടിയോട് അനുബന്ധിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങും, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ നടന്ന സുപ്രധാന യോഗത്തില്‍ വളരെ പ്രധാനപ്പെട്ട ധാരണകളിലെത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ വികാസത്തില്‍ ആ ധാരണകള്‍ ആയിക്കും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളായി മുന്നിലുണ്ടാകുക. ഭാവിയില്‍ ഈ സമവായത്തിന്റെ അടിസ്ഥാനത്തില്‍ ബന്ധം സുഗമമായി മുന്നോട്ടുപോകുമെന്നും ചില അഭിപ്രായഭിന്നതകളുടെ പേരില്‍ ബന്ധം തടസ്സപ്പെടില്ലെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു': അംബാസഡര്‍ പറഞ്ഞു.
'അയല്‍ രാജ്യങ്ങളെന്ന നിലയില്‍, ചില അഭിപ്രായ ഭിന്നതകള്‍ ഉണ്ടാവുക സ്വാഭാവികമാണ്. പക്ഷേ അവ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതും പരിഹരിക്കുന്നു എന്നതുമാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇരുനേതാക്കളുടെയും കൂടിക്കാഴ്ച ഈ ഭിന്നതകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തില്‍ വളരെ നല്ല ഉദാഹരണമാണ് മുന്നോട്ടുവയ്ക്കുന്നത് ', ചൈനീസ് അംബാസഡര്‍ സൂ ഫെയ്ഹോങ് പ്രതികരിച്ചു.
ഡെപ്സാങ്, ഡെംചോക് മേഖലകളില്‍ നിന്ന് സൈനികരെ പിന്‍വലിക്കാനും പട്രോളിങ് തുടങ്ങാനും ധാരണയായതായി ഒക്ടോബര്‍ 21 ന് ഇന്ത്യ പ്രഖ്യാപിച്ചിരുനനു. 2020 ല്‍ സംഘര്‍ഷം ഉണ്ടാകുന്നതിന് മുമ്പുള്ള സ്ഥാനങ്ങളിലേക്ക് ഇരുപക്ഷത്തെയും സൈനികര്‍ മടങ്ങുമെന്നും ധാരണയായിരുന്നു.