ന്യൂഡല്‍ഹി: അന്താരാഷ്ട്ര തലത്തില്‍ ക്രെഡിറ്റ് അടിച്ചെടുക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കാണിക്കാറുള്ള അതേ തന്ത്രവുമായി ചൈന രംഗത്ത്. മെയ് മാസത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ വെടിനിര്‍ത്തലില്‍ തങ്ങളുടെ മധ്യസ്ഥതയുണ്ടെന്ന ചൈനയുടെ വാദം ഇന്ത്യ ശക്തമായി തള്ളി. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ മെയ് 10-ന് നിലവില്‍ വന്ന വെടിനിര്‍ത്തല്‍ ഇരുരാജ്യങ്ങളിലെയും സൈനിക ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാര്‍ (ഡിജിഎംഒ) തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചകളിലൂടെയാണ് സാധ്യമായതെന്നും മൂന്നാംകക്ഷിക്ക് അതില്‍ പങ്കില്ലെന്നും ഇന്ത്യ ആവര്‍ത്തിച്ചുറപ്പിച്ചു.

എന്താണ് ചൈനയുടെ അവകാശവാദം?

ലോകത്തെമ്പാടുമുള്ള സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ ബീജിംഗ് മുന്‍കൈ എടുക്കുന്നുവെന്ന് സ്ഥാപിക്കാനായിരുന്നു ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യിയുടെ ശ്രമം. ഫലസ്തീന്‍-ഇസ്രായേല്‍, ഇറാന്‍ ആണവ പ്രശ്‌നം എന്നിവയ്‌ക്കൊപ്പം ഇന്ത്യ-പാക് സംഘര്‍ഷത്തിലും തങ്ങള്‍ മധ്യസ്ഥത വഹിച്ചുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. 'സമാധാനം നിലനിര്‍ത്താനുള്ള ചൈനീസ് സമീപനം' വഴിയാണ് മെയ് മാസത്തിലെ സംഘര്‍ഷം ലഘൂകരിച്ചതെന്നാണ് വാംഗ് യി പറയുന്നത്. വടക്കന്‍ മ്യാന്‍മര്‍, ഇറാനിയന്‍ ആണവപ്രശ്‌നം, പലസ്തീന്‍-ഇസ്രായേല്‍ വിഷയങ്ങള്‍, കംബോഡിയയും തായ്ലന്‍ഡും തമ്മിലുള്ള സമീപകാല സംഘര്‍ഷം എന്നിവയുള്‍പ്പെടെ ചൈന മധ്യസ്ഥത വഹിച്ചതായി അദ്ദേഹം അവകാശപ്പെടുന്ന മറ്റ് ചില പ്രശ്‌നങ്ങളും എടുത്തുപറഞ്ഞു.

ചൈനയുടെ കള്ളം പൊളിച്ച് ഇന്ത്യ

ചൈനയുടെ ഈ അവകാശവാദത്തെ അങ്ങേയറ്റം ഗൗരവത്തോടെയാണ് ഇന്ത്യ കണ്ടത്. മെയ് 10-ന് പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ ഇരുരാജ്യങ്ങളിലെയും സൈനിക ഡയറക്ടര്‍ ജനറല്‍മാര്‍ (DGMO) നേരിട്ട് നടത്തിയ ചര്‍ച്ചയുടെ ഫലമാണെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതില്‍ ചൈനയ്‌ക്കോ മറ്റേതെങ്കിലും രാജ്യത്തിനോ യാതൊരു പങ്കുമില്ലെന്ന് ഇന്ത്യ ആവര്‍ത്തിച്ചു.

ചൈനയുടെ ഇരട്ടത്താപ്പ്: സമാധാന ദൂതനോ അതോ യുദ്ധസഹായിയോ?

വാംഗ് യി സമാധാനത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, സംഘര്‍ഷസമയത്ത് ചൈന സ്വീകരിച്ച നിലപാടുകള്‍ ഇതിന് വിരുദ്ധമായിരുന്നു. മൂന്ന് ദിവസം നീണ്ടുനിന്ന വെടിവെയ്പ്പിനിടെ പാകിസ്ഥാന് ചൈന രഹസ്യമായി സൈനിക സഹായം നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയുടെ 'ഓപ്പറേഷന്‍ സിന്ദൂറി'ല്‍ പാകിസ്ഥാനിലെ 11 സൈനിക താവളങ്ങള്‍ തകര്‍ക്കപ്പെട്ടപ്പോള്‍ പാകിസ്ഥാന്‍ ഉപയോഗിച്ച ചൈനീസ് നിര്‍മ്മിത വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടിരുന്നു.

ഇന്ത്യ-പാക് സംഘര്‍ഷത്തെ സ്വന്തം ആയുധങ്ങള്‍ പരീക്ഷിക്കാനുള്ള ഒരു ലബോറട്ടറിയായി ചൈന ഉപയോഗിച്ചുവെന്ന് കരസേന ജനറല്‍ രാഹുല്‍ ആര്‍. സിംഗ് ചൂണ്ടിക്കാട്ടിയിരുന്നു. പാകിസ്ഥാന്‍ ഉപയോഗിക്കുന്ന 81 ശതമാനം ആയുധങ്ങളും ചൈനീസ് നിര്‍മ്മിതമാണ്.

ഓപ്പറേഷന്‍ സിന്ദൂറും വെടിനിര്‍ത്തലും

ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യ 'ഓപ്പറേഷന്‍ സിന്ദൂര്‍' ആരംഭിച്ചത്. പാക്കിസ്ഥാനിലെ ഒന്‍പത് ഭീകര ക്യാമ്പുകള്‍ ഇന്ത്യ തകര്‍ത്തു. ഇതിനെത്തുടര്‍ന്നുണ്ടായ കനത്ത തിരിച്ചടിയില്‍ നിന്നാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തലിന് തയ്യാറായത്.