കവൻട്രി : അധികാര ശക്തിയിൽ ഒരിക്കൽ അടക്കിവാണിരുന്ന നാട്ടിലെ പിന് മുറക്കാർ ഇപ്പോൾ ബ്രിട്ടനെ കാൽക്കീഴിലാക്കുന്ന കാഴ്ചയാണ് ലോകം കണ്ടുകൊണ്ടിരിക്കുന്നത് . ലണ്ടൻ മേയർ ആയി സാദിഖ് ഖാനും ബോറിസ് മന്ത്രിസഭയിൽ ഋഷി സുനക്കും പ്രീതി പട്ടേലും സാജിദ് ജാവേദും മന്ത്രിമാരായപ്പോൾ തന്നെ ഇക്കാര്യം ചർച്ച ആയതാണ്. തുടർന്ന് ഋഷി ബ്രിട്ടന്റെ പ്രധാനമന്ത്രിക്കസേരയിൽ തന്നെ എത്തുകയും മറ്റൊരു ഇന്ത്യൻ വംശജ ആയ സ്യുവേല ബ്രെവർമാൻ പ്രീതിക്ക് പകരം ആഭ്യന്തര കസേരയിൽ ഇരിപ്പുറപ്പിക്കുകയും ചെയ്തതോടെ ബ്രിട്ടന്റെ രാഷ്ട്രീയ ഭാവി ഇനി ഏഷ്യാക്കാരിൽ തന്നെയാണ് എന്ന് ഏറെക്കുറെ വിലയിരുത്തപ്പെട്ടിരുന്നു .എന്നാലിപ്പോൾ അവിടവും കടന്നു സ്‌കോട്‌ലൻഡിലെ ലേബർ പാർട്ടിയുടെ ആധിപത്യം അനസ് സർവർ എന്ന പാക്കിസ്ഥാൻ വംശജനും കഴിഞ്ഞ ആഴ്ച സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ പദം മറ്റൊരു പാക് വംശജനായ ഹംസ യൂസഫും കൈക്കലാക്കിയതോടെ ബ്രിട്ടനെ നയിക്കാനിനി ഇൻഡോ പാക് നേതൃ നിര മാത്രം മതിയാകും എന്ന വിശ്വാസമാണ് ശക്തിപ്പെടുന്നത് .

തൊഴിൽ രംഗത്തും ബിസിനസ് രംഗത്തും മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ നേരത്തെ തന്നെ വേരുറപ്പിച്ചു നാട്ടിലാണ് ഇപ്പോൾ രാഷ്ട്രീയ സ്വാധീനവും വളരുന്നത് . ബ്രിട്ടന്റെ പൊളിറ്റിക്കൽ പവർ ഹൗസ് ആയി മാറാൻ ഏഷ്യൻ വംശജരായ നേതാക്കൾ ഇരു പാർട്ടിയിലും ആവശ്യത്തിന് ആയിക്കഴിഞ്ഞു എന്നാണ് പൊതു വിലയിരുത്തൽ. ഇക്കാരണം കൊണ്ട് കൂടിയാകും അസൂയ മൂത്തു മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൻ പിന് ബെഞ്ചുകാരുടെ സഹായത്തോടെ പാർലിമെന്റിൽ ഋഷികെതിരെ നീക്കം നടത്താൻ ശ്രമിക്കുകയും ഒടുവിൽ ദയനീയമായി പരാജയപ്പെടുകയും ചെയ്തത് . ഒടുവിൽ ഋഷികെതിരെ പടനീക്കത്തിന് ഉപയോഗിക്കാൻ ശ്രമിച്ച എംപിമാർ തന്നെ ബോറിസിനെ മണിക്കൂറുകളോളം പാർട്ടി ഗേറ്റ് വിവാദത്തിൽ നുണ പറഞ്ഞു എന്ന പേരിൽ നിർത്തിപ്പോരിക്കുന്നതും ബ്രിട്ടൻ കണ്ടത് ദിവസങ്ങൾക്ക് മുൻപ് മാത്രമാണ് .

ഇപ്പോൾ അധികാരത്തിൽ എത്തിയ മുഴുവൻ ഏഷ്യൻ നേതാക്കളുടെയും പൂർവികർ അല്പം ഇന്ഗ്ലീഷ് ജ്ഞാനവും ആയിട്ടാണ് യുകെയിൽ എത്തിയത് എന്നതാണ് വസ്തുത . ആ സാഹചര്യത്തിൽ തങ്ങളുടെ പേരക്കുട്ടികൾ ഒരിക്കൽ ഈ രാജ്യത്തിന്റെ കടിഞ്ഞാൺ എടുക്കും എന്ന് അവരിൽ ഒരാൾ പോലും കരുതിയിരിക്കില്ല . എന്നാൽ എഴുപതുകളിൽ ബ്രിട്ടനിൽ എത്തിയ തലമുറയുടെ പിന്മുറക്കാർ ഇന്ന് യുകെയിലെ ശക്തിയേറിയ ഭരണകർത്താക്കളായി മാറിയിരിക്കുകയാണ് . ഇത് അംഗീകരിക്കാൻ ബ്രിട്ടൻ തയ്യാറായി എന്നതാണ് ഏറെ ആശ്ചര്യകരം . ബ്രിട്ടന് മുന്നിൽ വേറെ വഴികൾ ഇല്ലായിരുന്നു എന്നതിന് ഋഷിയുടെ തന്നെ വരവ് ഉദാഹരണമാക്കിയാൽ മതി . ആദ്യം ഋഷി ഒരു കാരണവശാലും പ്രധാനമന്ത്രി ആകരുത് എന്ന കാരണത്താലാണ് ലിസ് ട്രേസിനെ തേടി പദവി എത്തിയത് . എന്നാൽ ചുക്കും ചുണ്ണാമ്പും തിരിച്ചറിയാൻ പാടില്ല എന്നതോർമ്മിപ്പിച്ചു അവരുടെ പ്രധാനമന്ത്രി പദം വെറും 45 ദിവസം കൊണ്ട് ഊരിയെടുത്തതു ബ്രിട്ടനിലെ അസാധാരണ രാഷ്ട്രീയ വിവാദമായി , മറ്റൊരു ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യവുമായി .

തുടർന്നു അധികാരമേറ്റിയ പ്രധാനമത്രി ഋഷി സുനാക്കിനെ കാത്തിരുന്നത് വെല്ലുവിളികളുടെ പോർമുഖമായിരുന്നു . എന്നാൽ അസാധാരണ ഭരണമികവോടെ യൂറോപ്പുമായി ബ്രെക്‌സിറ്റ് ഡീൽ വരെ സാധ്യമാക്കിയിരിക്കുകയാണ് ഋഷി . ഇത് ബോറിസ് അടക്കമുള്ളവരെ ഏറെ അസ്വസ്ഥരാക്കിയിട്ടുണ്ട് എന്നാണ് തുടർന്നുള്ള ചരട് വലികൾ വക്തമാക്കുന്നത് . എന്നാൽ മുള്ളിനെ മുള്ളു കൊണ്ട് എന്ന നയമാണ് ഇക്കാര്യത്തിൽ ഋഷി എടുത്തിരിക്കുന്നത് . സ്‌കോട്‌ലൻഡിൽ ഫസ്‌റ് മിനിസ്റ്റർ ആയി തിരഞ്ഞെടുക്കപ്പെട്ട ഹംസ യൂസഫ് ബ്രിട്ടനിൽ നിന്നും പുറത്തുകടക്കാൻ എല്ലാ ശ്രമവും നടത്തും എന്ന് പറഞ്ഞപ്പോൾ അതിനെ എന്ത് വില നൽകിയും എതിർക്കും എന്ന് തിരിച്ചു മറുപടി നൽകിയ ഋഷി സുനക്ക് ഒരു ഇന്ത്യൻ - പാക് വാക് പോരിന്റെ സാധ്യതകൾ കൂടിയാണ് തുറന്നിട്ടിരിക്കുന്നത് . ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകുമ്പോൾ ഭാവിയിൽ രണ്ടു രാജ്യങ്ങളായി നിന്ന് പോരടിക്കാനുള്ള സകല വിത്തും പാകി മുളപ്പിച്ച ബ്രിട്ടന് ഒരു പക്ഷെ കാലം നൽകുന്ന മറുപടി കൂടിയാകാം ഇപ്പോൾ ഏഷ്യൻ നേതാക്കൾ ഭരണത്തിൽ പിടി മുറുക്കുന്ന കാഴ്ച എന്നതും പറയാതിരിക്കാനാകില്ല .

ഋഷിയുടെയും സാദിക്കിന്റെയും യൂസഫ് ഹംസയുടെയും അന്‌സാറിന്റെയും ഒക്കെ മാതാപിതാക്കൾ തങ്ങളുടെ മക്കളെ മികച്ച ഭാവിയുള്ളവരാക്കാൻ കഠിനധ്വാനം ചെയ്തവർ ആണെന്നതാണ് ഇവർക്കിടയിലെ സമാനത . രാഷ്ട്രീയമായി ഇവർ വിഭിന്ന ദിശകളിൽ ആണെങ്കിലും ഏഷ്യൻ രക്തം വഹിക്കുന്നവർ എന്ന സമാനത ഇവർക്കിടയിൽ കണ്ടെത്താനാകുന്നത് ആധുനിക ബ്രിട്ടന്റെ പുതിയ മുഖം കൂടിയാണ് തെളിയിക്കുന്നത് .

ഇപ്പോൾ അധികാരമുള്ള നാലു നേതാക്കളുടെയും മാതാപിതാക്കൾ അവരുടെ മികച്ച വിദ്യാഭ്യാസത്തിലാണ് ശ്രദ്ധ നൽകിയത് . സാദിഖ് ഖാൻ ഒഴികെയുള്ള മൂന്ന് പേർക്കും സ്വകാര്യ വിദ്യാഭ്യസത്തിന്റെ മിടുക്കും എടുത്തു പറയാനുണ്ട് . ഇതിൽ സർവാറും യൂസഫും ഗ്ലാസ്‌ഗോയിലെ ഒരേ സ്‌കൂളിൽ പഠിച്ചവർ ആണെന്ന പ്രത്യേകതയുമുണ്ട് .

യൂസവിന്റെ പൂർവികർ കെനിയയിൽ നിന്നും കുടിയേറിയ പാക് വംശജരാണ് . ഏകദേശം ഇതേകാലയളവിൽ തന്നെ കെനിയയിൽ നിന്നും കുടിയേറിയവരാണ് ഇപ്പോൾ ഹോം സെക്രട്ടറി ആയ സ്യവേല ബ്രെവർമാന്റെ പിതാവും . മുൻ ഹോം സെക്രട്ടറി പ്രീതി പട്ടേലിന്റെ മാതാപിതാക്കൾ ഉഗാണ്ടയിൽ നിന്നും കുടിയേറി വന്നവരാണ് . പുതിയൊരു ജീവിതം എന്നത് മാത്രമായിരുന്നു ഇവർക്കിടയിൽ ഉണ്ടായിരുന്ന ഏക ലക്ഷ്യം . എന്നാൽ അതിപ്പോൾ ബ്രിട്ടന്റെ രാഷ്ട്രീയ ചിത്രം തന്നെ മാറ്റിമറിക്കുന്ന അപൂര്വതയായി മാറിയയിരിക്കുകയാണ് , അല്ലെങ്കിൽ കാലത്തിന്റെ ഇടപെടൽ ആയി പരിണമിക്കുകയാണ് .