ന്യൂഡല്‍ഹി: കാനഡയിലെ ജസറ്റിന്‍ ട്രൂഡോ സര്‍ക്കാര്‍ വോട്ട് ബാങ്ക് പ്രീണനത്തിനായി രാഷ്ട്രീയ അജണ്ട നടപ്പാക്കുകയാണെന്ന് ഇന്ത്യ. ശക്തമായ ഭാഷയിലാണ് ട്രൂഡോയ്ക്ക് വിദേശകാര്യമന്ത്രാലയത്തിന്റെ മറുപടി.

കനേഡിയന്‍ ഹൈക്കമ്മീഷണറെ ഒരുകൊലക്കേസ് അന്വേഷണവുമായി ബന്ധപ്പെടുത്താനുള്ള ട്രൂഡോ സര്‍ക്കാരിന്റെ ശ്രമത്തെയാണ് ഇന്ത്യ ശക്തമായി അപലപിച്ചത്. ഹൈക്കമ്മീഷണര്‍ക്കെതിരായ ആരോപണങ്ങള്‍ അസംബന്ധം എന്നാണ് വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചത്.

കനേഡിയന്‍ ഖലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജര്‍ 2023 ജൂണില്‍ കൊല്ലപ്പെട്ട നാള്‍ മുതലാണ് കാനഡയുടെ ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളാകാന്‍ തുടങ്ങിയത്. നിജ്ജറിന്റെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന ആരോപണം ഇന്ത്യ പലവട്ടം നിഷേധിച്ചിരുന്നു. കാനഡയിലെ ഖലിസ്ഥാന്‍ അനുകൂല സംഘടനകളെ പ്രീണിപ്പിക്കാന്‍ വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണ് ട്രൂഡോ സര്‍ക്കാരെന്നാണ് ഇന്ത്യയുടെ ആരോപണം.

നിജജറിന്റെ കൊലപാതകവുമായി ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് കുമാര്‍ വര്‍മ്മയെ ബന്ധപ്പെടുത്തിയതോടെയാണ് കാനഡയുമായുള്ള ഇന്തയുടെ നയതന്ത്രബന്ധം പുതിയ വഴിത്തിരിവിലെത്തിയത്. ഇന്ത്യന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ തെളിവില്ലാതെ കനേഡിയന്‍ സര്‍ക്കാര്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും കനേഡിയന്‍ മണ്ണിലെ ഖലിസ്ഥാന്‍ ഭീകരവാദത്തെ അമര്‍ച്ച ചെയ്യാന്‍ കഴിയാത്തതിനെ നീതീകരിക്കാന്‍ ശ്രമിക്കുകയാണെന്നും ഇന്ത്യ കുറ്റപ്പെടുത്തി.

കൊലപാതക കേസിലെ അന്വേഷണത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണരെയും, മറ്റു നയതന്ത്ര പ്രതിനിധികളെയും ബന്ധപ്പെടുത്തുന്ന കാനഡയുടെ നയതന്ത്ര അറിയിപ്പിനെ ഇന്ത്യ ശക്തമായി അപലപിച്ചു. ' ഭാരത സര്‍ക്കാര്‍ ഈ അടിസ്ഥാനരഹിത ആരോപണങ്ങളെ തള്ളിക്കളയുന്നു. വോട്ടുബാങ്ക് രാഷ്ട്രീയത്തെ കേന്ദ്രീകരിച്ചുള്ള ട്രൂഡോ സര്‍ക്കാരിന്റെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് ഇത് കണക്കാക്കുന്നത്' വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറഞ്ഞു.

' 2023 സെപ്റ്റംബറില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ചില ആരോപണങ്ങള്‍ ഉന്നയിച്ച ശേഷം ഇന്ത്യന്‍ സര്‍ക്കാരുമായി ഒരു തെളിവിന്റെ കണിക പോലും പങ്കുവച്ചിട്ടില്ല. പലവട്ടം അഭ്യര്‍ഥിച്ചിട്ടും ഫലമുണ്ടായില്ല. ഏറ്റവും ഒടുവിലത്തെ നടപടിയും വസ്തുതകള്‍ ഇല്ലാത്ത ആരോപണങ്ങള്‍ മാത്രമാണ്. കൊലപാതക കേസ് അന്വേഷണത്തിന്റെ പേരില്‍, രാഷ്ട്രീയ ലാഭത്തിനായി ഇന്ത്യയെ താറടിച്ചുകാട്ടാനുളള രാഷ്ട്രീയ തന്ത്രമാണെന്ന് പറയേണ്ടി വരുന്നു', വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറഞ്ഞു.


' ഹൈക്കമ്മീഷണര്‍ സഞ്ജയ് കുമാര്‍ വര്‍മ്മ ഇന്ത്യയുടെ ഏറ്റവും മുതിര്‍ന്ന നയതന്ത്ര പ്രതിനിധികളില്‍ ഒരാളാണ്. 36 വര്‍ഷത്തെ മികച്ച സേവനത്തിന്റെ ചരിത്രമുള്ളയാളാണ്. ജപ്പാനിലും, സുഡാനിലും അംബാസഡറായിരുന്നു. ഇറ്റലിയിലും, തുര്‍ക്കിയിലും, വിയറ്റ്‌നാമിലും, ചൈനയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന് എതിരെ കനേഡിയന്‍ സര്‍ക്കാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ പുച്ഛത്തോടെ തള്ളുന്നു', പ്രസ്താവനയില്‍ പറഞ്ഞു.

ലാവോസിലെ ആസിയാന്‍ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ട്രൂഡോയും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് കനേഡയന്‍ സര്‍ക്കാരിന്റെ പുതിയ നീക്കമെന്നതും ശ്രദ്ധേയമാണ്. ' പ്രധാനമന്ത്രി ട്രൂഡോയുടെ ഇന്ത്യാ വിരോധം ദീര്‍ഘനാളായുള്ളതാണ്. 2018 ലെ ഇന്ത്യാ സന്ദേര്‍ശനം വോട്ടുബാങ്ക് പ്രീണനം ലക്ഷ്യമിട്ടായിരുന്നെങ്കിലും അത് തിരിച്ചടിച്ചു. അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ വിഘടനവാദ അജണ്ടയുമായി തുറന്ന ബന്ധമുള്ള വ്യക്തികളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2020 ഡിസംബറില്‍ ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയത്തില്‍ കൈകടത്താനുള്ള ട്രൂഡോയുടെ ഇടപെടല്‍ ഇക്കാര്യത്തില്‍ അദ്ദേഹം ഏതറ്റം വരെ പോകാന്‍ തയ്യാറാണെന്നതിന്റെ തെളിവായിരുന്നു. ഇന്ത്യക്കെതിരായി വിഘടനവാദ ആശയത്തെ പിന്‍പറ്റുന്ന രാഷ്ട്രീയ പാര്‍ട്ടിയെ ആശ്രയിച്ചാണ് ട്രൂഡോയുടെ സര്‍ക്കാര്‍ നിലനില്‍ക്കുന്നത് എന്നതും കാര്യങ്ങള്‍ വഷളാക്കുന്നു', വിദേശ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറഞ്ഞു.


ഖലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജര്‍ കൊലപാതകത്തെ തുടര്‍ന്നുളള കേസില്‍ മൂന്ന് ഇന്ത്യന്‍ പൗരന്മാരാണ് അറസ്റ്റിലായിരുന്നു. കരണ്‍ ബ്രാര്‍, കമല്‍പ്രീത് സിംഗ്, കരണ്‍ പ്രീത് സിംഗ് എന്നിവരെയാണ് ഹര്‍ദീപ് സിംഗ് നിജ്ജര്‍ കൊലപാതക കേസില്‍ കാനഡ പൊലീസ് അറസ്റ്റ് ചെയ്തത്.