ജെനീവ: ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ (യുഎന്‍എച്ച്ആര്‍സി) പാകിസ്ഥനെയും സ്വിറ്റ്‌സര്‍ലണ്ടിനെയും രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ. ജനീവയില്‍ നടന്ന കൗണ്‍സിലിന്റെ 60-ാം സെഷനിലെ യോഗത്തില്‍ ഇന്ത്യന്‍ നയതന്ത്രജ്ഞനായ ക്ഷിതിജ് ത്യാഗിയാണ് ഇരുരാജ്യങ്ങള്‍ക്കുമെതിരെ ശക്തമായ നിലപാടെടുത്തത്.

പാകിസ്ഥാന്‍ ഇന്ത്യയെ രോഗാതുരമായ ഒരു ഒഴിയാബാധയായി കാണുന്നുവെന്നും, അന്താരാഷ്ട്ര വേദികള്‍ ദുരുപയോഗം ചെയ്ത് ഇന്ത്യക്കെതിരെ നുണകള്‍ പ്രചരിപ്പിക്കുകയാണെന്നും ത്യാഗി ആരോപിച്ചു. പാകിസ്ഥാന്റെ പ്രസ്താവനകളെ 'ആവര്‍ത്തന വിരസമായ പ്രചാരണവേല' എന്ന് തള്ളിക്കളഞ്ഞ അദ്ദേഹം, ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു രാജ്യത്തില്‍ നിന്ന് പാഠങ്ങളോ ഉപദേശമോ ആവശ്യമില്ലെന്നും വ്യക്തമാക്കി. ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നവരില്‍ നിന്ന് പ്രഭാഷണങ്ങള്‍ വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വന്തം വിശ്വാസ്യതയെ ഇല്ലാതാക്കിയ ഒരു രാജ്യത്തില്‍ നിന്ന് ഉപദേശവും ആവശ്യമില്ലെന്ന് ത്യാഗി പറഞ്ഞു. ഇന്ത്യ തന്റെ പൗരന്മാരെയും പരമാധികാരവും ശക്തമായി സംരക്ഷിക്കുമെന്നും, ഭീകരതയുടെയും ദുരന്തങ്ങളുടെയും കച്ചവടത്തില്‍ നിലനില്‍ക്കുന്ന പരാജയപ്പെട്ട രാജ്യങ്ങളുടെ വഞ്ചനകളെ തുറന്നുകാട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, സ്വിറ്റ്‌സര്‍ലണ്ട് തങ്ങളുടെ ന്യൂനപക്ഷങ്ങളെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളെ ഇന്ത്യ 'അപ്രതീക്ഷിതവും ഉപരിപ്ലവവും വിവരദോഷപരവും' എന്ന് വിശേഷിപ്പിച്ചു.

വംശീയത, വ്യവസ്ഥാപിതമായ വിവേചനം, വിദേശികളോടുള്ള വെറുപ്പ് തുടങ്ങിയ സ്വന്തം രാജ്യത്തിന്റെ പ്രശ്‌നങ്ങളില്‍ സ്വിറ്റ്‌സര്‍ലണ്ട് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഇന്ത്യ ഓര്‍മ്മിപ്പിച്ചു.