വാഷിംങ്ടണ്‍: ആണവ വിഷയത്തില്‍ ഇറാനും അമേരിക്കയും അടുത്ത ആഴ്ച വീണ്ടും കൂടിക്കാഴ്ച നടത്തും. ശനിയാഴ്ച നടന്ന ചര്‍ച്ചകള്‍ മികച്ചതാണെന്നാണ് ഇരുകൂട്ടരും അവകാശപ്പെടുന്നത്. യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും മുഖാമുഖം സംസാരിച്ചതായി ഒരു യു.എസ് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു.

'ചര്‍ച്ചകള്‍ ക്രിയാത്മകമായ ഒരു അന്തരീക്ഷത്തിലാണ് നടന്നത്. അത് മുന്നോട്ട് പോകുകയാണെന്ന് എനിക്ക് പറയാന്‍ കഴിയും. സാങ്കേതിക ചര്‍ച്ചകള്‍ക്ക് ശേഷം നമ്മള്‍ മെച്ചപ്പെട്ട നിലയിലാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു'വെന്നും എന്ന് അരാഗ്ചി ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷനോട് പറഞ്ഞു. ഇത്തവണ തത്വങ്ങളെയും ലക്ഷ്യങ്ങളെയും കുറിച്ച് മികച്ച ധാരണയിലെത്താന്‍ തങ്ങള്‍ക്ക് കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ഏപ്രില്‍ 26ന് ഒമാനില്‍ വീണ്ടും കൂടിക്കാഴ്ച നടത്തുന്നതിന് മുമ്പ്, വരുംദിവസങ്ങളില്‍ സാങ്കേതിക തലത്തിലുള്ള ചര്‍ച്ചകള്‍ നടക്കുമെന്ന് അരാഗ്ചി നേരത്തെ പറഞ്ഞിരുന്നു. സാധ്യമായേക്കാവുന്ന കരാറിന്റെ വിശദാംശങ്ങള്‍ വിദഗ്ധര്‍ ചര്‍ച്ച ചെയ്യുമെന്നത് ചര്‍ച്ചകളിലെ പുരോഗതി സൂചിപ്പിക്കുന്നു. ഇറാനെതിരെ സൈനിക നടപടിക്ക് ഭീഷണി മുഴക്കുമ്പോള്‍ തന്നെ ട്രംപ് പെട്ടെന്നുള്ള കരാറിനായി സമ്മര്‍ദ്ദം ചെലുത്തിയതിനാലാണിത്. 'നമ്മുടെ പരോക്ഷ ചര്‍ച്ചകളില്‍ ഇരു കക്ഷികളും വളരെ നല്ല പുരോഗതി കൈവരിച്ചതായി' ട്രംപ് ഭരണകൂടത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കഴിഞ്ഞ വാരാന്ത്യത്തില്‍ ഒമാനിലെ മസ്‌കറ്റില്‍ വെച്ച് ഒമാന്‍ വിദേശകാര്യ മന്ത്രി ബദര്‍ അല്‍ ബുസൈദി വ്യത്യസ്ത മുറികളില്‍ ഇരു കക്ഷികളുമായും പരസ്പരം സംസാരിച്ചിരുന്നു. 'ഈ ചര്‍ച്ചകള്‍ ശക്തി പ്രാപിക്കുന്നു. ഇപ്പോള്‍ സാധ്യതയില്ലാത്തത് പോലും സാധ്യമാണ്'- അല്‍ ബുസൈദി 'എക്സി'ല്‍ പറഞ്ഞു.

ഇറാന്‍ ആണവായുധങ്ങളില്‍ നിന്നും ഉപരോധങ്ങളില്‍ നിന്നും പൂര്‍ണമായും മുക്തമാണെന്നും സമാധാനപരമായ ആണവോര്‍ജ്ജം വികസിപ്പിക്കാനുള്ള കഴിവ് നിലനിര്‍ത്തുന്നുവെന്നും ഉറപ്പാക്കുന്ന ഒരു കരാര്‍ തേടുന്നതിനായി തുടര്‍ന്നും സംസാരിക്കാന്‍ ഇരു കക്ഷികളും സമ്മതിച്ചതായും ഒമാന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.