ടെഹ്റാന്‍: ഇറാനിലെ ഭരണവിരുദ്ധ പ്രതിഷേധം മൂന്നാംവാരത്തിലേക്ക് കടന്നിരിക്കുകയാണ്. രാജ്യത്തെ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ഇന്റര്‍നെറ്റ് ഷട്ട്ഡൗണ്‍ പ്രഖ്യാപിക്കുകയാണ് ട്രംപ് ചെയ്തത്. ഇലോണ്‍ മസ്‌ക്കിന്റെ സ്റ്റാര്‍ലിങ്കിനെ ഇറാന്‍ നേരിട്ടു എന്നാണ് പുരത്തുവരുന്ന വാര്‍ത്തകള്‍. രാജ്യത്തുടനീളമുള്ള 280 ഇടങ്ങളിലെങ്കിലും ഇപ്പോഴും പ്രതിഷേധങ്ങള്‍ നടക്കുകയാണ്. അതിനിടെ, ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ മറികടക്കാന്‍ പ്രതിഷേധക്കാര്‍ ഉപയോഗിച്ചിരുന്ന സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്റര്‍നെറ്റ് സംവിധാനം ഇറാന്‍ തകര്‍ത്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

റഷ്യയുടെയും ചൈനയുടെയും സഹായത്തോടെയാണ് ഇറാന്‍ സ്റ്റാര്‍ലിങ്ക് തകര്‍ത്തത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. റഷ്യയുടെ 'മര്‍മാന്‍സ്‌ക്-ബി.എന്‍' ക്രാസുഖ-4 എന്നീ ജാമിങ് സംവിധാനങ്ങളാണ് അതിനായി ഉപയോഗിച്ചത് എന്നും റിപ്പോര്‍ട്ടുണ്ട്. ഇറാനില്‍ ഏകദേശം 40,000 സ്റ്റാര്‍ലിങ്ക് ടെര്‍മിനലുകള്‍ പ്രവര്‍ത്തനരഹിതമായിരിക്കുകയാണ്. സ്റ്റാര്‍ലിങ്ക് ഡിഷുകള്‍ കൈവശം വെക്കുന്നവരെ വധശിക്ഷക്ക് വിധേയരാക്കാന്‍ ഭരണകൂടം ഉത്തരവിട്ടതായും റിപ്പോര്‍ട്ടുണ്ട്.

ഇറാനില്‍ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയതോടെയാണ് പ്രതിഷേധകര്‍ പ്രതിഷേധത്തിന്റെ ചിത്രങ്ങളും വിഡിയോകളും പുറംലോകത്തേക്ക് അയക്കാനായി സ്റ്റാര്‍ലിങ്കിലേക്ക് മാറിയത്. തുടക്കത്തില്‍ സ്റ്റാര്‍ലിങ്കിന്റെ അപ്‌ലിങ്, ഡൗണ്‍ലിങ് ട്രാഫിക്കിന്റെ ഏകദേശം 30 ശതമാനം തടസ്സപ്പെട്ടിരുന്നു. ഇപ്പോഴത് 80 ശതമാനത്തിലേറെയായി വര്‍ധിച്ചു. ഇറാനില്‍ ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിക്കുന്നതിനെ കുറിച്ച് ഇലോണ്‍ മസ്‌കുമായി സംസാരിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അവിടെ സ്റ്റാര്‍ലിങ്ക് സേവനത്തില്‍ തടസ്സം നേരിട്ടത്. ഏതാണ്ട് 80 ദശലക്ഷം ഇറാനികളാണ് ഡിജിറ്റല്‍ ഇരുട്ടിലായത്.

2022ലെ ഹിജാബ് വിരുദ്ധ പ്രതിഷേധം നടക്കുമ്പോഴും ഇറാനില്‍ ഇന്റര്‍നെറ്റ് നിരോധിച്ചിരുന്നു. അപ്പോള്‍ മുതലാണ് പലരും സ്റ്റാര്‍ലിങ്കിനെ ആശ്രയിച്ചുതുടങ്ങിയത്. ഇപ്പോള്‍ ഇറാനില്‍ ഏകദേശം 40,000-50,000 ആളുകള്‍ സ്റ്റാര്‍ലിങ്ക് ഉപയോഗിക്കുന്നുണ്ടെന്നാണ് സമീപകാലത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജൂലൈയില്‍ ഇറാന്‍-ഇസ്രായേല്‍ യുദ്ധകാലത്ത് 12 ദിവസത്തെ ഇന്റര്‍നെറ്റ് നിരോധന സമയത്ത് പോലും ചില ഉപയോക്താക്കള്‍ സാറ്റലൈറ്റ് സര്‍വീസ് വഴി സെന്‍സര്‍ ചെയ്യാത്ത ഇന്റര്‍നെറ്റ് ആക്സസ് ചെയ്തതായി ഇറാന്‍ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തുടര്‍ന്ന് സ്റ്റാര്‍ലിങ്കിന്റെയും മറ്റ് അനധികൃത സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനങ്ങളുടെയും ഉപയോഗം നിരോധിക്കുന്ന ഒരു ചാരവൃത്തി വിരുദ്ധ നിയമം അവതരിപ്പിച്ചുകൊണ്ട് ഇറാന്‍ നിയന്ത്രണം കര്‍ശനമാക്കാന്‍ നീങ്ങി. നിയമം അനുസരിച്ച് വ്യക്തിപരമായ ഉപയോഗത്തിന് ആറ് മാസം മുതല്‍ രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. ചാരവൃത്തിയുമായി ബന്ധപ്പെടുത്താവുന്ന സ്റ്റാര്‍ലിങ്ക് ഉപയോഗം വധശിക്ഷ വരെ ലഭിക്കാം.

പരമ്പരാഗത ഉപഗ്രഹങ്ങളേക്കാള്‍ ഗ്രഹത്തോട് വളരെ അടുത്ത് പറക്കുന്ന താഴ്ന്ന ഭൂമി ഭ്രമണപഥ ഉപഗ്രഹങ്ങളുടെ ഒരു ശൃംഖല ഉപയോഗിച്ചാണ് സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് നല്‍കുന്നത്. ഈ താഴ്ന്ന ഉയരം കാരണം ഡാറ്റ വേഗത്തില്‍ സഞ്ചരിക്കുകയും കാലതാമസം കുറക്കുകയും വേഗത മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ഭൂമിയിലുള്ള ഉപയോക്തൃ ടെര്‍മിനലുകളോ റിസീവറുകളോ ഈ ഉപഗ്രഹങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കുന്നു, തുടര്‍ന്ന് അവ ആഗോള ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്ന ഗ്രൗണ്ട് സ്റ്റേഷനുകളിലേക്ക് സിഗ്‌നലുകള്‍ കൈമാറുന്നു. ഫൈബര്‍ അല്ലെങ്കില്‍ മൊബൈല്‍ നെറ്റ്വര്‍ക്കുകളില്‍ നിന്ന് വ്യത്യസ്തമായി, സ്റ്റാര്‍ലിങ്ക് പ്രാദേശിക ടെലികോം ഇന്‍ഫ്രാസ്ട്രക്ചറിനെ ആശ്രയിക്കുന്നില്ല, ഇത് വിദൂര പ്രദേശങ്ങളിലും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് നിരോധന സമയത്തും ഇത് വളരെ ഉപയോഗപ്രദമാക്കുന്നു.

അതേസമയം ഇറാനില്‍ സൈനികമായ ഇടപെടല്‍ ആലോചിച്ച് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് രംഗത്തുണ്ട്. സൈനിക ഇടപെടല്‍ ഉള്‍പ്പെടെയുള്ള ശക്തമായ നീക്കങ്ങള്‍ ആലോചിക്കുന്നതായി ട്രംപ് മാധ്യമങ്ങളോട പറഞ്ഞു. 'ഏറെ ഗൗരവത്തോടെയാണ് ഇറാനിലെ സ്ഥിതിഗതികള്‍ തങ്ങള്‍ നോക്കിക്കാണുന്നത്. ശക്തമായൊരു നീക്കം സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടാകും. വൈകാതെ തന്നെ ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കും', ട്രംപ് പറഞ്ഞു. 'ഇറാന്‍ നേതാവ് കഴിഞ്ഞ ദിവസം വിളിച്ചിരുന്നു. അവര്‍ ചര്‍ച്ച ആഗ്രഹിക്കുന്നുണ്ട്. കൂടിക്കാഴ്ചയ്ക്കുള്ള സജ്ജീകരണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍, അതിനുമുമ്പേ ഞങ്ങള്‍ തീരുമാനം കൈക്കൊണ്ടേക്കാം', ട്രംപ് പറഞ്ഞു.

ഇറാനിലെ സ്ഥിതിഗതികള്‍ യുഎസ് സൈന്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ഓരോ മണിക്കൂറിലും ഇറാനിലെ സ്ഥിതിഗതികളെക്കുറിച്ച് തനിക്ക് വിവരം ലഭിക്കുന്നുണ്ടെന്നും ഒരു ലക്ഷ്യത്തിലേക്ക് തങ്ങള്‍ എത്തിച്ചേരുമെന്നും ട്രംപ് ഇറാന് മുന്നറിയിപ്പ് നല്‍കി. യുഎസ് ആക്രമണത്തിന് പ്രത്യാക്രമണമെന്നോണം ഇറാന്‍ തിരിച്ചടിക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള ചോദ്യത്തിന്, ഇറാന്‍ അത്തരത്തില്‍ ആക്രമിച്ചാല്‍ മുമ്പെങ്ങും കാണാത്ത രീതിയില്‍ അവര്‍ക്കെതിരേ ആക്രമണം അഴിച്ചുവിടുമെന്നായിരുന്നു ട്രംപിന്റെ മറുപടി.

ഇറാനില്‍ തുടരുന്ന പ്രതിഷേധത്തില്‍ ഇതുവരെ 490 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. 48 സുരക്ഷാ ഉദ്യോഗസ്ഥരും മരിച്ചതായി റിപ്പോര്‍ട്ട്. അതേസമയം, പ്രതിഷേധക്കാര്‍ക്ക് പിന്നില്‍ ഇസ്രയേലും അമേരിക്കയുമെന്നാണ് ഇറാന്‍ നേതൃത്വം ആരോപിക്കുന്നത്. ഈ രാജ്യത്തെ ആക്രമിച്ച അതേ ആളുകളാണ് നിലവിലെ അസ്വസ്ഥതയ്ക്ക് കാരണമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ പറഞ്ഞു.