ഇസ്മായില്‍ ഹനിയ്യയുടെ കൊലപാതകത്തില്‍ തിരിച്ചടിയല്ലാതെ മറ്റ് വഴികളില്ലെന്ന് ഇറാന്; പരമാധികാരവും ഭൂപ്രദേശവും സംരക്ഷിക്കേണ്ടത് അനിവാര്യം
ടെഹ്റാന്: ഇസ്മായില്‍ ഹനിയ്യയുടെ മരണത്തില്‍ തിരിച്ചടിയല്ലാതെ മറ്റ് പോംവഴികളില്ലെന്ന് വ്യക്തമക്കി ഇറാന്. യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ നിഷ്ക്രിയത്വത്തിനിടയില്‍ രാജ്യത്തിനെതിരായ കൂടുതല്‍ ആക്രമണങ്ങള്‍ തടയാന്‍ ഇത് അത്യാവശ്യമാണെന്നും ഇറാന് വ്യക്തമാക്കി. ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോര്‍പറേഷന്റെ അടിയന്തര യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ഇറാന്റെ ആക്ടിങ് വിദേശകാര്യമന്ത്രി അലി ബാകേരിയാണ് ഇക്കാര്യം അറിയിച്ചത്. മേഖലയില്‍ കൂടുതല്‍ പ്രശ്നങ്ങളും സംഘര്‍ഷങ്ങളും ഉണ്ടാവുന്നത് തടയാന്‍ ഇറാന് പരമാവധി ശ്രമിച്ചു. എന്നാല്‍, ഇപ്പോള്‍ തങ്ങള്‍ക്ക് മുന്നില്‍ മറ്റ് വഴികളില്ലാതായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇറാന്റെ പരമാധികാരം, […]
- Share
- Tweet
- Telegram
- LinkedIniiiii
ടെഹ്റാന്: ഇസ്മായില്‍ ഹനിയ്യയുടെ മരണത്തില്‍ തിരിച്ചടിയല്ലാതെ മറ്റ് പോംവഴികളില്ലെന്ന് വ്യക്തമക്കി ഇറാന്. യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ നിഷ്ക്രിയത്വത്തിനിടയില്‍ രാജ്യത്തിനെതിരായ കൂടുതല്‍ ആക്രമണങ്ങള്‍ തടയാന്‍ ഇത് അത്യാവശ്യമാണെന്നും ഇറാന് വ്യക്തമാക്കി.
ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോര്‍പറേഷന്റെ അടിയന്തര യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ഇറാന്റെ ആക്ടിങ് വിദേശകാര്യമന്ത്രി അലി ബാകേരിയാണ് ഇക്കാര്യം അറിയിച്ചത്. മേഖലയില്‍ കൂടുതല്‍ പ്രശ്നങ്ങളും സംഘര്‍ഷങ്ങളും ഉണ്ടാവുന്നത് തടയാന്‍ ഇറാന് പരമാവധി ശ്രമിച്ചു. എന്നാല്‍, ഇപ്പോള്‍ തങ്ങള്‍ക്ക് മുന്നില്‍ മറ്റ് വഴികളില്ലാതായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇറാന്റെ പരമാധികാരം, പൗരന്മാര്, ഭൂപ്രദേശം എന്നിവ സംരക്ഷിക്കുന്നതിന് തിരിച്ചടി അനിവാര്യമായിരിക്കുകയാണ്. ഉചിതമായ സമയത്ത് ഉചിതമായ രീതിയില്‍ തിരിച്ചടിയുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാസങ്ങളായി ഗസ്സയില്‍ തുടരുന്ന വംശഹത്യയും ഹനിയ്യയുടെ വധവും സയണിസ്റ്റ് രാഷ്ട്രം മേഖലയില്‍ നടത്തുന്ന തീവ്രവാദ കുറ്റകൃതങ്ങള്‍ക്ക് ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു. ഹനിയ്യയുടെ വധം ഇറാന്റെ പരമാധികാരത്തിന്റെയും ലംഘനമാണ്. ഇത് മേഖലയുടേയും ലോകത്തിന്റേയും സമാധാനത്തിനും സുരക്ഷക്കും ഭീഷണിയാണ്. അന്താരാഷ്ട്ര നിയമങ്ങളുടേയും യു.എന്‍ ചാര്‍ട്ടറിന്റേയും നഗ്നമായ ലംഘനമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരമൊരു ഭയാനകമായ കുറ്റകൃത്യത്തിന്റെ സാഹചര്യത്തില്‍ യു.എന്‍ സെക്യരൂറ്റി കൗണ്‍സില്‍ ഉത്തരവാദിത്തം നിറവേറ്റണമെന്നും ഇറാന് വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു. കുറ്റവാളികളെ പ്രോസിക്യൂട്ട് ചെയ്യുന്നതിനും ശിക്ഷ ഉറപ്പാക്കുന്നതിനുമുള്ള നടപടികള്‍ യു.എന്‍ സ്വീകരിക്കണം. ഇസ്രായേലിനെ പിന്തുണക്കുന്ന രാജ്യമെന്ന നിലയില്‍ കുറ്റകൃത്യത്തില്‍ യു.എസിന്റെ പങ്ക് വിസ്മരിക്കരുത്. യു.എസിന്റെ സമ്മതവും പിന്തുണയും ഇല്ലാതെ ഇത്തരമൊരു കുറ്റകൃത്യം നടപ്പാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ വടക്കന്‍ ഇസ്രായേലിലെ നഹാരിയയില്‍ ഹിസ്ബുല്ല നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം 17 പേര്‍ക്ക് പരിക്കേറ്റു. നിരവധി ഡ്രോണുകളാണ് ഹിസ്ബുല്ല വിക്ഷേപിച്ചതെന്നും ഇതില്‍ ഒന്നിനെ പ്രതിരോധിക്കാന്‍ സാധിച്ചെന്നും ഇസ്രായേല്‍ സൈന്യം അറിയിച്ചു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. വടക്കന്‍ ഇസ്രായേലിലെ സൈന്യത്തിന്റെ ഗോലാനി ബ്രിഗേഡ് ആസ്ഥാനവും മറ്റൊരു സൈനിക താവളവുമാണ് ലക്ഷ്യമിട്ടതെന്ന് ഹിസ്ബുല്ല അറിയിച്ചു.
തങ്ങളുടെ മുതിര്‍ന്ന കമാന്‍ഡറെ വധിച്ചതിന് വലിയ തിരിച്ചടി നല്‍കുമെന്ന് ഹിസ്ബുല്ല മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ വടക്കന്‍ ഇസ്രായേലില്‍ ജനങ്ങളോട് ബോംബ് ഷെല്‍ട്ടറുകളിലേക്ക് മാറാന്‍ സൈന്യം നിര്‍ദേശം നല്‍കിയിരുന്നു. ഹമാസ് തലവന്‍ ഇസ്മാഈല്‍ ഹനിയ്യയെ വധിച്ചതിന് ഇറാന്റെ ഭാഗത്തുനിന്ന് തിരിച്ചടിയുണ്ടാകുമെന്ന കണക്കൂട്ടലിലാണ് ഇസ്രായേലും സഖ്യരാജ്യങ്ങളും. ആക്രമണം പ്രതിരോധിക്കാനുള്ള സംവിധാനങ്ങള്‍ അമേരിക്കയുടെയടക്കം സഹായത്തോടെ ഇസ്രായേല്‍ ഒരുക്കുന്നുണ്ട്.
അതേസമയം, ആക്രമണത്തില്‍ ഇസ്രായേലിലെ സാധാരണക്കാര്‍ക്ക് അപകടം സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന് ഇറാന് പരമോന്നത നേതാവ് ആയത്തുല്ല ഖുമേനിയോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. മുതിര്‍ന്ന ഇറാന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞദിവസം റഷ്യന്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി ഇറാനിലെത്തിയിരുന്നു. ഇദ്ദേഹമാണ് പ്രസിഡന്റിന്റെ നിര്‍ശേദം കൈമാറിയത്. റഷ്യന്‍ നിര്‍മിത സുഖോയ് സു-35 യുദ്ധവിമാനങ്ങള്‍ എത്തിക്കാന്‍ ഇറാന് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.