- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരുവുകളില്‍ ചോരപ്പുഴയൊഴുകുന്നു, ജയിലുകള്‍ മരണമുറികളാകുന്നു! പ്രക്ഷോഭകാരികളെ ഓരോരുത്തരെയായി തൂക്കിലേറ്റാന്‍ ഇറാന്‍; കായികതാരങ്ങളെ പോലും വെറുതെ വിടാതെ വധശിക്ഷ; പതിനെട്ടുകാരനെ തൂക്കിലേറ്റിയത് ക്രൂരപീഡനത്തിനൊടുവില്‍; പതറിപ്പോയ ഭരണകൂടം ജനങ്ങളെ നേരിടുന്നത് കൊലക്കയര്‍ കാണിച്ച്!
തെരുവുകളില്‍ ചോരപ്പുഴയൊഴുകുന്നു, ജയിലുകള്‍ മരണമുറികളാകുന്നു!

ടെഹ്‌റാന്‍: ഇറാനില്‍ വീണ്ടും കൂട്ടക്കുരുതി നടത്താന്‍ ഒരുങ്ങി മതഭരണകൂടം. ആഭ്യന്തര പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ വധശിക്ഷയെ ആയുധമാക്കി മാറ്റാനാണ് അവര്‍ നീക്കം നടത്തുന്നത്. കഴിഞ്ഞ ദിവസമാണ് പതിനെട്ടുകാരനായ അമീര്‍ ഹൊസൈന്‍ ഹതാമിയെ തൂക്കിലേറ്റിയത്. പിന്നാലെ കൂടുതല്‍ പ്രക്ഷോഭകാരികളെ വധിക്കാനുള്ള തയ്യാറെടുപ്പിലാണ് ഭരണകൂടമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രാജ്യത്തെ ജയിലുകള്‍ മറ്റൊരു 'രക്തരൂക്ഷിത കൂട്ടക്കുരുതിക്ക്' സാക്ഷ്യം വഹിക്കുമോ എന്ന ഭീതിയിലാണ് മനുഷ്യാവകാശ സംഘടനകള്‍. കഴിഞ്ഞ കുറച്ചുദിവസങ്ങളായി അതീവ രഹസ്യമായാണ് ഇറാന്‍ വധശിക്ഷകള്‍ നടപ്പിലാക്കുന്നത്.
ടെഹ്‌റാനിലെ അതീവ സുരക്ഷാ മേഖലയില്‍ അതിക്രമിച്ചു കയറി എന്നാരോപിച്ച് അമീര്‍ ഹൊസൈന്‍ ഹതാമിയെ വധിച്ചതിന് പിന്നാലെ, വരും ദിവസങ്ങളില്‍ ഓരോരുത്തരെയായി തൂക്കിലേറ്റാനാണ് അധികൃതരുടെ പദ്ധതിയെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ മുന്നറിയിപ്പ് നല്‍കുന്നു. കടുത്ത പീഡനങ്ങളിലൂടെ നിര്‍ബന്ധപൂര്‍വം കുറ്റസമ്മതം നടത്തിച്ചാണ് ഹതാമിക്കെതിരെ വിധി പ്രസ്താവിച്ചതെന്ന ആരോപണം ശക്തമാണ്. ഹതാമിയോടൊപ്പം ശിക്ഷിക്കപ്പെട്ട മുഹമ്മദ് അമീന്‍ ബിഗ്ലരി, അലി ഫഹിം തുടങ്ങി നാല് പേരുടെ വധശിക്ഷ ഉടന്‍ നടപ്പിലാക്കിയേക്കും. കൂടാതെ, അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റപ്പെട്ട വാഹിദ് ബാനി അമരിയന്‍ അടക്കമുള്ള വിമതരുടെ ജീവനും ഭീഷണിയിലാണ്.
കഴിഞ്ഞ ആഴ്ച മാത്രം 15 ഓളം രാഷ്ട്രീയ തടവുകാര്‍ക്ക് ഇറാന്‍ കോടതി വധശിക്ഷ വിധിച്ചിട്ടുണ്ട്. ജനകീയ പ്രക്ഷോഭത്തെ ഭയന്നാണ് ഭരണകൂടം ഈ കടുത്ത നടപടികളിലേക്ക് നീങ്ങുന്നതെന്നാണ് വിലയിരുത്തല്‍. പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമേനി കഴിഞ്ഞ മാസം വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതോടെ മകന്‍ മുജ്തബ ഖമേനിയാണ് ഇപ്പോള്‍ അധികാരം കയ്യാളുന്നത്. ജനുവരിയില്‍ നടന്ന പ്രക്ഷോഭത്തില്‍ പതിനായിരക്കണക്കിന് ആളുകളെ അടിച്ചമര്‍ത്തിയതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ നടപടികള്‍.
പുറമെ നിന്നുള്ള സൈനിക സമ്മര്‍ദ്ദവും ആഭ്യന്തരമായ എതിര്‍പ്പുകളും ഇറാന്‍ ഭരണകൂടത്തെ വല്ലാതെ ഉലയ്ക്കുന്നുണ്ട്. നാഷണല്‍ കൗണ്‍സില്‍ ഓഫ് റെസിസ്റ്റന്‍സ് ഓഫ് ഇറാന്‍ ഈ സാഹചര്യത്തെ '1988-ലെ ജയില്‍ കൂട്ടക്കുരുതിക്ക്' സമാനമായ സാഹചര്യമായാണ് വിശേഷിപ്പിക്കുന്നത്. അന്ന് മുപ്പതിനായിരത്തോളം രാഷ്ട്രീയ തടവുകാരെയാണ് ഇറാന്‍ കൊന്നൊടുക്കിയത്. അധികാരത്തില്‍ തുടരാന്‍ ജനങ്ങളെ ഭയപ്പെടുത്തുക എന്ന തന്ത്രമാണ് ഭരണകൂടം പയറ്റുന്നതെന്ന് സംഘടനയുടെ വിദേശകാര്യ സമിതി അധ്യക്ഷന്‍ മുഹമ്മദ് മൊഹദ്ദേശിന്‍ പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ച പീപ്പിള്‍സ് മുജാഹിദീന്‍ സംഘടനയില്‍പ്പെട്ട ബാബക് അലിപൂര്‍, പൂയ ഖൊബാദി എന്നിവരെ രഹസ്യമായി തൂക്കിലേറ്റിയത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്. ഇവരുടെ കുടുംബങ്ങളെപ്പോലും വിവരം അറിയിക്കാതെയാണ് ശിക്ഷ നടപ്പിലാക്കിയത്. ഇതിന് പുറമെ കായികതാരങ്ങളെയും ഭരണകൂടം വെറുതെ വിടുന്നില്ല. 19 വയസ്സുകാരനായ ഗുസ്തി താരം സാലിഹ് മുഹമ്മദിയെ കഴിഞ്ഞ മാസം പരസ്യമായി തൂക്കിലേറ്റിയത് അന്താരാഷ്ട്ര തലത്തില്‍ വന്‍ പ്രതിഷേധത്തിന് കാരണമായിരുന്നു. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും ഉയര്‍ത്തിക്കാട്ടി തുടങ്ങിയ പ്രതിഷേധങ്ങള്‍ പിന്നീട് ഭരണവിരുദ്ധ സമരമായി മാറുകയായിരുന്നു.
ജനുവരിയില്‍ നടന്ന സമരത്തിനിടെ 3,000 പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകള്‍. എന്നാല്‍ യഥാര്‍ത്ഥ മരണസംഖ്യ 7,000 കടന്നതായും ഇതില്‍ 220 ലധികം കുട്ടികള്‍ ഉള്‍പ്പെടുന്നുണ്ടെന്നും മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. പല സ്ഥലങ്ങളിലും കൂട്ടക്കുരുതിയാണ് നടന്നതെന്ന് ദൃക്‌സാക്ഷികള്‍ സാക്ഷ്യപ്പെടുത്തുന്നു. സമരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തടവുകാര്‍ ജയിലുകളില്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാകുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
കൊടും തണുപ്പത്ത് വിവസ്ത്രരാക്കി നിര്‍ത്തുന്നതും, അജ്ഞാത രാസവസ്തുക്കള്‍ കുത്തിവെക്കുന്നതും അടക്കമുള്ള പീഡനമുറകളാണ് ഇറാനിയന്‍ ജയിലുകളില്‍ അരങ്ങേറുന്നത്. ഭരണകൂട ഭീകരതയെത്തുടര്‍ന്ന് ജനങ്ങളും ഭരണകൂടവും തമ്മില്‍ വലിയൊരു വിടവ് രൂപപ്പെട്ടതായാണ് ഇറാനിലെ നിലവിലെ സാഹചര്യം വ്യക്തമാക്കുന്നത്. ഈ കടുത്ത നടപടികള്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തക മേരിയം രജവി ആവശ്യപ്പെട്ടു.
ഒരു വിദേശ യുദ്ധത്തിന് നടുവില്‍ നില്‍ക്കുമ്പോഴും സ്വന്തം ജനതയെ കൊന്നൊടുക്കുന്നത് ഭരണകൂടത്തിന്റെ പരാജയമാണ് വെളിപ്പെടുത്തുന്നതെന്ന് അവര്‍ പറഞ്ഞു. ഇറാനിലെ റെസിസ്റ്റന്‍സ് യൂണിറ്റുകള്‍ക്ക് ലഭിക്കുന്ന ജനപിന്തുണ ഭരണകൂടത്തെ വല്ലാതെ അസ്വസ്ഥമാക്കുന്നുണ്ട്. കൊലപാതകങ്ങളും അടിച്ചമര്‍ത്തലുകളും കൊണ്ട് പ്രക്ഷോഭങ്ങളെ എത്രകാലം തടഞ്ഞുനിര്‍ത്താന്‍ കഴിയുമെന്ന ചോദ്യം ഇപ്പോള്‍ ലോകമെങ്ങും ഉയരുന്നുണ്ട്.
ഏകാധിപത്യപരമായ ഈ നടപടികള്‍ ഇറാന്റെ രാഷ്ട്രീയ ഭാവിയെ കൂടുതല്‍ അനിശ്ചിതത്വത്തിലേക്ക് തള്ളിവിടുകയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ രക്തച്ചൊരിച്ചിലുകള്‍ക്ക് രാജ്യം സാക്ഷ്യം വഹിക്കുമോ എന്ന ആശങ്കയില്‍ ശ്വാസമടക്കിപ്പിടിച്ചിരിക്കുകയാണ് ഇറാനിയന്‍ ജനത.


