- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാസയില്‍ വ്യോമാക്രമണം രൂക്ഷമാക്കി ഇസ്രായേല്‍; ഗസ്സയിലും ലബനാനിലുമായി 24 മണിക്കൂറിനിടെ 140 മരണം; അദ്വാന്‍ ആശുപത്രിക്കു നേരെയുണ്ടായ ആക്രമണത്തില്‍ മരുന്നുകളും ആശുപത്രി ഉപകരണങ്ങളും സംഭരിച്ച കെട്ടിടവും തകര്‍ന്നു
ഗാസയില്‍ വ്യോമാക്രമണം രൂക്ഷമാക്കി ഇസ്രായേല്‍
ഗസ്സ: ഗാസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം തുടരുന്നു. ഇസ്രയേല്‍ നടത്തിയ വ്യാപക ബോംബാക്രമണത്തില്‍ 46 പലസ്തീന്‍ സ്വദേശികള്‍ കൊല്ലപ്പെട്ടു. വടക്കന്‍ ഗാസയിലാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. വടക്കന്‍ ഗാസയിലെ കമല്‍ അദ്വാന്‍ ആശുപത്രിക്കു നേരെ ഇസ്രയേല്‍ ബോംബാക്രമണത്തില്‍ മരുന്നുകളും ആശുപത്രി ഉപകരണങ്ങളും സംഭരിച്ച കെട്ടിടം തകര്‍ന്നു. ആശുപത്രി ജീവനക്കാര്‍ക്ക് പരുക്കേറ്റു.
കമാല്‍ അദ്വാന്‍ ആശുപത്രി ഹമാസ് സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണെന്നും നിരവധി തീവ്രവാദികള്‍ അവിടെ ഒളിപ്പിച്ചിരിക്കുകയാണെന്നും ഇസ്രയേല്‍ ആരോപിച്ചു. എന്നാല്‍ ആരോഗ്യ മന്ത്രാലയവും ഹമാസും ആരോപണം നിഷേധിച്ചു. മധ്യ ഗാസയിലെ നുസൈറാത്ത് ക്യാംപിലെ രണ്ട് വീടുകള്‍ക്കു നേരെയുണ്ടായ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ രണ്ടു പ്രദേശിക മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 16 പേര്‍ കൊല്ലപ്പെട്ടു. ഗാസയില്‍ ഇതുവരെ ഇസ്രയേല്‍ ആക്രമണങ്ങളില്‍ 43,163 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. 1,01,510 പേര്‍ക്കു പരുക്കേറ്റു.
അതേസമയം തലസ്ഥാന നഗരമായ ബെറൂതിനടുത്തുള്ള ദഹിയയിലും വ്യോമാക്രമണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മേഖലയില്‍നിന്ന് ആളുകള്‍ മാറിപ്പോകണമെന്ന് ഇസ്രേയേല്‍ മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്. ഗസ്സയിലെ ഭൂരിഭാഗം ആശുപത്രികളും ഇസ്രായേല്‍ ആക്രമണത്തെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയോ പരിമിത തോതിലാക്കുകയോ ചെയ്തിട്ടുണ്ട്. അവശേഷിക്കുന്നവ കൂടി തകര്‍ക്കുന്നതിനെതിരായ അന്താരാഷ്ട്ര സമ്മര്‍ദങ്ങളെ മുഖവിലക്കെടുക്കാതെയാണ് ക്രൂരത.
നിസ്സഹായരായ ജനങ്ങള്‍ക്ക് മേല്‍ ബോംബ് വര്‍ഷിക്കുന്നതിന് പുറമെ ഭക്ഷണവും ചികിത്സയും തടഞ്ഞ് ഒരുനിലക്കും ജീവിക്കാന്‍ അനുവദിക്കില്ലെന്ന ക്രൂര നിലപാടിലാണ് ഇസ്രായേല്‍. വടക്കന്‍ ഗസ്സയിലേക്ക് ആളുകള്‍ തിരിച്ചുവരുന്നത് ഏതുവിധേനയും തടയുകയെന്ന ലക്ഷ്യത്തോടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നൊന്നായി നശിപ്പിക്കുകയാണ്. അതേസമയം, താല്‍ക്കാലിക വെടിനിര്‍ത്തലിനില്ലെന്ന് ഹമാസ് ആവര്‍ത്തിച്ചു.
ഗസ്സയില്‍നിന്ന് സൈന്യത്തെ പൂര്‍ണമായി പിന്‍വലിക്കാതെ ബന്ദിമോചനം സാധ്യമാകില്ലെന്ന് മുതിര്‍ന്ന ഹമാസ് നേതാവ് താഹിര്‍ നുനു പറഞ്ഞു. ഏതാനും ബന്ദികളെ മോചിപ്പിക്കുന്നതിന് പകരം ഒരു മാസം വരെയുള്ള വെടിനിര്‍ത്തല്‍ നിര്‍ദേശം മുന്നോട്ടുവെച്ച മധ്യസ്ഥ രാജ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. വെടിനിര്‍ത്തല്‍ കാലാവധിക്ക് ശേഷം ആക്രമണം പുനരാരംഭിക്കുമെന്നതിനാല്‍ താല്‍ക്കാലിക വെടിനിര്‍ത്തലില്‍ കാര്യമില്ലെന്നും പൂര്‍ണ യുദ്ധവിരാമമാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ റെയ്ഡ് തുടരുന്നു.
അതിനിടെ ഇസ്രായേലിനെ ആശങ്കയിലാക്കി സ്വന്തം പൗരന്‍മാര്‍ ഉള്‍പ്പെട്ട ചാരവൃത്തികള്‍ വര്‍ധിക്കുന്നു എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ചാരവൃത്തി നടത്തിയതായി ആരോപിച്ച് നിരവധി കേസുകളാണ് അടുത്തിടെ രാജ്യത്ത് പിടികൂടിയത്. അതില്‍ ഏറ്റവും ഒടുവിലത്തെ സംഭവമാണ് ദമ്പതികള്‍ അടക്കം മൂന്നുപേര്‍ അറസ്റ്റിലായത്.
ഇസ്രായേലി ആണവ ശാസ്ത്രജ്ഞനെ കൊല്ലാന്‍ ചാരവൃത്തി നടത്തിയെന്ന് ആരോപിച്ചാണ് ഇതില്‍ ഒരാളെ അറസ്റ്റ് ചെയ്തതോടെ ചാര ആശങ്കയും ശക്തമാകുന്നു. ഇറാനിയന്‍ ഭരണകൂടത്തിന് വേണ്ടി ഇസ്രായേലി ആണവ ശാസ്ത്രജ്ഞന്റെ നീക്കങ്ങള്‍ പിന്തുടര്‍ന്നുവെന്നാണ് ബെനി ബ്രാക്ക് സ്വദേശിയായ ആഷര്‍ ബിന്യാമിന്‍ വെയ്സിനെതിരെ ചുമത്തിയ കുറ്റം. വിദേശ ഏജന്റുമായി സമ്പര്‍ക്കം പുലര്‍ത്തുക, ശത്രുവിന് വിവരങ്ങള്‍ കൈമാറുക തുടങ്ങിയ കുറ്റങ്ങള്‍ വെയ്സിനെതിരെ ചുമത്തിയിട്ടുണ്ട്.
ഗോപ്രോ കാമറ ഉപയോഗിച്ച് വീടും കാറും വിഡിയോ റെക്കോര്‍ഡ് ചെയ്ത് ശാസ്ത്രജ്ഞനെ വധിക്കാന്‍ ചുമതലപ്പെടുത്തിയ കിഴക്കന്‍ ജറൂസലമില്‍ നിന്നുള്ള യുവാവിന് കൈമാറിയതായി ഇസ്രായേലി രഹസ്യാന്വേഷണ ഏജന്‍സി ആരോപിക്കുന്നു. അതിനിടെ, ഇറാന് വേണ്ടി ഇസ്രായേലിലെ ഉന്നതരെ കൊല്ലാന്‍ രാജ്യത്തിനകത്തുനിന്ന് വാടകക്കൊലയാളികളെ കണ്ടെത്താന്‍ നീക്കം നടത്തുന്നു എന്നാരോപിച്ച് ഇസ്രായേലി പൗരന്മാരായ ദമ്പതികളെ ഇസ്രായേല്‍ പൊലീസ് അറസ്റ്റ് ചെയ്തു.
ദമ്പതികളായ റാഫേലും ലാല ഗുലിയേവും ആണ് അറസ്റ്റിലായത്. ഇസ്രായേലികളെ ചാരവൃത്തിക്ക് വേണ്ടി റിക്രൂട്ട് ചെയ്യുന്ന ഇറാനിയന്‍ സംഘത്തിന്റെ ഭാഗമായാണ് 32 വയസ്സുകാരായ ഇരുവരും പ്രവര്‍ത്തിച്ചിരുന്നതെന്ന് ഷിന്‍ ബെറ്റും പൊലീസും പറയുന്നു. അസര്‍ബൈജാനി വംശജനായ ഒരു ഇസ്രായേലിയാണ് ഇവരെ സംഘത്തില്‍ ചേര്‍ത്തതത്രെ.