റാഫ: തെക്കന്‍ ഗാസയിലെ സുരക്ഷിത മേഖലയില്‍ അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ഇസ്രായേല്‍ വ്യോമാക്രമണം. ഖാന്‍ യൂനിസിന് പടിഞ്ഞാറ് അല്‍-മവാസി അഭയാര്‍ത്ഥി ക്യാമ്പിന് നേരെ നടന്ന ആക്രമണത്തില്‍ 71 പേര്‍ കൊല്ലപ്പെടുകയും 289 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരില്‍ പലരുടെയും നില അതീവ ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇസ്രായേല്‍ സൈന്യം "സുരക്ഷിത മേഖലയായി നിശ്ചയിച്ചിരിക്കുന്ന മേഖലയിലാണ് ആക്രമണം നടന്നത്. പലസ്തീന്‍കാരുടെ താത്കാലിക കൂരകളും വാട്ടര്‍ ഡിസ്റ്റിലേഷന്‍ യൂണിറ്റും ലക്ഷ്യംവെച്ചാണ് ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയതെന്നും ഗാസ സിവില്‍ ഡിഫന്‍സ് വക്താവ് പ്രതികരിച്ചു.

അഞ്ച് ബോംബുകളും അഞ്ച് മിസൈലുകളും ഇസ്രായേല്‍ സൈന്യം പ്രദേശത്ത് വര്‍ഷിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റവരെ നാസര്‍, കുവൈത്ത് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തെക്കുറിച്ച് ഇസ്രായേല്‍ സൈന്യം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍, ഒരു മുതിര്‍ന്ന ഹമാസ് ഉദ്യോഗസ്ഥനെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഹമാസിന്റെ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ മുഹമ്മദ് ദൈഫിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേല്‍ സൈന്യം അവകാശപ്പെടുന്നത്. എന്നാല്‍, ഈ അവകാശവാദം തെറ്റാണെന്നും സാധാരണക്കാര്‍ക്കുനേരെയാണ് ഇസ്രായേല്‍ ആക്രമണം നടത്തിയതെന്നും ഹമാസ് പ്രതികരിച്ചു.

ചിതറിത്തെറിച്ച കുട്ടികളുടെ മൃതദേഹങ്ങള്‍ താന്‍ കണ്ടുവെന്ന് ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ട ഒരു സ്ത്രീ പ്രതികരിച്ചു. ഞങ്ങള്‍ കൂടാരത്തില്‍ ഇരിക്കുകയായിരുന്നു, പെട്ടെന്ന് ഒരു റോക്കറ്റ് വന്ന പതിക്കുകയായിരുന്നു -അവര്‍ പറഞ്ഞു. ഇസ്രായേലിനെ പിന്തുണയ്ക്കുന്നവര്‍ അവരുടെ മനസ്സാക്ഷിയും ധാര്‍മ്മികതയും ഉണര്‍ത്തണമെന്നും വംശഹത്യ അവസാനിപ്പിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ തടസ്സപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും കൂട്ടക്കൊല അപലപിച്ച് ഫലസ്തീന്‍ വിദേശകാര്യ മന്ത്രാലയം എക്‌സില്‍ കുറിച്ചു.