ബെയ്‌റൂട്ട്: യുഎന്‍ പൊതുസഭയില്‍, പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്‍യ്യാഹുവിന്റെ പ്രസംഗത്തിന് തൊട്ടുപിന്നാലെ, ലെബനനില്‍ പുതിയ ആക്രമണങ്ങള്‍ ഇസ്രയേല്‍ സേന അഴിച്ചുവിട്ടു. ദക്ഷിണ ലെബനനില്‍ ഹിസ്ബുള്ളയുടെ ആസ്ഥാനത്തെ ലക്ഷ്യമാക്കിയാണ് ആക്രമണം, ഇസ്രയേല്‍ സൈന്യം പ്രസ്താവനയില്‍ അറിയിച്ചു.

ഹിസ്ബുള്ള എന്ന ഭീഷണിയെ ഇല്ലാതാക്കേണ്ടത് ഇസ്രയേലിന്റെ കടമയാണെന്ന് നെതന്‍യ്യാഹു യുഎന്‍ പൊതുസഭയില്‍ പറഞ്ഞു. 'ഞങ്ങള്‍ക്ക് പൗരന്മാരെ തിരിച്ചുകൊണ്ടുവരണം. അതാണ് ഞങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ലക്ഷ്യം കാണുന്നതുവര ഹിസ്ബുള്ളയെ അടിച്ചമര്‍ത്തുന്നതു തുടരും', അദ്ദേഹം വ്യക്തമാക്കി.

ബെയ്‌റൂട്ടിന്റെ തെക്കന്‍ മേഖലയില്‍ ഹിസ്ബുള്ളയുടെ ആസ്ഥാനത്തെ ലക്ഷ്യമാക്കിയുള്ള ആക്രമണത്തിന് ശേഷം കനത്ത പുക ആകാശത്തേക്ക് ഉയരുന്നത് കാണാമായിരുന്നു. ഹിസ്ബുള്ളയുടെ കേന്ദ്ര ആസ്ഥാനമാണ് ലക്ഷ്യമിട്ടതെന്ന് ഇസ്രയേല്‍ സൈനിക വക്താവ് ദാനിയല്‍ ഹഗാരി അറിയിച്ചു.

ഹമാസിനും ഹിസ്ബുള്ളയ്ക്കും എതിരെയാണ് നെതന്‍യ്യാഹു യുഎന്നില്‍ ആഞ്ഞടിച്ചത്. ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കുമെന്ന് നെതന്യാഹു പറഞ്ഞു. ഹമാസ് അധികാരത്തില്‍ തുടര്‍ന്നാല്‍ അവര്‍ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കും. ഇസ്രയേലിനെ വീണ്ടും ആക്രമിക്കും. ഹമാസ് ആയുധം വെച്ച് കീഴടങ്ങി ബന്ദികളെ മോചിപ്പിച്ചാല്‍ ഇപ്പോഴുള്ള യുദ്ധം അവസാനിക്കുമെന്നും നെതന്യാഹു യു.എന്‍. പൊതുസഭയില്‍ അഭിപ്രായപ്പെട്ടു.

'കീഴടങ്ങിയില്ലെങ്കില്‍ ഞങ്ങള്‍ സമ്പൂര്‍ണവിജയം നേടുന്നതുവരെ പോരാടും. അതില്‍ മാറ്റമൊന്നുമില്ല. കിരാതന്മാരായ കൊലപാതകികള്‍ക്കെതിരെ ഞങ്ങള്‍ പ്രതിരോധിക്കും. ഞങ്ങളുടെ സംസ്‌കാരത്തെ ഇല്ലാതാക്കാന്‍ മാത്രമല്ല, സ്വേച്ഛാധിപത്യത്തിന്റേയും ഭീകരതയുടേയും ഇരുണ്ട കാലത്തേക്ക് മടക്കിക്കൊണ്ടുപോകാനുമാണ് ഞങ്ങളുടെ ശത്രുക്കള്‍ ശ്രമിക്കുന്നത്', നെതന്യാഹു പറഞ്ഞു.

'ഈ വര്‍ഷം പൊതുസഭയില്‍ സംസാരിക്കണമെന്ന് ഞാന്‍ കരുതിയിരുന്നതല്ല. ജീവനുവേണ്ടിയുള്ള യുദ്ധത്തിലാണ് എന്റെ രാജ്യം. എന്നാല്‍, ഇവിടെ സംസാരിച്ചവരില്‍ പലരും ഞങ്ങള്‍ക്കെതിരെ നുണകളും അപവാദവും പറയുന്നതായി അറിഞ്ഞു. അതുകൊണ്ടാണ് നേരെ കാര്യങ്ങള്‍ പറയാന്‍ ഇവിടെ വന്നത്', നെതന്യാഹു പറഞ്ഞു. ഇസ്രയേല്‍ സമാധാനമാണ് ആഗ്രഹിക്കുന്നത്. എന്നാല്‍, തങ്ങളെ ആക്രമിച്ചാല്‍ തിരിച്ചും ആക്രമിക്കുമെന്നും വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7 ന് ഹമാസ് ഇസ്രയേലില്‍ കടന്നുകയറി ആക്രമണം നടത്തിയതിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട യുദ്ധത്തെ പിന്തുണച്ച് ഹിസ്ബുള്ളയും നിരന്തരം ഇസ്രയേലിനെ ലാക്കാക്കി മിസൈലാക്രമണം തുടരുകയാണ്. തിരിച്ചടിയായി, ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഈയാഴ്ച മാത്രം 700 ഓളം പേര്‍ കൊല്ലപ്പെട്ടു.

ഗസ്സയിലെ യുദ്ധം ഒരുവര്‍ഷം തികയുന്നതിനിടെ, ഇസ്രേലിന്റെ ശ്രദ്ധ ലെബനന്റെ വടക്കന്‍ അതിര്‍ത്തിയിലേക്ക് മാറിയിരിക്കുകയാണ്. വ്യോമാക്രമണം തുടരുന്നതിനിടെ 1,18,000 പേരാണ് പലായനം ചെയ്തത്. ഹിസ്ബുള്ള കഴിഞ്ഞ ദിവസം വടക്കന്‍ ഇസ്രയേല്‍ നഗരമായ ടൈബീരിയസ് ലക്ഷ്യമാക്കി റോക്കറ്റുകള്‍ പായിച്ചു.

ഇസ്രയേല്‍ കരയുദ്ധത്തിന്റെ സൂചന നല്‍കി കൊണ്ട് ലെബനന്റെ വടക്കന്‍ അതിര്‍ത്തിയില്‍ ഉടനീളം കൂടുതല്‍ ടാങ്കുകളും കവചിത വാഹനങ്ങളും വിന്യസിച്ചിരിക്കുകയാണ്. ഇതോടെ ലെബനനിലെ ജീവിതം നരകതുല്യമാകും. മറ്റൊരു ഗസ്സയായി മാറുമെന്ന ഭീതിയിലാണ് ജനങ്ങള്‍. എല്ലായിടത്തും നിരാശയും ആശങ്കയും നിറഞ്ഞിരിക്കുന്നു.

ഗസ്സയിലെ യുദ്ധം വെടിനിര്‍ത്തിയാല്‍ ലെബനനിലെ പോരാട്ടത്തിനും വിരാമമിടാമെന്നും അതുവഴി മേഖലയെ ആകെ യുദ്ധത്തിലേക്ക് തള്ളി വിടാതെ രക്ഷിക്കാമെന്നും നയതന്ത്ര പ്രതിനിധികള്‍ കണക്കുകൂട്ടുന്നു. എന്നാല്‍, മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷവും ഫലമൊന്നും കാണുന്നില്ല.