ബെയ്‌റൂട്ട്: ഇസ്രയേല്‍-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ലെബനനിലെ ഏറ്റവും കടുത്ത ആക്രമണത്തില്‍, 274 പേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍, ആയിരത്തിലേറെ പേര്‍ക്ക് പരുക്കേറ്റു. ലെബനന്‍ മറ്റൊരു ഗസ്സ ആയി മാറുമോ എന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആശങ്ക പ്രകടിപ്പിച്ചു.

30 ഓളം പേര്‍ കൊല്ലപ്പെട്ട പേജര്‍, വാക്കി ടോക്കി ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് ഇസ്രയേല്‍ വ്യോമാക്രമണങ്ങള്‍ അഴിച്ചുവിട്ടത്. തെക്കന്‍, കിഴക്കന്‍ ലെബനനിലെ താമസക്കാരോട് വീട് വിട്ടുഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കി. വ്യോമാക്രമണം വിപുലമാക്കുന്നതിന്റെ ഭാഗമാണിതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.


ആയിരക്കണക്കിന് ലെബനനന്‍കാര്‍ തെക്ക് നിന്ന് പലായനം ചെയ്യുകയാണ്. ബെയ്‌റൂട്ട് ലക്ഷ്യമാക്കി നീങ്ങുന്ന കാറുകള്‍ ദേശീയ പാതയില്‍ ഗതാഗത കുരുക്കുണ്ടാക്കി. 2006 ലെ ഹിസ്ബുല്ല-ഇസ്രയേല്‍ യുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ഇത്രയും വലിയ പലായനം.

' ഇസ്രയേല്‍ യുദ്ധം ആഗ്രഹിക്കുന്നില്ല, അക്കാര്യം ഞാന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. പക്ഷേ ഞങ്ങളുടെ ജനങ്ങള്‍ക്ക് പ്രതിരോധ കവചം ഒരുക്കാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ട്', ഇസ്രയേല്‍ പ്രസിഡന്റ് ഐസക്ക് ഹെര്‍സോഗ് എക്‌സില്‍ കുറിച്ചു.

ഹിസ്ബുല്ല വീടുകളില്‍, സ്വീകരണ മുറികളിലും കിടപ്പുമുറികളിലും അടുക്കളയിലും എല്ലാം ദീര്‍ഘദൂര റോക്കറ്റുകള്‍ സൂക്ഷിച്ചിരിക്കുകയാണ്. അവ നമ്മുടെ ആളുകളെ വകവരുത്തുക എന്ന ലക്ഷ്യത്തോടെ തൊടുത്തുവിടുകയാണ്. അയല്‍ക്കാരില്‍ നിന്നും അത്തരമൊരു ഭീഷണിക്ക് കീഴില്‍ സ്വന്തം പൗരന്മാര്‍ ജീവിക്കുന്നത് ഏത് രാജ്യം അംഗീകരിക്കും? അദ്ദേഹം ചോദിച്ചു.

ഇസ്രയേല്‍ വ്യോമാക്രമണത്തിന് പിന്നാലെ ഹിസ്ബുല്ലയുടെ ആയുധങ്ങള്‍ വീടുകളില്‍ പൊട്ടിത്തെറിക്കുകയാണെന്ന് ഇസ്രയേലി റെയര്‍ അഡ്മിറല്‍ ദാനിയേല്‍ ഹഗാരി പറഞ്ഞു. ഹിസ്ബുല്ല ഈ അവകാശവാദത്തോട് പ്രതികരിച്ചിട്ടില്ല.



പശ്ചിമേഷ്യയില്‍ സംഘര്‍ഷം കൈവിട്ടുപോകുമോ?

ഗസ്സയിലെ യുദ്ധം വലിയ തോതിലുളള യുദ്ധമായി പരിണമിക്കുമോ എന്ന ആശങ്ക ഉണ്ടായിരുന്നു. വിപുലമായ യുദ്ധത്തെ കുറിച്ച് ഇരുപക്ഷവും ഇതുവരെ സൂചന നല്‍കിയിട്ടില്ല. എന്നാല്‍, വടക്കന്‍ ഇസ്രയേലിലെ ജനങ്ങള്‍ക്ക് വീടുകളിലേക്ക് മടങ്ങാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്‍യ്യാഹു വ്യക്തമാക്കിയത്.

ഇരുപക്ഷവും പരസ്പരം സമ്മര്‍ദ്ദം ചെലുത്താന്‍ ചുരുങ്ങിയ മാര്‍ഗ്ഗങ്ങളാണ് ഉപയോഗിക്കുന്നതെന്നും തെക്കന്‍ ലബനനിലെ സാഹചര്യം പൂര്‍ണതോതിലുള്ള യുദ്ധത്തിലേക്ക് മാറില്ലെന്നുമാണ് പശ്ചിമേഷ്യന്‍ വിഷയങ്ങളിലെ വിദഗ്ധ ലിന ഖത്തിബ് അഭിപ്രായപ്പെട്ടത്. ഗസ്സയിലെ സൈനിക നീക്കം അവസാനിപ്പിച്ച് ഇസ്രയേല്‍ ഹമാസുമായി ധാരണയിലെത്താനുള്ള സമ്മര്‍ദ്ദതന്ത്രമാണ് ഹിസ്ബുല്ല പയറ്റുന്നത്. പൂര്‍ണയുദ്ധത്തിലേക്ക് നീങ്ങിയാല്‍ തങ്ങളേക്കാള്‍ സൈനിക ശേഷിയുള്ള ഇസ്രയേലിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ഹിസ്ബുല്ലയ്ക്ക് കഴിയില്ലെന്നതാണ് യാഥാര്‍ഥ്യം.