ദോഹ: ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ വീണ്ടും ആക്രമണം നടത്തുമെന്ന് സൂചന. ദോഹയിലെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടവരെ പിടികൂടുമെന്ന് യു.എസിലെ ഇസ്രയേല്‍ അംബാസഡര്‍ യെഹിയേല്‍ ലെയ്റ്റര്‍ വെളിപ്പെടുത്തി. 'ഇത്തവണ അവരെ കിട്ടിയില്ലെങ്കില്‍, അടുത്ത തവണ ഞങ്ങള്‍ പിടികൂടും,' അദ്ദേഹം ഒരു അമേരിക്കന്‍ ചാനല്‍ പരിപാടിയില്‍ പറഞ്ഞു.

അതേസമയം, ആക്രമണത്തെക്കുറിച്ച് അമേരിക്കയ്ക്ക് മുന്‍കൂട്ടി അറിയിച്ചിരുന്നെന്ന വൈറ്റ് ഹൗസ് വാദം ഖത്തര്‍ പ്രധാനമന്ത്രി തള്ളി. ആക്രമണത്തിനുള്ള തീരുമാനം ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റേതാണെന്നും തന്റേതല്ലെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി. ഹമാസ് ബന്ദികളെ മോചിപ്പിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.ദോഹ ആക്രമണത്തിന് പിന്നാലെ ഖത്തര്‍ അമീറുമായും ഇസ്രയേല്‍ പ്രധാനമന്ത്രിയുമായും ട്രംപ് ഫോണില്‍ സംസാരിച്ചു. ഈ വിഷയത്തില്‍ ഇസ്രയേല്‍ സ്വീകരിക്കുന്ന കടുത്ത നിലപാട് മേഖലയിലെ സമാധാന ശ്രമങ്ങള്‍ക്ക് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍.

അതിനിടെ, ഖത്തറിന് പിന്തുണയറിയിച്ച് യു.എ.ഇ പ്രസിഡന്റ് ഷേയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ദോഹയിലെത്തി.

യുഎഇയുടെ സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഖത്തറിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പ്രസിഡന്റിന്റെ സന്ദര്‍ശനം. ആക്രമണം നടന്ന് 24 മണിക്കൂറിനകം അദ്ദേഹം ഖത്തറിലെത്തിയത് മേഖലയിലെ ശ്രദ്ധേയമായ നീക്കമായി വിലയിരുത്തപ്പെടുന്നു.

ഈ വിഷയത്തില്‍ യുഎഇ പ്രസിഡന്റ് നേരത്തെ ശക്തമായ നിലപാട് എടുത്തിരുന്നു. രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, ജനങ്ങളുടെ സുരക്ഷ എന്നിവ സംരക്ഷിക്കാന്‍ ഖത്തര്‍ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും യുഎഇയുടെ പൂര്‍ണ്ണ പിന്തുണയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ ആക്രമണം ഖത്തറിന്റെ പരമാധികാരത്തെയും അന്താരാഷ്ട്ര നിയമങ്ങളെയും ലംഘിക്കുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇതിന് പുറമെ, ജോര്‍ദാന്‍ കിരീടാവകാശി ഹുസൈന്‍ ഇന്ന് ഖത്തറിലെത്തുമെന്നും സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യാഴാഴ്ച ദോഹയില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇവരുടെ സന്ദര്‍ശനങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ചതല്ലാത്തതും അടിയന്തര സ്വഭാവമുള്ളതുമാണെന്നാണ് വിവരം.