- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗസ്സയില്‍ രണ്ട് അഭയാര്‍ഥി ക്യാമ്പിലെ 30,000 പേരെ ഒഴിപ്പിച്ച് ഇസ്രായേല്‍; പിന്നാലെ വ്യാപക ബോംബാക്രമണം; ബന്ദിമോചനത്തില്‍ ചര്‍ച്ച നടക്കവേ ആക്രമണം
ഗസ്സ: ഗാസയില്‍ ആക്രമണം നടത്തി ഇസ്രായേല്‍. ബുറൈജ്, നുസൈറത്ത് അഭയാര്‍ഥി ക്യാമ്പില്‍ അഭയം പ്രാപിച്ച വീടും നാടും നഷ്ടമായ 30000ത്തോളം പേരോട് ഒഴിഞ്ഞുപോകാന്‍ ഇസ്രായേല്‍ സൈന്യത്തിന്റെ ഉത്തരവ്. ഇതിന് പിന്നാലെ മേഖലയില്‍ വ്യാപക വ്യോമാക്രമണ പരമ്പര സൈന്യം നടത്തിയതായി ഫലസ്തീന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഒഴിപ്പിക്കല്‍ ഉത്തരവിട്ടതിന് മണിക്കൂറുകള്‍ക്കകം ഇസ്രായേല്‍ ജെറ്റ് വിമാനങ്ങള്‍ രണ്ട് ക്യാമ്പുകളിലും ബോംബിട്ടു. നുസൈറത്തില്‍ നിരവധി വീടുകള്‍ കത്തിച്ചതായി വഫ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ താമസിച്ചിരുന്നവര്‍ കാല്‍നടയായി പലായനം ചെയ്യുകയാണെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ, ഗസ്സയിലെ 86 ശതമാനം സ്ഥലങ്ങളില്‍നിന്നും ജനങ്ങളെ ഇസ്രായേല്‍ കുടിയിറക്കിയതായി യു.എന്‍.ആര്.ഡബ്ല്യു.എ മേധാവി ഫിലിപ്പ് ലസാരിനി പറഞ്ഞു. "ഗസ്സയിലെ മിക്കവാറും എല്ലാവരും കുടിയൊഴിപ്പിക്കലിന് ഇരയായിട്ടുണ്ട്. ഒമ്പത് മാസം മുമ്പ് യുദ്ധം ആരംഭിച്ചശേഷം പലരും ശരാശരി മാസത്തിലൊരിക്കല്‍ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി"- ലസാരിനി എക്സില്‍ പറഞ്ഞു.
ഒരു വശത്ത് വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട ചര്‍ച്ച നടക്കവേ തന്നെയാണ് ആക്രമണവും ഉണ്ടായിരിക്കുന്നത്. ഗസ്സ യുദ്ധം തുടങ്ങി 10 മാസമായിട്ടും ഹമാസ് ബന്ദികളാക്കിയ ഇസ്രായേല്‍ സൈനികരടക്കമുള്ളവരെ മോചിപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇറ്റലിയില്‍ വെച്ച് മധ്യസ്ഥരുമായി ഇസ്രായേല്‍ ചര്‍ച്ചനടത്തിയിരുന്നു. ബന്ദിമോചനവും വെടിനിര്‍ത്തലും അടക്കമുള്ള കാര്യങ്ങളാണ് ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന്റെ തലവന്‍ ഡേവിഡ് ബാര്‍ണിയയുടെ നേതൃത്വത്തില്‍ റോമില്‍ നടന്ന ചര്‍ച്ചയില്‍ വിഷയമായത്.
അമേരിക്കയെ പ്രതിനിധീകരിച്ച് സി.ഐ.എ ഡയറക്ടര്‍ വില്യം ബേണ്‍സ്, ഖത്തറിനെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് ബിന്‍ ജാസിം അല്‍ഥാനി, ഈജിപ്തില്‍നിന്ന് ഇന്റലിജന്‍സ് മേധാവി അബ്ബാസ് കമാല്‍ എന്നിവരാണ് ചര്‍ച്ചയില്‍ പ?ങ്കെടുത്തത്. ഡേവിഡ് ബാര്‍ണിയയാണ് ഇസ്രായേല്‍ പ്രതിനിധി സംഘത്തെ നയിച്ചത്. റോമില്‍ നടന്ന കൂടിക്കാഴ്ചക്ക് ശേഷം സംഘം ഇസ്രായേലിലേക്ക് മടങ്ങിയതായി ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
കഴിഞ്ഞ ഒക്ടോബറില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷം ഖത്തറും ഈജിപ്തുമാണ് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കും ബന്ദിമോചനത്തിനും നേതൃത്വം നല്‍കിയത്. ഗസ്സ വെടിനിര്‍ത്തലും ബന്ദി മോചനവും സംബന്ധിച്ച ചര്‍ച്ചകള്‍ വരും ദിവസങ്ങളിലും തുടരുമെന്ന് നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു.