മോസ്‌കോ: റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ലെയോ പതിനാലാമന്‍ മാര്‍പ്പാപ്പ മധ്യസ്ഥത വഹിക്കണമെന്ന അമേരിക്കന്‍ പ്രസിഡന്റ ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശത്തിന് പൂര്‍ണ പിന്തുണയുമായി ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലൂണി. അതേ സമയം യുദ്ധം ഒത്തുതീര്‍ക്കാനുള്ള മധ്യസ്ഥ ശ്രമങ്ങളില്‍ നിന്നും ട്രംപ് പിന്‍മാറുന്നതായും സൂചനയുണ്ട്. യുക്രൈനില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായി നടത്തുന്ന എല്ലാ ശ്രമങ്ങള്‍ക്കും പൂര്‍ണ പിന്തുണ നല്‍കുമെന്നാണ് ഇറ്റാലിയന്‍ പ്രധാനമന്ത്രിയുടെ, ഓഫീസ് അറിയിച്ചിരിക്കുന്നത്.

സമാധാന ചര്‍ച്ചകള്‍ വത്തിക്കാനില്‍ നടത്താന്‍ മാര്‍പ്പാപ്പ സമ്മതിച്ചാല്‍ അതിന് എല്ലാ വിധ സഹകരണവും ഉറപ്പാക്കുമെന്നും പ്രധാനമന്ത്രിയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇക്കാര്യത്തിലുള്ള മാര്‍പ്പാപ്പയുടെ സന്നദ്ധതയെ വളരെ പോസീറ്റീവായിട്ടാണ് കാണുന്നതെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ ചര്‍ച്ചകളെ കുറിച്ച് ഇനിയും തീരുമാനം ആയിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ച യുക്രൈനിലേയും റഷ്യയിലേയും ഉന്നത ഉദ്യോഗസഥര്‍ തമ്മില്‍ ആദ്യവട്ടം ചര്‍ച്ചകള്‍ നടത്തിയിരുന്നു.

തുര്‍ക്കിയിലെ ഇസ്താംബൂളിലായിരുന്നു ഇരുവിഭാഗങ്ങളും കൂടിക്കാഴ്ച നടത്തിയത്. ചര്‍ച്ച അവസാനിപ്പിക്കുന്നതിനായി തുര്‍ക്കി മുന്‍കൈയെടുക്കുകയായിരുന്നു. അതേ സമയം ചര്‍ച്ചയില്‍ റഷ്യ പുതിയ ചില ആവശ്യങ്ങള്‍ മുന്നോട്ട് വെച്ചു എന്നാണ് പറയപ്പെടുന്നത്. ഏറ്റുമുട്ടുന്നവരെ ഒരുമിച്ച് കൊണ്ട് വരാന്‍ വത്തിക്കാന്‍ എപ്പോഴും തയ്യാറാണെന്ന് ലെയോ പതിന്നാലാമന്‍ മാര്‍പ്പാപ്പ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സമാധാനം നിലനിര്‍ത്താന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

ട്രംപ് നിര്‍ദ്ദേശിച്ച ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിക്കാനോ മധ്യസ്ഥത വഹിക്കാനോ തങ്ങളെ ഏല്‍പ്പിക്കുന്നത് മറ്റേത് പദ്ധതിയേക്കാള്‍ പ്രതീക്ഷ നല്‍കുന്നതാണ് എന്നാണ് വത്തിക്കാന്റെ നിലപാട്. അതേ സമയം കഴിഞ്ഞ ദിവസം റഷ്യയുമായുള്ള ചര്‍ച്ചകള്‍ക്ക് അനുയോജ്യമായ വേദികളെ കുറിച്ച് മെലൂണി ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തിയതായി യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌കി വ്യക്തമാക്കിയിരുന്നു.

തുര്‍ക്കിയും സ്വിറ്റ്സര്‍ലന്‍ഡുമാണ് ഇക്കാര്യത്തില്‍ ആദ്യം സന്നദ്ധത പ്രകടിപ്പിച്ചത്. റഷ്യക്ക് ചര്‍ച്ചകള്‍ തുര്‍ക്കിയില്‍ നടത്താനാണ് താല്‍പ്പര്യമെന്നാണ് പറയപ്പെടുന്നത്. യുക്രൈന്‍ സൈന്യത്തെ കുറയ്ക്കണം എന്ന ആവശ്യം അവര്‍ അംഗീകരിക്കാന്‍ അവര്‍ തയ്യാറാകാനും സാധ്യത കുറവാണ്. അതേ സമയം ചര്‍ച്ചയുടെ വേദിയല്ല റഷ്യ മുന്നോട്ട് വെയ്ക്കുന്ന നിര്‍ദ്ദേശങ്ങളെ കുറിച്ചാണ് യുക്രൈന്‍ ഗൗരവകരമനായി കാണുന്നതെന്നാണ് സൂചന.