ന്യൂയോര്‍ക്ക്: ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിച്ചത് താനെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സംഘര്‍ഷത്തിനിടെ അഞ്ച് ജെറ്റ് വിമാനങ്ങള്‍ തകര്‍ക്കപ്പെട്ടതായും ട്രംപ് അവകാശപ്പെട്ടു. വൈറ്റ് ഹൗസില്‍ ഏതാനും റിപ്പബ്ലിക്കന്‍ നിയമസഭാംഗങ്ങള്‍ക്കൊപ്പമുള്ള അത്താഴ വിരുന്നിനിടെയായിരുന്നു ട്രംപിന്റെ പരാമര്‍ശം. എന്നാല്‍, തകര്‍ന്ന ജെറ്റ് വിമാനങ്ങള്‍ ഇന്ത്യയുടേതാണോ പാക്കിസ്ഥാന്റേതാണോ എന്ന് വ്യക്തമാക്കാന്‍ ട്രംപ് തയ്യാറായില്ല. വ്യാപാര കരാര്‍ ഉപയോഗിച്ച് ഇരു രാജ്യങ്ങളുംതമ്മിലുള്ള വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിച്ചത് താനാണെന്ന അവകാശവാദം ട്രംപ് വീണ്ടും ഉന്നയിക്കുകയും ചെയ്തു.

'ഞങ്ങള്‍ കുറേ യുദ്ധങ്ങള്‍ അവസാനിപ്പിച്ചിട്ടുണ്ട്. ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള പ്രശ്നം ഗുരുതരമായിരുന്നു. വിമാനങ്ങള്‍ വെടിവെച്ചിടുകയായിരുന്നു. യഥാര്‍ഥത്തില്‍ അഞ്ച് ജെറ്റുകള്‍ വെടിവെച്ചിട്ടെന്നാണ് തോന്നുന്നത്. രണ്ടും ആണവ രാജ്യങ്ങളാണ്, അവര്‍ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. പുതിയ യുദ്ധമുഖം തുറക്കുന്നുവെന്നാണ് കരുതിയത്. ഇറാനില്‍ നമ്മള്‍ എന്താണ് ചെയ്തതെന്ന് കണ്ടതല്ലേ. അവിടെ നമ്മള്‍ അവരുടെ ആണവ ശേഷി തകര്‍ത്തു, പൂര്‍ണമായും തകര്‍ത്തു. പക്ഷേ, ഇന്ത്യയും പാക്കിസ്താനും സംഘര്‍ഷവുമായി മുന്നോട്ടുപോകുകയായിരുന്നു. അത് വലുതായിക്കൊണ്ടിരുന്നു.

ഒടുവില്‍ വ്യാപാര കരാര്‍ മുന്‍നിര്‍ത്തി ഞങ്ങള്‍ അത് പരിഹരിച്ചു. നിങ്ങള്‍ ഒരു വ്യാപാര കരാര്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലേ എന്ന് ചോദിച്ചു. എന്നാല്‍ നിങ്ങള്‍ ആയുധങ്ങള്‍, ഒരുപക്ഷേ ആണവായുധങ്ങള്‍ കൊണ്ട് പരസ്പരം ഏറ്റുമുട്ടാന്‍ പോകുകയാണെങ്കില്‍ നിങ്ങളുമായി ഒരു വ്യാപാര കരാര്‍ ഉണ്ടാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് ഇരുവരെയും അറിയിച്ചു', ട്രംപ് വ്യക്തമാക്കി.

മേയ് 10-ന് ഇന്ത്യയും പാക്കിസ്താനും വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവച്ചതിന് ദിവസങ്ങള്‍ക്ക് ശേഷം, ഇന്ത്യ നിരവധി ഹൈടെക് പാക്കിസ്താന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ത്തതായി എയര്‍ മാര്‍ഷല്‍ എ.കെ. ഭാരതി വ്യക്തമാക്കിയിരുന്നു. അതേസമയം, പാകിസ്താന്‍ വ്യോമസേനയുടെ (പിഎഎഫ്) ഒരു വിമാനത്തിന് മാത്രമേ 'ചെറിയ നാശനഷ്ടം' സംഭവിച്ചിട്ടുള്ളൂ എന്ന് പാകിസ്താനും പറഞ്ഞിരുന്നു.

അതേസമയം ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ ഒരുപിഴവുപോലും സംഭവിച്ചിട്ടില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പാക്കിസ്താന്റെ 13 വ്യോമതാവളങ്ങള്‍ നമ്മള്‍ തകര്‍ത്തു. ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ നശിപ്പിച്ചു. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയ്ക്ക് ഒരു നഷ്ടവുമുണ്ടായിട്ടില്ലെന്നും അങ്ങനെ സംവിച്ചതിന്റെ ഒരു ചിത്രമെങ്കിലും ഹാജരാക്കാനാകുമോയെന്നും അജിത് ഡോവല്‍ പറഞ്ഞു.

മദ്രാസ് ഐഐടിയിലെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവേയാണ് അദ്ദേഹം ഓപ്പറേഷന്‍ സിന്ദൂറിലെ വിജയത്തെ പറ്റി വാചാലനായത്. ഇന്ത്യ ഉദ്ദേശിച്ച ഒരു ലക്ഷ്യം പോലും ആക്രമണത്തില്‍ നിന്ന് ഒഴിവായില്ല. അത്രകൃത്യമായിട്ടാണ് ആക്രമണം നടന്നത്. ഇന്ത്യയ്ക്ക് എന്തെങ്കിലും നാശനഷ്ടമുണ്ടായതിന്റെ ഒരു ഉപഗ്രഹ ചിത്രമെങ്കിലും ഹാജരാക്കാനും ഡോവല്‍ വെല്ലുവിളിച്ചു.

തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് 23 മിനിറ്റിനുള്ളില്‍ ഇന്ത്യ പാകിസ്ഥാനിലെ 13 വ്യോമതാവളങ്ങളില്‍ കൃത്യമായി ആക്രമണം നടത്തി. ഇതൊക്കെ ഉപഗ്രഹ ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ പുറത്തുകൊണ്ടുവന്നവയാണ്. എന്നാല്‍ വിദേശ മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ പക്ഷംപിടിച്ചാണ് വാര്‍ത്തകള്‍ കൊടുക്കുന്നത്. ഇന്ത്യയ്ക്ക് വലിയ നാശമുണ്ടായി എന്നാണ് പ്രചരിപ്പിക്കുന്നത്. അങ്ങനെ സംഭവിച്ചിട്ടുണ്ട് എങ്കില്‍ ഒരു ചിത്രമെങ്കിലും ഹാജരാക്കാന്‍ മാധ്യമങ്ങളെ ഡോവല്‍ വെല്ലുവിളിക്കുകയായിരുന്നു.

ഇന്ത്യ പാകിസ്താനിലെ ഭീകരകേന്ദ്രങ്ങളെ മാത്രമായിരുന്നു ലക്ഷ്യമിട്ടത്. ബ്രഹ്‌മോസ് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സാങ്കേതിക വിദ്യകളുടെ വിജയം ഡോവല്‍ ഊന്നിപ്പറഞ്ഞു. പാകിസ്താനിലുടനീളമുള്ള ആക്രമണത്തിന് ശേഷം ഇന്ത്യയ്ക്കും ചില തിരച്ചടികളുണ്ടായെന്ന വാദങ്ങളെ നിരാകരിച്ചാണ് അജിത് ഡോവല്‍ സംസാരിച്ചത്.