- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സംഘര്‍ഷങ്ങള്‍ സ്വാഭാവികം, പക്ഷേ ചൈനയും യു.എസും സുഹൃത്തുക്കളാകണം; അമേരിക്കയെ വീണ്ടും മഹത്തരമാക്കാനുള്ള ദര്‍ശനവുമായി കൈകോര്‍ക്കുന്നു; ഗാസയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന് ട്രംപ് നല്‍കിയ സംഭാവന മഹത്തരം; യുഎസ് സഹകരണത്തിന് തയാറെന്ന് ഷീ ജിന്‍പിങ്
'സംഘര്‍ഷങ്ങള്‍ സ്വാഭാവികം, പക്ഷേ ചൈനയും യു.എസും സുഹൃത്തുക്കളാകണം
ബുസാന്‍: തീരുവയുദ്ധത്തിനിടയിലും ചൈനയും അമേരിക്കയും തമ്മില്‍ കൂടുതല്‍ അടുക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള പുരോഗതി 'അമേരിക്കയെ വീണ്ടും മഹത്തരമാക്കാനുള്ള ദര്‍ശനവുമായി കൈകോര്‍ക്കുന്നു'വെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോട് പറഞ്ഞു. ദക്ഷിണ കൊറിയയിലെ ബുസാനില്‍ ഇരു നേതാക്കളും ഉന്നതതല ചര്‍ച്ചകള്‍ക്കായി കൂടിക്കാഴ്ച നടത്തവേയാണ് ചൈനീസ് പ്രസിഡന്റ് അനുനയ സ്വരവുമായി രംഗത്തെത്തിയത്.
കൂടിക്കാഴ്ച 'വലിയ സന്തോഷം' നല്‍കുന്നതാണെന്നും ട്രംപുമായി വര്‍ഷങ്ങളായുള്ള പരിചയമാണെന്നും ഷീ ജിന്‍പിങ് പ്രതികരിച്ചു. ''പ്രസിഡന്റ് ട്രംപിനെ കാണാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്. താങ്കള്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം, നമ്മള്‍ മൂന്ന് തവണ ഫോണില്‍ സംസാരിച്ചു. നിരവധി കത്തുകള്‍ കൈമാറി. ചൈന-യുഎസ് ബന്ധം സുസ്ഥിരമായി തുടരുന്നു. ചൈനയും അമേരിക്കയും എപ്പോഴും നേരിട്ട് കാണാറില്ല എന്നത് സ്വാഭാവികമാണ്. വലിയ സമ്പദ്വ്യവസ്ഥകള്‍ തമ്മില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നതും സാധാരണമാണ്. നമ്മള്‍ അവ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് പ്രധാനം'' -ഷീ പറഞ്ഞു.
സാമ്പത്തിക ബന്ധങ്ങള്‍ സുസ്ഥിരമാക്കുന്നതില്‍ ഇരുപക്ഷവും പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും കൂടിക്കാഴ്ചയില്‍ ഷീ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്വ്യവസ്ഥകളെ നയിക്കുന്നവരെന്ന നിലയില്‍ താനും ട്രംപും ഉഭയകക്ഷി ബന്ധങ്ങളുടെ ദിശയെ നയിക്കണം. വ്യാപാര ചര്‍ച്ചകള്‍ സമവായത്തിലെത്തി. ഇരു രാജ്യങ്ങളും പങ്കാളികളും സുഹൃത്തുക്കളും ആയിരിക്കണം. പുരോഗതിക്ക് അനുയോജ്യമായ ഒരു അന്തരീക്ഷം സൃഷ്ടിക്കണം. ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള ബന്ധത്തിന് ശക്തമായ അടിത്തറ കെട്ടിപ്പടുക്കുന്നതിന് യു.എസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയാറാണെന്നും ചൈനീസ് പ്രസിഡന്റ് വ്യക്തമാക്കി.
ഗസ്സയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന് ട്രംപ് നല്‍കിയ 'മഹത്തായ സംഭാവന'യെ ഷീ അഭിനന്ദിച്ചു. ട്രംപിന്റെ നേതൃത്വത്തില്‍ നടക്കുന്ന മറ്റ് സമാധാന ചര്‍ച്ചകളെയും പ്രോത്സാഹിപ്പിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.എസിന്റെയും റഷ്യയുടെയും പുതുക്കിയ ആണവ നിലപാട് മുതല്‍ ആഗോള വ്യാപാര രംഗത്തെ അനിശ്ചിതത്വം വരെ, വര്‍ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടയിലാണ് ഷീ-ട്രംപ് കൂടിക്കാഴ്ച. ഇരു നേതാക്കളും സമവായത്തിലെത്തിയാല്‍ അന്താരാഷ്ട്ര സമ്പദ്വ്യവസ്ഥക്ക് നേട്ടമായേക്കും. ചൈനക്കുമേല്‍ ഏര്‍പ്പെടുത്തിയ തരിഫിലും ട്രംപ് ഭരണകൂടം ഇളവു വരുത്തിയിട്ടുണ്ട്. ചര്‍ച്ചയെ പോസിറ്റിവായി സമീപിക്കുമെന്നാണ് ബുസാനില്‍ എത്തിയതിനു പിന്നാലെ ട്രംപ് പ്രതികരിച്ചത്.




