- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രംപിന് വീണ്ടും തിരിച്ചടി; അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോയിലേക്ക് മാറ്റുന്നത് തടഞ്ഞു ഫെഡറല്‍ കോടതി; കോടതിയുടെ ഇടപെടല്‍ മൂന്ന് വെനിസ്വേലന്‍ കുടിയേറ്റക്കാരെ ന്യൂ മെക്‌സികോയിലെ തടങ്കലില്‍നിന്ന് ഗ്വാണ്ടനാമോയിലേക്ക് മാറ്റാനുള്ള നടപടിക്കിടെ
ട്രംപിന് വീണ്ടും തിരിച്ചടി
വാഷിങ്ടണ്‍: അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ തടവറയിലേക്ക് മാറ്റാനുള്ള യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കത്തിന് തിരിച്ചടി. കുപ്രസിദ്ധ തടവുകാരെ പാര്‍പ്പിച്ച കേന്ദ്രമാണ് ഗ്വാണ്ടനാമോ. മൂന്ന് വെനിസ്വേലന്‍ കുടിയേറ്റക്കാരെ ന്യൂ മെക്‌സികോയിലെ തടങ്കലില്‍നിന്ന് ഗ്വാണ്ടനാമോയിലേക്ക് മാറ്റാനുള്ള നടപടിയാണ് ഫെഡറല്‍ കോടതി താല്‍ക്കാലികമായി തടഞ്ഞിരിക്കുന്നത്.
ന്യൂ മെക്‌സികോ ജില്ല കോടതി ജഡ്ജി കെന്നത് ജെ. ഗോണ്‍സാലസാണ് ഉത്തരവിട്ടത്. ട്രെന്‍ഡി അരഗ്വ സംഘവുമായി ബന്ധമുണ്ടെന്ന് തെറ്റായി ആരോപിച്ചാണ് തടങ്കലിലിട്ടിരിക്കുന്നതെന്ന് വെനിസ്വേലന്‍ കുടിയേറ്റക്കാര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. നിയമസേവനം ലഭിക്കുന്നതിലുള്ള അനിശ്ചിതത്വം മാറുന്നതുവരെ ഉത്തരവ് തടയണമെന്ന ഇവരുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
ഭരണഘടന അവകാശ കേന്ദ്രം, ന്യൂ മെക്‌സികോയുടെ അമേരിക്കന്‍ പൗരാവകാശ യൂനിയന്‍, ലാ അമേരിക്ക കുടിയേറ്റ ഉപദേശക കേന്ദ്രം എന്നിവ നല്‍കിയ പരാതിയുടെ ഭാഗമായാണ് ഇവര്‍ കോടതിയെ സമീപിച്ചത്. അതേസമയം, കോടതി ഉത്തരവിനോട് യു.എസ് കസ്റ്റംസ്, എമിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പ് പ്രതികരിച്ചിട്ടില്ല. ട്രംപ് വീണ്ടും പ്രസിഡന്റായി ചുമതലയേറ്റ ശേഷം 8000 അനധികൃത കുടിയേറ്റക്കാരെയാണ് അറസ്റ്റ് ചെയ്തത്.
അതിനിടെ യു.എസ് പൗരന്മാരുടെ രഹസ്യവിവരങ്ങള്‍ സ്വന്തമാക്കാനുള്ള ശതകോടീശ്വരനും വ്യവസായിയുമായ ഇലോണ്‍ മസ്‌കിന്റെ സര്‍ക്കാര്‍ കാര്യക്ഷമത വകുപ്പിന്റെ നീക്കവും നേരത്തെ കോടതി ഇടപെട്ടു തടഞ്ഞിരുന്നു. യു.എസ് ട്രഷറി വകുപ്പിന്റെ രഹസ്യരേഖകള്‍ സര്‍ക്കാര്‍ കാര്യക്ഷമത വകുപ്പിന് കൈമാറുന്നതിനാണ് വിലക്കിയത്.
വിവിധ സ്ഥാപനങ്ങളില്‍നിന്ന് രഹസ്യരേഖകള്‍ ആവശ്യപ്പെട്ട കാര്യക്ഷമത വകുപ്പ് നടപടി നേരത്തേ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സാമൂഹിക സുരക്ഷ, ബാങ്ക് അക്കൗണ്ട് നമ്പര്‍ തുടങ്ങിയ വ്യക്തികളുടെ രഹസ്യവിവരങ്ങളാണ് മസ്‌കിന്റെ ടീം വിവിധ സ്ഥാപനങ്ങളില്‍നിന്ന് ആവശ്യപ്പെട്ടിരുന്നത്. ഇതിനെതിരെ 19 ഡെമോക്രാറ്റിക് അറ്റോണി ജനറല്‍മാര്‍ കോടതിയെ സമീപിക്കുകയായിരുന്നു.
ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്റെ നേതൃത്വത്തിലെ ജനങ്ങള്‍ തെരഞ്ഞെടുക്കാത്ത സംഘത്തിന് രഹസ്യവിവരങ്ങള്‍ ആവശ്യപ്പെടാന്‍ അധികാരമില്ലെന്ന് ന്യൂയോര്‍ക് അറ്റോണി ജനറല്‍ ലെറ്റിഷിയ ജയിംസിന്റെ നേതൃത്വത്തില്‍ നല്‍കിയ ഹരജിയില്‍ ചൂണ്ടിക്കാട്ടി. ടാക്‌സ് റീഫണ്ട്, സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങള്‍, വിരമിച്ച സൈനികര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ഉള്‍പ്പടെയുള്ള നിരവധി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് ട്രഷറി വകുപ്പിന്റെ സെന്‍ട്രല്‍ പേയ്മെന്റ് സംവിധാനത്തിലൂടെയാണ്. ഓരോ വര്‍ഷവും കോടിക്കണക്കിന് ഡോളറിന്റെ ഇടപാട് നടക്കുന്ന ഈ സംവിധാനത്തില്‍ നിരവധി അമേരിക്കക്കാരുടെ സാമ്പത്തിക വിവരങ്ങളും വ്യക്തിവിവരങ്ങളും ഉണ്ട്.
ട്രംപ് അധികാരമേറ്റ ജനുവരി 20 മുതല്‍ ട്രഷറി വകുപ്പിന്റെ സിസ്റ്റത്തില്‍നിന്ന് രേഖകള്‍ ശേഖരിക്കുന്നതില്‍നിന്ന് എല്ലാവരേയും കോടതി വിലക്കിയിട്ടുണ്ട്. അത്തരം രേഖകള്‍ ഡൗണ്‍ലോഡ് ചെയ്തവര്‍ അത് ഉടന്‍ ഡെലീറ്റ് ചെയ്യണെന്നും ഉത്തരവില്‍ പറയുന്നു. ബരാക്ക് ഒബാമ പ്രസിഡന്റ് ആയിരിക്കെ നിയമിച്ച ജഡ്ജിയാണ് പോള്‍ എ. എംഗല്‍മെയര്‍.
അറിയപ്പെടുന്ന വ്യവസായിയായ ഇലോണ്‍ മസ്‌ക് ആണ് ട്രംപ് ഭരണകൂടം രൂപംനല്‍കിയ ഗവണ്‍മെന്റ് എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്‌മെന്റിന് നേതൃത്വം നല്‍കുന്നത്. ഡോജ് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ട്രംപ് ഭരണകൂടത്തിന്റെ അനാവശ്യ ചെലവുകള്‍ കണ്ടെത്തുന്നതിനും ഒഴിവാക്കുന്നതിനും വേണ്ടിയുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയാണ് ഈ വകുപ്പിന്റെ ലക്ഷ്യം.
ട്രഷറി വകുപ്പിന്റേ രേഖകളിലേക്കും മറ്റ് വിവിധ സര്‍ക്കാര്‍ ഏജന്‍സികളിലേക്കുമുള്ള ഡോജിന്റെ കടന്നുകയറ്റത്തിനെതിരെ വ്യാപക വിമര്‍ശം ഉയരുന്നുണ്ട്. ഭരണകൂടത്തിന്റെ തന്ത്രപ്രധാന മേഖലകളിലേക്ക് ഇലോണ്‍ മസ്‌കിന്റെ സ്വാധീനം വര്‍ധിക്കുന്നതിലാണ് വിമര്‍ശകരുടെ പ്രധാന ആശങ്ക. കേസില്‍ ഫെബ്രുവരി 14 -ന് കോടതി വാദം കേള്‍ക്കും. വിഷയത്തില്‍ വൈറ്റ്ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് വാര്‍ത്ത പുറത്തുവിട്ട അസോസിയേറ്റ് പ്രസ് പറയുന്നു.