വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന സര്‍വേകളില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ട്രംപിനേക്കാള്‍ തുടക്കത്തില്‍ മുന്‍തൂക്കം കമല ഹാരിസിന്. ബൈഡന്റെ പിന്‍മാറ്റത്തോടെയാണ് കമല സ്ഥാനാര്‍ഥിത്വത്തിലേക്ക് എത്തുന്നത്. ഔദ്യോഗികമായി കമല ഹാരിസിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍, ഡെമോക്രാറ്റുകള്‍ക്കിടയില്‍ മൂന്‍തൂക്കം കമലക്ക് തന്നെയാണ്. ബൈഡനായിരുന്നു സ്ഥാനാര്‍ഥിയെങ്കില്‍ ട്രംപ് അനായാസം വിജയിച്ചു കയറുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. എന്നാല്‍, കമലയുടെ എന്‍ട്രിയോടെ ഈ അവസ്ഥയ്ക്ക് മാറ്റം വന്നിട്ടുണ്ട്.

ഏറ്റവും ഒടുവില്‍ പുറത്തുവന്ന ബന്ധപ്പെട്ട നടന്ന സര്‍വേയില്‍ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ട്രംപിനേക്കാളും മുന്‍തൂക്കം വൈസ് പ്രസിഡന്റ് കമലഹാരിസിനാണ്. യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചതിന് ശേഷം നടത്തിയ ആദ്യ സര്‍വേയിലാണ് കമല ഹാരിസിന് മുന്‍തൂക്കമുണ്ടായത്.

റോയിട്ടേഴ്‌സ്/ഇപ്‌സോസ് സര്‍വേ പ്രകാരം കമല ഹാരിസിന് 44 ശതമാനം വോട്ടുകളും ട്രംപിന് 42 ശതമാനം വോട്ടുകളും ലഭിച്ചു. ബൈഡന്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ച് രണ്ടു ദിവസത്തിനകം നടത്തിയ സര്‍വേയുടെ ഫലങ്ങളാണ് റോയിട്ടേഴ്‌സ് പുറത്ത് വിട്ടത്. മുമ്പ് നടത്തിയ സര്‍വേയില്‍ 44 ശതമാനം വോട്ടോടെ ട്രംപും കമല ഹാരിസും ഒപ്പത്തിനൊപ്പമായിരുന്നു.

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകാനുള്ള പിന്തുണ ലഭിച്ചതായി യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് അറിയിച്ചിരുന്നു. പാര്‍ട്ടിയുടെ ഔദ്യോഗിക നാമനിര്‍ദേശം ഉടന്‍ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നതായും അവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

അമേരിക്കക്കാര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യവും അവകാശങ്ങളും ലഭിക്കുന്നതിന് മുമ്പുള്ള കാലഘട്ടത്തിലേക്ക് രാജ്യത്തെ തിരികെ കൊണ്ടുപോകാനാണ് റിപ്പബ്ലികന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ് ആഗ്രഹിക്കുന്നതെന്നും കമല ഹാരിസ് കൂട്ടിച്ചേര്‍ത്തു. പ്രസ്താവനയുടെ പകര്‍പ്പ് അവര്‍ 'എക്‌സി'ല്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.

ട്രംപിനെ കടന്നാക്രമിച്ചു കൊണ്ടുള്ള പ്രചരണമാണ് കമല ഹാരിസ് നടത്തുന്നത്. ഡെലവെയറിലെ വില്‍മിങ്ടണില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണ ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യവേയാണ് കമല ഹാരിസ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

ട്രംപിന്റെ പ്രോജക്ട് 2025 എന്ന പ്രകടനപത്രിക രാജ്യത്തെ ഇടത്തരം കുടുംബങ്ങളുടെ സാമ്പത്തിക ഭദ്രത തകര്‍ക്കുമെന്നും കോര്‍പറേറ്റുകള്‍ക്കും അതിസമ്പന്നര്‍ക്കും വന്‍ നികുതി ഇളവ് നല്‍കുകയും തൊഴിലാളി കുടുംബങ്ങളുടെ ജീവിതഭാരം വര്‍ധിപ്പിക്കുകയും ചെയ്ത പാളിയ നയങ്ങള്‍ തിരികെ കൊണ്ടുവരുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. ആഗസ്റ്റ് ഏഴിനാണ് ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുക. ജോ ബൈഡന്‍ പിന്മാറിയെങ്കിലും അദ്ദേഹത്തിന്റെ പ്രചാരക ടീംതന്നെയാണ് കമല ഹാരിസിനു വേണ്ടി പ്രവര്‍ത്തിക്കുന്നത്.

അതേസമയം, യു.എസ്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്നും നാടകീയമായി ജോ ബൈഡന്‍ പിന്മാറിയതിനു ശേഷമുള്ള ആദ്യ 24 മണിക്കൂറില്‍ നിയുക്ത പ്രസിഡന്റ് സ്ഥാനാര്‍ഥി കമലാ ഹാരിസിന്റെ പ്രചാരണത്തിന് 81 മില്യണ്‍ ഡോളര്‍ സംഭാവന ലഭിച്ചതായി ഡെമോക്രാറ്റിക് പ്രചാരണ വിഭാഗം അറിയിച്ചിരുന്നു. കമലാ ഹാരിസിന് പിന്നില്‍ ഒരു അടിത്തറയുണ്ട്. ഡൊണാള്‍ഡ് ട്രംപ് അദ്ദേഹത്തെ ഭയപ്പെടുകയാണ്. കാരണം അദ്ദേഹത്തിന്റെ ഭിന്നിപ്പിനും ജനവിരുദ്ധവുമായ അജണ്ടക്കും അമേരിക്കന്‍ ജനതയുടെ കാഴ്ചപ്പാടിനൊപ്പം നില്‍ക്കാന്‍ കഴിയില്ലെന്ന് കമല ഹാരിസിന്റെ പ്രചാരണ വിഭാഗം വക്താവ് കെവിന്‍ മുനോസ് പറഞ്ഞു.

അടുത്തമാസം നടക്കുന്ന ഡെമോക്രാറ്റിക് കണ്‍വെന്‍ഷന്‍ പ്രതിനിധികളുടെ വോട്ട് കമലഹാരിസിന് അത്യാവശ്യമാണ്. കഴിഞ്ഞ മാസം റിപ്പബ്ലിക്കന്‍ എതിരാളി ഡൊണാള്‍ഡ് ട്രംപിനെതിരെ നടത്തിയ ഡിബേറ്റിനു ശേഷം മറ്റു ഡെമോക്രാറ്റു നേതാക്കളില്‍ നിന്നുള്ള കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഹാരിസിനെ നോമിനേറ്റ് ചെയ്യാന്‍ ജോ ബൈഡന്‍ തീരുമാനിച്ചത്.

നേരത്തെ ട്രംപുമായുള്ള സംവാദത്തിന് പിന്നാലെ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് പിന്തുണ മാത്രമല്ല സംഭാവനയിലും വലിയ ഇടിവുണ്ടായിരുന്നു. ചെറിയ തുക പോലും സംഭാവന നല്‍കുന്നവരില്‍ കുറവുണ്ടാകാന്‍ ട്രംപ്- ബൈഡന്‍ സംവാദം കാരണമായിരുന്നു. തെരഞ്ഞെടുപ്പിന് 4 മാസം ശേഷിക്കെയാണ് ബൈഡന്‍ അപ്രതീക്ഷിതാമായി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറുന്നത്. പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളായ മുന്‍ പ്രസിഡന്റ് ബറാക് ഒബാമ, മുന്‍ സ്പീക്കര്‍ നാന്‍സി പെലോസി, സെനറ്റ് നേതാവ് ചക് ഷൂമര്‍ തുടങ്ങിയവര്‍ ബൈഡന്റെ സ്ഥാര്‍ഥിത്വത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു.