ന്യൂയോര്‍ക്ക്: 2024ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പിന്മാറിയതിന് പിന്നാലെ ഡെമോക്രാറ്റിക് പാര്‍ട്ടിയിലേക്ക് ഫണ്ടൊഴുകുന്നു. ഞായറാഴ്ച അപ്രതീക്ഷിതമായിട്ടായിരുന്നു ജോ ബൈഡന്റെ പ്രഖ്യാപനം. ബൈഡന്റെ ആരോഗ്യത്തില്‍ സംശയം പ്രകടിപ്പിച്ച് ഡെമോക്രാറ്റിക് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ സംശയമുയര്‍ന്ന സാഹചര്യത്തിലായിരുന്നു മത്സരത്തില്‍ നിന്ന് പിന്മാറാനുള്ള ബൈഡന്റെ തീരുമാനം.

ബൈഡന്‍ പിന്മാറിയതിനു ശേഷമുള്ള ആദ്യ 24 മണിക്കൂറില്‍ നിയുക്ത പ്രസിഡന്റ് സ്ഥാനാര്‍ഥി കമലാ ഹാരിസിന്റെ പ്രചാരണത്തിന് 81 മില്യണ്‍ ഡോളര്‍ സംഭാവന ലഭിച്ചതായി ഡെമോക്രാറ്റിക് പ്രചാരണ വിഭാഗം അറിയിച്ചു. 8,88,000ത്തിലധികം താഴെത്തട്ടിലുള്ള പാര്‍ട്ടി പ്രവര്‍ത്തകരാണ് സംഭാവനകള്‍ നല്‍കിയത്. കുറഞ്ഞ സമയത്തിനുള്ളിലെ റെക്കോര്‍ഡ് സംഭാവന തുകയാണ് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.

കമലാ ഹാരിസിന് പിന്നില്‍ ഒരു അടിത്തറയുണ്ട്. ഡൊണാള്‍ഡ് ട്രംപ് അദ്ദേഹത്തെ ഭയപ്പെടുകയാണ്. കാരണം അദ്ദേഹത്തിന്റെ ഭിന്നിപ്പിനും ജനവിരുദ്ധവുമായ അജണ്ടക്കും അമേരിക്കന്‍ ജനതയുടെ കാഴ്ചപ്പാടിനൊപ്പം നില്‍ക്കാന്‍ കഴിയില്ലെന്ന് കമല ഹാരിസിന്റെ പ്രചാരണ വിഭാഗം വക്താവ് കെവിന്‍ മുനോസ് പറഞ്ഞു.

അടുത്തമാസം നടക്കുന്ന ഡെമോക്രാറ്റിക് കണ്‍വെന്‍ഷന്‍ പ്രതിനിധികളുടെ വോട്ട് കമലഹാരിസിന് അത്യാവശ്യമാണ്. കഴിഞ്ഞ മാസം റിപ്പബ്ലിക്കന്‍ എതിരാളി ഡൊണാള്‍ഡ് ട്രംപിനെതിരെ നടത്തിയ ഡിബേറ്റിനു ശേഷം മറ്റു ഡെമോക്രാറ്റു നേതാക്കളില്‍ നിന്നുള്ള കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഹാരിസിനെ നോമിനേറ്റ് ചെയ്യാന്‍ ജോ ബൈഡന്‍ തീരുമാനിച്ചത്.

അതിനിടെ, സംസ്ഥാന ഡെമോക്രാറ്റിക് പാര്‍ട്ടി ചെയര്‍മാന്മാരില്‍ ഭൂരിഭാഗവും വൈസ് പ്രസിഡന്റ് ഹാരിസിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് പിന്തുണയ്ക്കുമെന്ന് അസോസിയേഷന്‍ ഓഫ് സ്റ്റേറ്റ് ഡെമോക്രാറ്റിക് കമ്മിറ്റിസ് (എ.എസ്.ഡി.സി) പ്രസ്താവനയില്‍ പറഞ്ഞു. ബൈഡന്റെ പ്രായം കണക്കിലെടുത്ത് സംഭാവന നല്‍കാന്‍ മടിച്ചവര്‍ അടക്കം പണം നല്‍കിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. 2020ന് ശേഷം ഒരു ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിക്ക് ചുരുങ്ങിയ സമയത്തിനുള്ളില്‍ ലഭിക്കുന്ന റെക്കോര്‍ഡ് സംഭാവനയാണ് കമല ഹാരിസിന് ലഭിക്കുന്നതെന്നാണ് സൂചന.

നേരത്തെ ട്രംപുമായുള്ള സംവാദത്തിന് പിന്നാലെ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് പിന്തുണ മാത്രമല്ല സംഭാവനയിലും വലിയ ഇടിവുണ്ടായിരുന്നു. ചെറിയ തുക പോലും സംഭാവന നല്‍കുന്നവരില്‍ കുറവുണ്ടാകാന്‍ ട്രംപ്- ബൈഡന്‍ സംവാദം കാരണമായിരുന്നു. തെരഞ്ഞെടുപ്പിന് 4 മാസം ശേഷിക്കെയാണ് ബൈഡന്‍ അപ്രതീക്ഷിതാമായി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറുന്നത്. പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളായ മുന്‍ പ്രസിഡന്റ് ബറാക് ഒബാമ, മുന്‍ സ്പീക്കര്‍ നാന്‍സി പെലോസി, സെനറ്റ് നേതാവ് ചക് ഷൂമര്‍ തുടങ്ങിയവര്‍ ബൈഡന്റെ സ്ഥാര്‍ഥിത്വത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു.