ടെഹ്‌റാന്‍: ഇറാനില്‍ അമേരിക്കന്‍ സഹായത്തോടെ ഇസ്രായേല്‍ ആക്രമണം നടത്തിയതിന് ശേഷം ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടിരുന്നത് ഇറാന്റെ ആണവശേഷി ഇല്ലാതാക്കിയെന്നായിരുന്നു. എന്നാല്‍, ഈ അവകാശവാദത്തെ ഇറാന്‍ തള്ളുകയും ചെയ്തു. ഇപ്പോഴിതാ ട്രംപിനെ അടക്കം പരിഹസിച്ചു കൊണ്ട് രംഗത്തുവന്നിരിക്കയാണ് ഇറാന്റെ പരമോന്നത നേതാവ ആയത്തുള്ള അലി ഖമേനി.

ഇറാന്റെ ആണവശേഷി അമേരിക്ക നശിപ്പിച്ചുവെന്ന ട്രംപിന്റെ വാദത്തെ ഇറാനിയന്‍ ഖമേനി തള്ളി. ചര്‍ച്ചക്കുള്ള ട്രംപിന്റെ ഓഫറും അദ്ദേഹം നിരസിച്ചു. ട്രംപ് പറയുന്നത് താന്‍ ഒരു ഇടനിലക്കാരനാണെന്നാണ്. എന്നാല്‍ ഒരു കരാര്‍ നിര്‍ബന്ധപൂര്‍വ്വം നടപ്പിലാക്കുകയും അതിന്റെ ഫലം മുന്‍കൂട്ടി നിശ്ചയിച്ചിരിക്കുകയും ചെയ്താല്‍ അത് ഒരു കരാറല്ല, മറിച്ച് അടിച്ചേല്‍പ്പിക്കലും ഭീഷണിപ്പെടുത്തലുമാണെന്ന് ഖമനേയി പറഞ്ഞു.

ഇറാന്റെ ആണവ ശേഖരം ബോംബിട്ട് നശിപ്പിച്ചു എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് അഭിമാനത്തോടെ പറയുന്നത്. എന്നാല്‍, നിങ്ങള്‍ സ്വപ്നം കാണുന്നത് തുടരൂവെന്നും ഖമനേയി പറഞ്ഞു. ഇറാന്‍ ആണവ സൗകര്യങ്ങള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും അമേരിക്കയ്ക്ക് അതുമായി എന്ത് ബന്ധമാണ് ഉള്ളത്യ ഈ ഇടപെടലുകള്‍ അനുചിതവും തെറ്റും നിര്‍ബന്ധിതവുമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ജൂണില്‍ ഇസ്രായേലും യുഎസും ഇറാനിയന്‍ ആണവ കേന്ദ്രങ്ങള്‍ ബോംബിട്ട് തകര്‍ത്തുവെന്ന് അവകാശപ്പെട്ടിരുന്നു. 12 ദിവസത്തെ വ്യോമാക്രമണത്തിന് ശേഷം ഇറാനും അമേരിക്കയും ധാരണയിലെത്തി. ഗാസയില്‍ ഇസ്രായേലും പലസ്തീന്‍ തീവ്രവാദ സംഘടനയായ ഹമാസും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതോടെ, ഇറാനുമായി സമാധാന കരാര്‍ ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ നന്നാകുമെന്ന് ട്രംപ് ഇസ്രായേല്‍ പാര്‍ലമെന്റില്‍ സംസാരിക്കവെ പറഞ്ഞു.

യുറേനിയം സമ്പുഷ്ടീകരണത്തിലൂടെ ഇറാന്‍ രഹസ്യമായി ഒരു ആണവ ബോംബ് വികസിപ്പിക്കാന്‍ ശ്രമിക്കുന്നതായി പാശ്ചാത്യ ശക്തികള്‍ ആരോപിക്കുന്നു. അതേസമയം, ആരോപണം ഇറാന്‍ ആവര്‍ത്തിച്ച് നിഷേധിച്ചിുന്നു.ഇതിനിടെ ഒക്‌റ്റോബര്‍ 18 ന് ലോക ശക്തികള്‍ തമ്മിലുള്ള നാഴികക്കല്ലായ പത്തു വര്‍ഷത്തെ ഇറാനെതിരെയുള്ള ആണവ ഉപരോധ കരാര്‍ അവസാനിച്ചു. തങ്ങളുടെ ആണവ പദ്ധതിയില്‍ ഇനി യാതൊരു നിയന്ത്രണങ്ങളും ഉണ്ടായിരിക്കില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചിയും പ്രഖ്യാപിച്ചിരുന്നു.

2015ലെ ഇറാനെതിരെയുള്ള ആണവ ഉപരോധ കരാറില്‍ ഇറാന്‍, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, റഷ്യ,യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവ വിയന്നയില്‍ ഒപ്പു വച്ച കരാറിലാണ് പത്തുവര്‍ഷത്തേയ്ക്ക് ഇറാന് ആണവ ഉപരോധം ഏര്‍പ്പെടുത്തിയത്. ഈ കരാറാണ് ഒക്‌റ്റോബര്‍ 18 ന് അവസാനിച്ചത്. ഇതോടെ ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരായ അന്താരാഷ്ട്ര ആണവ ഉപരോധങ്ങള്‍ പിന്‍വലിക്കപ്പെട്ടിരിക്കുകയാണ് ഇപ്പോള്‍.

ഉപരോധങ്ങള്‍ ഒഴിവാക്കുന്നതിനു പകരമായി ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണം 3.67ശതമാനം ആയി പരിമിതപ്പെടുത്തുകയും ഐക്യരാഷ്ട്ര സഭയയുടെ ആണവ നിരീക്ഷണ ഏജന്‍സിയായ ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സി അതിന്റെ ആണവ പ്രവര്‍ത്തനങ്ങളുടെ കര്‍ശനമായ മേല്‍നോട്ടം വഹിക്കുകയും ചെയ്‌തെങ്കിലും 2018 ല്‍ വാഷിങ്ടണ്‍ ഈ കരാര്‍ ഉപേക്ഷിക്കുകയും ഉപരോധങ്ങള്‍ പുന:സ്ഥാപിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ടെഹ്‌റാന്‍ അതിന്റെ ആണവ പദ്ധതി വര്‍ധിപ്പിക്കാന്‍ തുടങ്ങി.

നിലവില്‍ ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മനി എന്നിവരുടെ നേതൃത്വത്തില്‍ ഇറാനെതിരായ യുഎന്‍ ഉപരോധങ്ങള്‍ ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ഒരു ദശാബ്ദത്തിനിടെ ഇതാദ്യമായി നിലവില്‍ വന്നു. 2015-ല്‍ ഇറാന്‍, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, റഷ്യ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവ വിയന്നയില്‍ ഒപ്പുവച്ച കരാറില്‍, ആണവ പദ്ധതിയിലെ നിയന്ത്രണങ്ങള്‍ക്ക് പകരമായി ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരായ അന്താരാഷ്ട്ര ഉപരോധങ്ങള്‍ പിന്‍വലിച്ചു.

കരാറിലെ മൂന്ന് യൂറോപ്യന്‍ രാജ്യങ്ങളുടെ നിര്‍ബന്ധപ്രകാരം കഴിഞ്ഞ മാസം യുഎന്‍ ഉപരോധങ്ങള്‍ വീണ്ടും ഏര്‍പ്പെടുത്തിയത് കരാറിനെ ഫലപ്രദമായി ഇല്ലാതാക്കി. ഐഇഎയുടെ അഭിപ്രായത്തില്‍ ഇറാന്‍ ഇതിനകം തന്നെ 60 ശതമാനത്തോളം യുറേനിയം സമ്പുഷ്ടീകരണം നടത്തിക്കഴിഞ്ഞു. ഇത് ഒരു ബോംബുണ്ടാക്കാന്‍ വേണ്ടതിന്റെ 90 ശതമാനത്തോളമാണ്. സിവിലിയന്‍ ആവശ്യങ്ങള്‍ക്കു വേണ്ട യുറേനിയം സമ്പുഷ്ടീകരണത്തെക്കാള്‍ പല മടങ്ങാണിത്. അതേസമയം ഇപ്പോഴത്തെ സാഹചര്യത്തില്‍ വീണ്ടും ഉപരോധ നീങ്ങക്കളുമായി മുന്നോട്ടു പോകാന്‍ യൂറോപ്യന്‍ രാജ്യങ്ങളും തയ്യാറാകുകയാണ്.