- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടനില്‍ ലഹള പടരുമ്പോള്‍ ഒഴിവുകാലം ആസ്വദിക്കാന്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍; ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഹോളിഡേ പ്ലാന്‍ വിവാദമാകുന്നു
ലണ്ടന്‍: ബ്രിട്ടനില്‍ ഏതാണ്ട് മുഴുവനുമായി തന്നെ കലാപാന്തരീക്ഷം നിലനില്കുമ്പോള് കുടുംബത്തോടൊപ്പം ഒഴിവുകാലം ആഘോഷിക്കാനുള്ള പ്രധാനമന്ത്രി സര് കീര്‍ സ്റ്റാര്‍മറുടെ തീരുമാനം വിവാദമാവുകയാണ്. റോമാ സാമ്രാജ്യത്തിലെ നീറോ ചക്രവര്‍ത്തിയെ ഓര്‍മ്മിപ്പിച്ചു കൊണ്ട് വിമര്‍ശകര്‍ രംഗത്തെത്തുമ്പോള്‍ പ്രധാനമന്ത്രിയും ഒരു മനുഷ്യനാണെന്നും അദ്ദേഹത്തിനും ഒരു കുടുംബമുണ്ടെന്നും ഓര്‍മ്മിപ്പിക്കുകയാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍. ബ്ലാക്ക്പൂള്‍ സൗത്തില്‍ നിന്നുള്ള ലേബര്‍ എം പിയായ ക്രിസ് വെബ് പറഞ്ഞത് പ്രധാനമന്ത്രിക്കും സ്വന്തം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കേണ്ടതുണ്ട് എന്നാണ്.
ബ്ലാക്ക്പൂള്‍, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളില്‍ ഉള്‍പ്പടെ ബ്രിട്ടന്റെ വിവിധ ഭാഗങ്ങളില്‍ ശനിയാഴ്ച അക്രമ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. നിരവധി പോലീസുകാര്‍ക്ക് പരിക്കേറ്റ അക്രമങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ ഏകദേശം തൊണ്ണൂറോളം പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. തന്റെ ചില സുഹൃത്തുക്കള്‍ക്ക് വംശീയവെറി പൂണ്ട ആക്രമണങ്ങള്‍ക്ക് ഇരയാകേണ്ടി വന്നതിനാല്‍ ബ്ലാക്ക്പൂള്‍ ടൗണ്‍ സെന്ററില്‍ നിന്നും ഒഴിപ്പിക്കേണ്ടി വന്നതായും ക്രിസ്സ് വെബ് പറഞ്ഞു.
ഒഴിവുകാലം ആസ്വദിക്കുമ്പോഴും പ്രധാനമന്ത്രി രാജ്യത്തെ സാഹചര്യങ്ങള്‍ തുടര്‍ച്ചയായി നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുമെന്നും വെബ്ബ് പറഞ്ഞു. ഭരണകൂടത്തിന്റെ യന്ത്രം ചലിച്ചു കൊണ്ടേ ഇരിക്കും, സമര്‍ത്ഥനായ ഒരു ഉപ പ്രധാനമന്ത്രി തങ്ങള്‍ക്ക് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ലഹളയുമായി ബന്ധപ്പെട്ട് കൂടുതല്‍ നടപടികള്‍ കൈക്കൊള്ളണമെന്നാണ് ഒരു കൂട്ടം കണ്‍സര്‍വേറ്റീവ് നേതാക്കള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. കലാപവുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസുകളില്‍ അതിവേഗം തീര്‍പ്പുണ്ടാക്കാന്‍ കോടതികള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തി വരികയാണ്.
എന്നാല്‍, കൂടുതല്‍ നടപടികള്‍ വെണമെന്നാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃത്വത്തിലേക്ക് മത്സരിക്കുന്ന പ്രീതി പട്ടേലും ടോം ടുഗെന്ഡട്ടും ആവശ്യപ്പെടുന്നത്. ക്യാബിനറ്റ് ഓഫീസ് ബ്രീഫിംഗ് റൂമുകള്‍ എന്തുകൊണ്ട് ഇതുവരെയും തുറന്നില്ല എന്ന് ചോദിച്ച ടുഗന്ഡട്ട്, തെരുവുകളിലെ കലാപം തടയണമെന്ന ആഗ്രഹം സര്‍ക്കാരിനില്ലെന്നും ആരോപിച്ചു. തീവ്രവാദവും, ക്രമസമാധാന തകര്‍ച്ചയും ഒരു കാരണവശാലും സ്വീകരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ അദ്ദേഹം എത്രയും പെട്ടെന്ന് ഇതിന് അവസാനം കാണണമെന്നും ആവശ്യപ്പെട്ടു.