ലണ്ടന്‍: കുടിയേറ്റത്തിനെതിരെ ബ്രിട്ടീഷ് ഭരണകൂടം കര്‍ശന നിലപാട് എടുക്കുമ്പോള്‍, പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മറെ സംബന്ധിച്ചിടത്തോളം ഇതൊരു വഴി തിരിയലാണ്. യൂറോപ്യന്‍ യൂണിയന് വേണ്ടിയും ഡിറ്റെന്‍ഷന്‍ സെന്ററുകള്‍ ഇല്ലാതെയാക്കുന്നതിനായും ശക്തമായ പ്രചാരണങ്ങളും പ്രഭാഷണങ്ങളും നടത്തിയിരുന്ന ഇടതുപക്ഷ ചിന്താഗതിക്കാരനായ നിയമജ്ഞന്‍ ഇവിടെ വഴി തിരിഞ്ഞ് നേരെ മറുഭാഗത്തേക്ക് പോവുകയാണ്. യൂറോപ്പിലാകെ ശക്തി പ്രാപിച്ചു വരുന്ന വലതു വികാരത്തില്‍ നിന്നും വേറിട്ടൊരു നിലനില്‍പ്പ് ബ്രിട്ടനും ഇല്ലെന്നുകൂടി ഇത് തെളിയിക്കുന്നു.

കുടിയേറ്റത്തിനു മേല്‍ നിയന്ത്രണങ്ങള്‍ ഇല്ലാതെയായാല്‍ ബ്രിട്ടന്‍ അപരിചിതരുടെ ഒരു ദ്വീപായി മാറുമെന്ന് സര്‍ കീര്‍ സ്റ്റാര്‍മര്‍ മുന്നറിയിപ്പ് നല്‍കി. അത് രാജ്യത്തിന് തന്നെ വലിയ അപകടമായി മാറും. വിദേശത്തു നിന്നുള്ള കെയര്‍ വര്‍ക്കര്‍മാരെ കുറയ്ക്കാനും, വിസ ലഭിക്കുവാനായി ആവശ്യമായ ഇംഗ്ലീഷ് ഭാഷാ പ്രവീണ്യത്തിന്റെ നിലവാരം വര്‍ദ്ധിപ്പിക്കാനും ഉള്‍പ്പടെ കുടിയേറ്റം നിയന്ത്രിക്കുന്നതിനായി കര്‍ശന നിയന്ത്രണങ്ങളാണ് ഇന്നലെ പുറത്തിറക്കിയ ധവളപത്രത്തില്‍ ഉള്ളത്. രാജ്യാതിര്‍ത്തിയുടെ നിയന്ത്രണം പൂര്‍ണ്ണമായും ലേബര്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും, കുടിയേറ്റമെന്ന തലവേദന ഇല്ലാതെയാക്കുമെന്നും അദ്ദേഹം നമ്പര്‍ 10 ഡൗണിംഗ് സ്ട്രീറ്റില്‍ വെച്ചു നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.

തീവ്ര വലതുപക്ഷ ചിന്ത പേറുന്ന നെയ്ജല്‍ ഫരാജിന്റെ റിഫോം യു കെ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ വന്‍ വിജയം കൊയ്തതോടെ കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നത് ബ്രിട്ടനിലെ രണ്ട് പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അനുഭവപ്പെട്ടു. അതുതന്നെയാണ്, പാര്‍ട്ടിയുടെ അടിസ്ഥാന ഇടതു നയത്തില്‍ നിന്നുപോലും വ്യതിചലിച്ച് കുറിയേറ്റത്തിനെതിരെ ഇത്രയും കര്‍ശന നിലപാട് സ്വീകരിക്കാന്‍ ലേബര്‍ പാര്‍ട്ടിയെ നിര്‍ബന്ധിതമാക്കിയത്.കുടിയേറ്റക്കാരുടെ അവകാശങ്ങള്‍ക്കായി പൊരുതും എന്ന് ഉറക്കെ പറഞ്ഞുകൊണ്ട്, ലേബര്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനത്ത് എത്തിയിട്ട് അഞ്ച് വര്‍ഷം മാത്രം ആയപ്പോഴാണ് കീര്‍ സ്റ്റാര്‍മര്‍ക്ക് ഇത്തരത്തില്‍ മലക്കം മറിയേണ്ടി വന്നത്.

ജെറെമി കോര്‍ബിന് പകരക്കാരനെ കണ്ടെത്തേണ്ടി വന്ന സാഹചര്യത്തില്‍ ഇടതുപക്ഷ തീപ്പൊരിയായ റെബേക്ക ലോംഗ് - ബെയ്ലിയെ പരാജയപ്പെടുത്തി നേതൃസ്ഥാനത്ത് എത്തുന്നതിനായിരുന്നു അന്ന് സ്റ്റാര്‍മര്‍ ഇടത് ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചത്. സഞ്ചാര സ്വാതന്ത്ര്യം, അനധികൃത അഭയാര്‍ത്ഥികളോട് കൂടുതല്‍ മൃദു സമീപനം എന്നൊക്കെയായിരുന്നു അന്ന് അദ്ദേഹത്തിന്റെ മുദ്രാവാക്യങ്ങള്‍. എന്നാല്‍, നേതൃത്വത്തില്‍ എത്തിയതിനു ശേഷം അദ്ദേഹം കുടിയേറ്റ വിഷയത്തില്‍ തന്റെ നിലപാട് കടുപ്പിക്കുകയായിരുന്നു.

കുടിയേറ്റ വിഷയത്തില്‍ സ്റ്റാര്‍മറുടെ വിശ്വാസ്യത നഷ്ടപ്പെട്ടതായി ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിലിപ്പ് പറഞ്ഞു. ഒരുകാലത്ത് കുടിയേറ്റ നിയമങ്ങളെ വംശീയവെറിയായി കാണുകയും , വിദേശ ക്രിമിനലുകളെ നാടു കടത്തുന്നതിനെതിരെ നിരന്തരം എഴുതുകയും ചെയ്ത വ്യക്തിയാണ് കീര്‍ സ്റ്റാര്‍മര്‍ എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ധവളപത്രത്തിലെ നിര്‍ദ്ദേശമനുസരിച്ച്, ബ്രിട്ടനില്‍ 10 വര്‍ഷം താമസിച്ചാല്‍ മാത്രമെ പൗരത്വത്തിനായി അപേക്ഷിക്കാന്‍ കഴിയുകയുള്ളു. എന്നാല്‍, ബ്രിട്ടീഷ് സമൂഹത്തിനായി മികച്ച സംഭാവനകള്‍ നല്‍കുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍ എന്നിവര്‍ക്ക് എളുപ്പത്തില്‍ പൗരത്വം ലഭിക്കും.

സ്വന്തം പാര്‍ട്ടിയുടെ നേതാവായ ടോണി ബ്ലെയര്‍ പ്രധാനമന്ത്രി ആയിരുന്നപ്പോഴാണ് അഭയാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ അവകാശപ്പെടാനുള്ള അര്‍ഹത എടുത്തു കളയാന്‍ തീരുമാനിച്ചത്. അന്ന് അതിനെ വിദഗ്ധമായി തകിടം മറിച്ച വ്യക്തിയാണ് രണ്ട് പതിറ്റാണ്ടോളം ഇടതുപക്ഷ മനുഷ്യാവകാശ സംരക്ഷകനായി പ്രവര്‍ത്തിച്ച നിയമജ്ഞന്‍ കൂടിയായ സര്‍ കീര്‍ സ്റ്റാര്‍മര്‍. അദ്ദേഹം ഇപ്പോള്‍ കര്‍ശനമായ കുടിയേറ്റ നിയന്ത്രണത്തിനായി ഒരുങ്ങുമ്പോള്‍, അത് വിധിയുടെ മറ്റൊരു തമാശയായി മാത്രമെ കാണാനാകൂ.