ലണ്ടന്‍: കള്ള ബോട്ട് കയറി എത്തിയാല്‍ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസവും ബുഫെയും പഠനവും ചികിത്സയും ഉറപ്പാക്കുന്ന തട്ടിപ്പിനെതിരെയുള്ള ജനരോഷം ഒടുവില്‍ ഫലം കണ്ടു. അനധികൃത കുടിയേറ്റക്കാരെ ഹോട്ടലുകളില്‍ പാര്‍പ്പിക്കുന്നതിനെതിരെ ഹൈക്കോടതി നിര്‍ണായക വിധി പുറപ്പെടുവിച്ചതോടെ ലോക്കല്‍ കൗണ്‍സിലുകള്‍ അവരെ മാറ്റാന്‍ നടപടികള്‍ തുടങ്ങി. കണ്‍സര്‍വേറ്റീവ്- റിഫോം കൗണ്‍സിലുകള്‍ നടപടി ആരംഭിച്ചതോടെ ലേബര്‍ കൗണ്‍സിലുകളും പ്രതിരോധത്തിലായി. കുടിയേറ്റ വിരുദ്ധ ജനരോഷം എങ്ങനെ കൈകാര്യം ചെയ്യണം എന്നറിയാതെ കീര്‍ സ്റ്റര്‍മാര്‍ സര്‍ക്കാരും പ്രതിസന്ധിയിലേക്ക് നീങ്ങുന്നു.

പൊതുജനാഭിപ്രായത്തോട് പിന്‍തിരിഞ്ഞ് നില്‍ക്കാനാകാതെ ലേബര്‍ കൗണ്‍സിലുകളും കുടിയേറ്റ ഹോട്ടലുകളുടെ വിഷയത്തില്‍ ഹോം ഓഫീസിനെതിരെ തിരിഞ്ഞതോടെ കീര്‍ സ്റ്റാര്‍മര്‍ പാര്‍ട്ടിക്കുള്ളില്‍ പുതിയ പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. രാജ്യത്തെ ഒട്ടുമിക്ക കൗണ്‍സിലുകളും തങ്ങള്‍ എപ്പിംഗ് ഫോറസ്റ്റ് ഡിസ്ട്രിക്റ്റ് കൗണ്‍സിലിന്റെ പാത പിന്തുടര്‍ന്ന്, അനധികൃതമായി എത്തുന്ന അഭയാര്‍ത്ഥികളെ തങ്ങളുടെ പ്രദേശങ്ങളിലെ ഹോട്ടലുകളില്‍ താമസിപ്പിക്കുന്നത് തടയുന്നതിനുള്ള നിയമനടപടികള്‍ ആരംഭിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ലേബറിന്റെ നിയന്ത്രണത്തിലുള്ള, ചുരുങ്ങിയത് നാല് കൗണ്‍സിലുകള്‍ എങ്കിലും ഹൈക്കോടതി ഉത്തരവ് വിശദമായി പഠിച്ച്, സ്വന്തമായ രീതിയില്‍ നടപടികള്‍ കൈക്കൊള്ളുന്നതിന് തയ്യാറെടുക്കുകയാണ്. ഇതാണ് പ്രധാനമന്ത്രിക്ക് പുതിയ തലവേദന സൃഷ്ടിച്ചിരിക്കുന്നത്. അതേസമയം, നിയമനടപടികളുമായി മുന്നോട്ട് പോകുന്ന, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ കീഴിലുള്ള കൗണ്‍സിലുകള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പാര്‍ട്ടി നേതാവ് കെമി ബെയ്ഡ്‌നോക്ക് കത്ത് എഴുതിയിട്ടുണ്ട്. അതേസമയം, ഹോട്ടലുകള്‍ക്ക് പകരമായി, സ്വകാര്യ വാടകവീടുകള്‍ അഭയാര്‍ത്ഥികള്‍ക്കുള്ള വാസ സ്ഥലമായി മാറ്റാനുള്ള സാധ്യത ഇല്ലെന്ന് പ്രഖ്യാപിക്കാന്‍ ഹോം സെക്രട്ടറി യുവറ്റ് കൂപ്പര്‍ക്ക് മേല്‍ സമ്മര്‍ദ്ദമേറുകയാണ്.

അതേസമയം, ചൊവ്വാഴ്ചയിലെ, സുപ്രധാനമായ ഹൈക്കോടതി വിധിക്ക് ശേഷം, അനധികൃത അഭയാര്‍ത്ഥികളെ എവിടെ താമസിപ്പിക്കുമെന്ന കാര്യത്തില്‍ ഒരു നിശ്ചയവുമില്ലെന്ന് ഹോം ഓഫീസ് മന്ത്രി ഡാന്‍ ജാര്‍വിസ് സമ്മതിച്ചു. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍, കോടതി ഉത്തരവ് അനുസരിച്ച് ബെല്‍ ഹോട്ടലില്‍ നിന്നും അഭയാര്‍ത്ഥികളെ നീക്കേണ്ടതായി വരും. അവരെ എങ്ങോട്ട് കൊണ്ടു പോകും എന്നതില്‍ വ്യക്തമായ ഒരു തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് ഇനിയുമായിട്ടില്ല. രാജ്യത്താകമാനം തന്നെ, അനധികൃത അഭയാര്‍ത്ഥികളെ പൊതു ഖജനാവില്‍ നിന്നും പണം ചെലവഴിച്ച് ഹോട്ടലുകളില്‍ പാര്‍പ്പിക്കുന്നതിനെതിരെ ജനരോഷം ഉയരുകയാണെന്ന് ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിലിപ്പ് ചൂണ്ടിക്കാട്ടി. ലേബര്‍ അധികാരത്തിലേറിയതിന് ശേഷം, ഹോട്ടലുകളില്‍ പാര്‍പ്പിക്കുന്ന അഭയാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായതായും ക്രിസ് ഫിലിപ്പ് പറഞ്ഞു.

ഹോം സെക്രട്ടറിക്കുള്ള കത്തിലാണ് കൂപ്പര്‍ ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്. ഇപ്പോള്‍ ഹോട്ടലുകളില്‍ നിന്നും ഒഴിപ്പിക്കുന്ന അഭയാര്‍ത്ഥികളെ അപ്പാര്‍ട്ട്‌മെന്റുകളില്‍ താമസിപ്പിക്കാന്‍ ആലോചിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നുണ്ട്. ലേബര്‍ സര്‍ക്കാരിന്റെ ഭരണത്തിന്‍ കീഴില്‍ ബ്രിട്ടീഷ് യുവാക്കള്‍ ഒരു താമസസ്ഥലം ലഭിക്കാതെ ക്ലേശിക്കുന്ന സമയത്താണ് ഇത്തരം നടപടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 210 ഹോട്ടലുകളിലായി 32,000 അനധികൃത അഭയാര്‍ത്ഥികളെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. നികുതിദായകരുടെ 6 മില്യന്‍ പൗണ്ടാണ് പ്രതിദിനം ഇവര്‍ക്കായി ചെലവഴിക്കുന്നത്. മറ്റു പലരെയും സ്വകാര്യ വാടക വീടുകളിലും താമസിപ്പിച്ചിട്ടുണ്ട്. യുവാക്കളും വിദ്യാര്‍ത്ഥികളും സാധാരണയായി താമസിക്കാന്‍ തിരഞ്ഞെടുക്കാറുള്ള ഹൗസ് ഓഫ് മള്‍ട്ടിപ്പിള്‍ ഒക്കുപ്പന്‍സി വിഭാഗത്തില്‍ പെട്ട വീടുകളും അഭയാര്‍ത്ഥികളെ താമസിപ്പിക്കാനായി ഉപയോഗിക്കുന്നുണ്ട്.

പ്രദേശവാസികളുടെ അഭിപ്രായം അറിയുന്നതിനുള്ള കണ്‍സള്‍ട്ടേഷന്‍ നടത്താതെയാണ് ലേബര്‍ സര്‍ക്കാര്‍ പല ഹോട്ടലുകളും അഭയാര്‍ത്ഥികള്‍ക്കുള്ള വാസസ്ഥലമാക്കി മാറ്റിയതെന്ന് ബെയ്ഡ്‌നോക്ക്, കണ്‍സര്‍വേറ്റീവ് കൗണ്‍സില്‍ അംഗങ്ങള്‍ക്ക് അയച്ച കത്തില്‍ പറയുന്നു. സര്‍ക്കാര്‍, രാജ്യത്തെ പൗരന്മാരെ രണ്ടാം കിടക്കാരായാണ് പരിഗണിക്കുന്നതെന്നും കത്തില്‍ ആരോപിക്കുന്നുണ്ട്. അതേസമയം, വിറാല്‍ കൗണ്‍സിലിലെ ലേബര്‍ നേതാവ്, പൗള ബാസ്‌നെറ്റ്, താന്‍ പാര്‍ട്ടി നയങ്ങള്‍ പിന്തുടരില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. കൗണ്‍സിലിന്റെ പരിധിയിലുള്ള ഹോയ്ലേക്കിലെ ഹോളിഡേ ഇന്‍ എക്സ്പ്രസ്സിലെ അഭയാര്‍ത്ഥികളെ നീക്കം ചെയ്യാനുള്ള നിയമനടപടികള്‍ സ്വീകരിക്കാന്‍ അവര്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

2022 ല്‍ റോയല്‍ നാഷണല്‍ ലൈഫ്‌ബോട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശീലനത്തിനെത്തിയവര്‍ ഈ ഹോട്ടലില്‍ താമസിച്ചിരുന്നു. പരിശീലനം പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് തന്നെ, അഭയാര്‍ത്ഥികള്‍ക്ക് താമസമൊരുക്കാന്‍ അവരെ ഇവിടെ നിന്നും ഇറക്കി വിട്ടത് അന്ന് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഹോട്ടലുകളെ ദീര്‍ഘകാലം അഭയാര്‍ത്ഥികള്‍ക്കുള്ള വാസസ്ഥാനമായി ഉപയോഗിക്കുനത് അനുവദിക്കാന്‍ കഴിയില്ല എന്നാണ് ബാന്‍സെറ്റ് വ്യക്തമാക്കിയത്. രാജ്യത്തിന്റെ മറ്റ് പലഭാഗങ്ങളിലും, അഭയാര്‍ത്ഥികളെ ഹോട്ടലുകളില്‍ നിന്നുമൊഴിപ്പിക്കാന്‍ നിയമനടപടികള്‍ പ്രയോജനപ്പെടുത്താം എന്ന് തെളിയിച്ചതിന്റെ അടിസ്ഥാനത്തില്‍ തങ്ങളും ആ വഴിക്ക് നീങ്ങുകയാണെന്നും അവര്‍ അറിയിച്ചു.

ലേബര്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ടാംവര്‍ത്ത് കൗണ്‍സില്‍ നേതാവ് കരോള്‍ ഡീനും തങ്ങള്‍ അഭയാര്‍ത്ഥികളെ ഹോട്ടലുകളില്‍ നിന്നുമൊഴിപ്പിക്കാനുള്ള നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് അറിയിച്ചിട്ടുണ്ട്. ലേബര്‍ പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ട്രഫോര്‍ഡ്, ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍, റഷ്‌മോര്‍, ഹാംപ്ഷയര്‍ കൗണ്‍സിലുകളും സമാനമായ നടപടികള്‍ കൈക്കൊള്ളും എന്ന വാര്‍ത്ത നിഷേധിച്ചിട്ടില്ല. റിഫോം യു കെയുടെ നേതൃത്വത്തിലുള്ള കൗണ്‍സിലുകളും ഇതേ ദിശയില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് പാര്‍ട്ടി നേതാവ് നെയ്ജല്‍ ഫരാജ് വ്യക്തമാക്കിയിട്ടുണ്ട്. ഹെര്‍ട്ട്‌ഫോര്‍ഡ്ഷയറിലെ ബ്രോക്സ്‌ബേണ്‍ ബറോ കൗണ്‍സിലിലെ അധികൃതര്‍ ഉത്തരവിന്റെ വിശദാംശങ്ങള്‍ പഠിക്കുവാന്‍ എപ്പിംഗ് കൗണ്‍സിലുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്.