- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലെബനനില്‍ ഹിസ്ബുള്ള കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നഗരങ്ങളിലും ഗ്രാമങ്ങളിലും ഇസ്രയേലിന്റെ വ്യാപക വ്യോമാക്രമണം; നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു; 400-ലേറെപ്പേര്‍ക്ക് പരിക്കേറ്റെന്നും ആരോഗ്യമന്ത്രാലയം
ഹിസ്ബുള്ള കേന്ദ്രങ്ങളെ തിങ്കളാഴ്ച ആക്രമിച്ചതായി ഇസ്രയേല്‍ സൈന്യം
ബെയ്‌റൂട്ട്: ഹിസ്ബുള്ള കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ലെബനനില്‍ ഇസ്രയേല്‍ നടത്തിയ വ്യാപക വ്യോമാക്രമണത്തില്‍ കുട്ടികളടക്കം നൂറിലേറെ കൊല്ലപ്പെട്ടതായി ലെബനന്‍. 400-ലേറെപ്പേര്‍ക്ക് പരിക്കേറ്റതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച രാവിലെ മുതല്‍ തെക്കന്‍ ലെബനനിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും ശത്രുക്കള്‍ ആക്രമണം നടത്തുന്നതായി മന്ത്രാലയം വ്യക്തമാക്കി. 300ഓളം ഹിസ്ബുള്ള കേന്ദ്രങ്ങളെ തിങ്കളാഴ്ച ആക്രമിച്ചതായി ഇസ്രയേല്‍ സൈന്യം എക്‌സില്‍ കുറിച്ചു. കൂടുതല്‍ ആക്രമണങ്ങള്‍ക്ക് തലവന്‍ ഹെര്‍സി ഹെലവി അനുമതി നല്‍കിയതായും ഐ.ഡി.എഫ്. വ്യക്തമാക്കി.
ഒക്ടോബര്‍ 7ന് ഇസ്രയേല്‍ ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം മേഖലയില്‍ നടന്ന ഏറ്റവും വലിയ ആക്രമണമാണിത്. നിരവധി ഹിസ്ബുല്ല കേന്ദ്രങ്ങളിലായി ഡസന്‍ കണക്കിന് ആക്രമണങ്ങളാണ് ഇസ്രയേല്‍ നടത്തിയത്. അതേസമയം വടക്കന്‍ ഇസ്രയേലിലെ മൂന്ന് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഹിസ്ബുല്ലയും പ്രത്യാക്രമണം നടത്തി. കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നുണ്ടെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രയേല്‍ലബനന്‍ അതിര്‍ത്തിയില്‍ ഒരു വര്‍ഷത്തിനിടെ നടന്ന ഏറ്റവും ശക്തമായ ആക്രമണമാണ് തിങ്കളാഴ്ച നടന്നത്. ലോക രാഷ്ട്രങ്ങള്‍ ഇസ്രയേലിനോടും ഹിസ്ബുല്ലയോടും യുദ്ധത്തില്‍നിന്ന് പിന്മാറണമെന്ന് അഭ്യര്‍ഥിച്ചതിന് പിന്നാലെയാണ് ഇസ്രയേലിന്റെ ഭാഗത്ത് നിന്ന് മാരകമായ ആക്രമണം നടന്നത്. തെക്കന്‍ ലബനന്‍ ഗ്രാമമായ സാവ്താര്‍, ബെക്കാ താഴ്വര, പുരാതന നഗരമായ ബാല്‍ബെക്ക് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അരമണിക്കൂറിനുള്ളില്‍ 80ലധികം വ്യോമാക്രമണങ്ങളാണ് ലബനനില്‍ നടന്നത്.
ഹിസ്ബുള്ള ഉപയോഗിക്കുന്ന കെട്ടിടങ്ങള്‍ക്ക് സമീപത്തുനിന്ന് മാറാന്‍ ആവശ്യപ്പെട്ട് ടെക്സ്റ്റ്- വോയിസ് മെസേജുകള്‍ ലഭിച്ചുവെന്ന് തെക്കന്‍ ലെബനനിലെ താമസക്കാരെ ഉദ്ധരിച്ച് ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്തു. ഹിസ്ബുള്ളയുടെ കീഴിലുള്ള ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ സ്വയരക്ഷക്കുവേണ്ടി മാറി താമസിക്കണമെന്നും സന്ദേശങ്ങളില്‍ ആവശ്യപ്പെടുന്നു. നേരത്തെ, ഇസ്രയേല്‍ സൈന്യത്തിന്റെ വക്താക്കള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച മുന്നറിയിപ്പുകള്‍ക്ക് സമാനമാണ് ഈ സന്ദേശമെന്നും ബി.ബി.സി. റിപ്പോര്‍ട്ടുചെയ്തു. ഇത്തരത്തിലൊരു സന്ദേശം തന്റെ ഓഫീസിനും ലഭിച്ചതായി ലെബനന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി സ്ഥിരീകരിച്ചു. 80,000ത്തിലേറെ ഇത്തരം കോളുകള്‍ വന്നതായി ഔദ്യോഗിക ടെലികോം സേവനദാതാക്കളായ ഒഗേറോ അറിയിച്ചു.
അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ നിര്‍ത്തിവെക്കാന്‍ തെക്കന്‍ ലെബനനിലെ എല്ലാ ആശുപത്രികള്‍ക്കും ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി. അത്യാഹിതവിഭാഗത്തില്‍ പരിക്കേറ്റ് എത്തുന്നവര്‍ക്ക് ചികിത്സ നല്‍കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി നിര്‍ത്തണം. തിങ്കളാഴ്ച രാവിലെ മുതല്‍ നടന്ന വ്യോമാക്രമണത്തില്‍ പരിക്കേറ്റ് നൂറുകണക്കിന് ആളുകളാണ് ആശുപത്രികളില്‍ എത്തുന്നത്. തെക്കന്‍ ലെബനനിലും ബയ്‌റുത്തിലും സ്‌കൂളുകള്‍ക്ക് രണ്ടുദിവസം അവധി പ്രഖ്യാപിച്ചു.
അതേസമയം ഹിസ്ബുല്ലയുമായി ബന്ധമുള്ള സ്ഥലങ്ങളില്‍ നിന്ന് ജനങ്ങള്‍ ഒഴിഞ്ഞു പോകണമെന്ന് ഇസ്രയേല്‍ സൈനിക വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി ലെബനനിലെ ജനങ്ങളോട് ആവശ്യപ്പെട്ടു. ഇനിയും ആക്രമണങ്ങള്‍ ഉണ്ടാകുമെന്നാണ് ഇസ്രയേലിന്റെ മുന്നറിയിപ്പ്. ലെബനനിലുടനീളം വ്യാപിച്ചുകിടക്കുന്ന ഹിസ്ബുല്ല ഭീകരകേന്ദ്രങ്ങള്‍ക്കെതിരെ ഇസ്രയേല്‍ സൈന്യം വരും ദിവസങ്ങളില്‍ ആക്രമണം വര്‍ധിപ്പിക്കാനാണ് നീക്കമെന്നും ഹഗാരി പറഞ്ഞു.
നിലവില്‍ ലെബനനിലെ തെക്ക്, കിഴക്ക് ഭാഗങ്ങളും തലസ്ഥാന നഗരമായ ബെയ്‌റൂട്ടിന്റെ തെക്കന്‍ മേഖലയുമാണ് ഹിസ്ബുല്ലയുടെ ശക്തികേന്ദ്രങ്ങളായി ഇസ്രയേല്‍ കണക്കാക്കുന്നത്. ലെബനന്‍ മറ്റൊരു ഗാസയായി മാറുമെന്ന് ന്യൂയോര്‍ക്കില്‍ വച്ച് നടന്ന ഐക്യരാഷ്ട്രസഭയുടെ വാര്‍ഷിക ജനറല്‍ അസംബ്ലിക്ക് മുന്നോടിയായി സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. സമാധാനം പുനഃസ്ഥാപിക്കാനായി ഇരുപക്ഷത്തോടും വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്‌തെങ്കിലും നടപ്പിലായിരുന്നില്ല.
ഇസ്രയേലുമായി തുറന്ന യുദ്ധത്തിലാണെന്ന് ഹിസ്ബുള്ളയുടെ ഉപമേധാവി നയീം കാസിം പ്രഖ്യാപിച്ചത് ഞായറാഴ്ചയാണ്. അവരുടെ പ്രമുഖ കമാന്‍ഡര്‍ ആയിരുന്ന ഇബ്രാഹിം അഖീലിന്റെ സംസ്‌കാരച്ചടങ്ങിനു ശേഷം സംസാരിച്ച അദ്ദേഹം 'ഞങ്ങള്‍ മനുഷ്യരാണ്, ഞങ്ങള്‍ക്ക് വേദനയുണ്ട്. പക്ഷേ നിങ്ങളും വേദനിക്കും' എന്ന് ഇസ്രയേലിന് മുന്നറിയിപ്പു നല്‍കി. സമീപകാലത്ത് ഇസ്രയേല്‍ ആക്രമണത്തില്‍ നിരവധി നേതാക്കളെ കമാന്‍ഡര്‍മാരെ നഷ്ടമായെങ്കിലും ഹിസ്ബുള്ള കൂടുതല്‍ ശക്തരായി തിരിച്ചു വന്നിരിക്കുകയാണെന്നും യുദ്ധമുന്നണിയില്‍ നിങ്ങള്‍ക്കതു ബോധ്യപ്പെടുമെന്നും നയീം പറഞ്ഞു വെച്ചു.
ഞായറാഴ്ച ഇസ്രയേലിന്റെ ഉള്‍ഭാഗങ്ങളിലേക്ക് തൊടുത്തുവിട്ട നൂറു റോക്കറ്റുകള്‍ ഇതിന്റെ തുടക്കം മാത്രമാണ്, ബാക്കി നിങ്ങള്‍ കണ്ടോളൂ എന്നും അദ്ദേഹം ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കി. അതേസമയം, ഹിസ്ബുള്ള തൊടുത്തുവിട്ട ബഹുഭൂരിപക്ഷം റോക്കറ്റുകളും ഡ്രോണുകളും മിസൈലുകളും നിര്‍വീര്യമാക്കാന്‍ അയേണ്‍ ഡോമിനു കഴിഞ്ഞെന്നും അതിനെ മറികടന്ന ഒന്നു രണ്ടെണ്ണം പതിച്ചു വിരലിലെണ്ണാവുന്നവര്‍ക്ക് പരിക്കു പറ്റിയെന്നും ഇസ്രയേല്‍ പറയുന്നു.
ഹിസ്ബുള്ള ഒരിക്കലും സങ്കല്‍പ്പിക്കാത്ത തരത്തിലുള്ള കനത്ത ആഘാതങ്ങളുടെ ഒരു പരമ്പരയാണ് തങ്ങള്‍ ഏല്‍പ്പിച്ചിരിക്കുന്നത് എന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. 'ഞാന്‍ ഉറപ്പുതരുന്നു, സന്ദേശം ഇനിയും അവര്‍ക്ക് വ്യക്തമായിട്ടില്ലെങ്കില്‍ വൈകാതെ വളരെ വ്യക്തമാവും. പൗരന്മാര്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ ഒരു രാജ്യത്തിനും സഹിക്കാന്‍ ആവുകയില്ല. ഇസ്രയേല്‍ എന്ന രാജ്യം അത് സഹിക്കുന്ന പ്രശ്‌നമില്ല,' അദ്ദേഹം പറഞ്ഞു. വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും ഏതാണ്ട് 63,000 പേര്‍ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറിയിട്ടുണ്ട്. ഇവര്‍ക്ക് പേടികൂടാതെ തിരിച്ചെത്താനും ജീവിതം പുനരാരംഭിക്കാനും കഴിയുംവരെ ആക്രമണം തുടരുമെന്നാണ് ഇസ്രായേല്‍ സംശയത്തിനിട നല്‍കാതെ പറയുന്നത്. അതേസമയം, ലെബനോന്റെ തെക്കും കിഴക്കും അതിര്‍ത്തികളില്‍ നിന്നും 95,000 പേര്‍ക്ക് ഒഴിഞ്ഞു പോവേണ്ടി വന്നു.
ഗാസയില്‍ ഹമാസിന്റെ പ്രതിരോധം ഏറെക്കുറെ അവസാനിച്ചു എന്ന് വേണം പറയാന്‍. അതിനിടയിലാണ് പൊട്ടിത്തെറിച്ച പേജറുകള്‍ ലോകത്തെ ഞെട്ടിച്ചത്. ഹിസ്ബുള്ളയുടെ പ്രധാന നേതാക്കള്‍ ആശയവിനിമയത്തിന് പേജറുകള്‍ മാത്രമാണ് ഉപയോഗിച്ചിരുന്നത്. ഇന്റര്‍നെറ്റുമായി ബന്ധമില്ലാത്ത ഈ ഏകാദിശാ ആശയവിനിമയ ഉപകരണങ്ങള്‍ ഹാക്ക് ചെയ്യാന്‍ പറ്റില്ല എന്നായിരുന്നു വിശ്വാസം. ഈ സ്‌ഫോടനപരമ്പരയില്‍ ചില പ്രധാന നേതാക്കള്‍ മരിച്ചു, ഇറാന്റെ സ്ഥാനപതിയടക്കം നൂറുകണക്കിന് ആള്‍ക്കാര്‍ക്ക് പരിക്കേറ്റു. അതുണ്ടാക്കിയ അമ്പരപ്പ് അവസാനിക്കും മുമ്പ് വോക്കി ടോക്കി പോലുള്ള കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങളും മറ്റും പൊട്ടിത്തെറിക്കാന്‍ തുടങ്ങി. ഈ സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടത് കുറഞ്ഞത് 37 പേരാണ്.മൂവായിരത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മിക്കവാറും പേര്‍ക്ക് ദീര്‍ഘനാളത്തെ ചികിത്സ വേണ്ടിവരും അപകടനില തരണം ചെയ്യാന്‍. നിരവധി പേരുടെ നില അതിഗുരുതരമാണ്.
ഹമാസ് പോരാളികള്‍ ഇസ്രയേലില്‍ കടന്നു കയറി 1,200 സിവിലിയന്‍മാരെ കൂട്ടക്കൊല ചെയ്യുകയും 250-ല്‍ അധികം പേരെ ബന്ധിയാക്കി ഗാസയിലേക്കു കടത്തുകയും ചെയ്തത് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഒമ്പതിനാണ്. ആ സംഭവം ഒന്നാം വാര്‍ഷികത്തിലേക്കെത്തുമ്പോള്‍ പശ്ചിമേഷ്യയാകെ യുദ്ധ ഭീതിയിലാണ്. ഇതുവരെ ഹമാസ് പോരാളികളടക്കം പതിനാലായിരത്തിലേറെ 41,300 പേര്‍ കൊല്ലപ്പെട്ടത് എന്നാണ് പ്രാദേശിക കണക്കുകള്‍. ഗാസയെ നിഷ്ഠൂരമായി അടിച്ചൊതുക്കിയ ഇസ്രയേല്‍ യുദ്ധമുഖം ലെബനനുമായുള്ള വടക്കന്‍ അതിര്‍ത്തിയിലേക്കു മാറ്റുകയും ഇറാന്‍ അനുകൂല സൈനിക സംഘടനയായ ഹിസ്ബുള്ളയ്ക്കു നേരെ വ്യോമാക്രമണമാരംഭിക്കുകയും ചെയ്തു. പകരമായി വടക്കന്‍ ഇസ്രയേലില്‍ റോക്കറ്റുകളും മിസൈലുകളും വര്‍ഷിക്കുകയാണ് ഹിസ്ബുള്ള. യുദ്ധം ഇനിയും മൂര്‍ച്ഛിക്കാനാണ് സാധ്യത നിലനില്‍ക്കുന്നത്.