- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോഷഖാന അഴിമതിക്കേസില്‍ ഇംറാന്‍ ഖാനും ഭാര്യ ബുഷ്‌റ ബീബിക്കും 17 വര്‍ഷം തടവുശിക്ഷ; പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിക്ക് ശിക്ഷ വിധിച്ചത് സൗദി അറേബ്യന്‍ സര്‍ക്കാരില്‍ നിന്ന് ലഭിച്ച ഔദ്യോഗിക സമ്മാനങ്ങള്‍ കൈകാര്യം ചെയ്തതില്‍ തട്ടിപ്പ് നടത്തിയെന്നാണ് കേസില്‍
തോഷഖാന അഴിമതിക്കേസില്‍ ഇംറാന്‍ ഖാനും ഭാര്യ ബുഷ്‌റ ബീബിക്കും 17 വര്‍ഷം തടവുശിക്ഷ
ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ വന്‍ തിരിച്ചടി. തോഷഖാന അഴിമതിക്കേസില്‍ ഇംറാന്‍ ഖാനും ഭാര്യ ബുഷ്‌റ ബീവിക്കും അഴിമതി വിരുദ്ധ കോടതി 17 വര്‍ഷം വീതം തടവുശിക്ഷ വിധിച്ചു. 2021ല്‍ സൗദി അറേബ്യന്‍ സര്‍ക്കാരില്‍നിന്ന് ലഭിച്ച ഔദ്യോഗിക സമ്മാനങ്ങള്‍ കൈകാര്യം ചെയ്തതില്‍ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. റാവല്‍പിണ്ടിയിലെ അതിസുരക്ഷാ ജയിലായ അദിയാലയില്‍ പ്രത്യേക കോടതി ജഡ്ജി ഷാറുഖ് അര്‍ജുമന്താണ് വിധി പ്രസ്താവിച്ചത്.
പാകിസ്താന്‍ പീനല്‍ കോഡിലെ 409-ാം വകുപ്പ് (വിശ്വാസവഞ്ചന) പ്രകാരം പത്തുവര്‍ഷം കഠിനതടവും, അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം ഏഴുവര്‍ഷത്തെ തടവുമാണ് ഇരുവര്‍ക്കും വിധിച്ചത്. ഇരുവരും 16.4 ദശലക്ഷം പാകിസ്താന്‍ രൂപ വീതം പിഴയായും ഒടുക്കണം.
വിലകൂടിയ വാച്ചുകള്‍, വജ്രം, സ്വര്‍ണാഭരണങ്ങള്‍ എന്നിവയുള്‍പ്പെടെ വിലപിടിപ്പുള്ള വസ്തുക്കള്‍ തോഷഖാനയില്‍ (സമ്മാനപ്പുര) നിക്ഷേപിക്കാതെ മറിച്ചുവിറ്റു എന്നാരോപിച്ച് 2024 ജൂലൈയിലാണ് കേസ് ഫയല്‍ ചെയ്തത്. ഈ കേസില്‍ ബുഷ്‌റ ബീബിക്ക് 2024 ഒക്ടോബറിലും ഇംറാന്‍ ഖാന് തൊട്ടടുത്ത മാസവും ഇസ്ലാമാബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയത്. മറ്റൊരു കേസില്‍ ഇരുവരും അദിയാല ജയിലില്‍ തടവില്‍ കഴിയുന്നതിനിടെയാണ് പുതിയ വിധി വരുന്നത്. ശിക്ഷാ വിധിക്കെതിരെ ഹൈകോടതിയില്‍ അപ്പീല്‍ നല്‍കാം.
നേരത്തെ തോഷഖാന അഴിമതി കേസില്‍ ഇസ്‌ലാമാബാദ് ഹൈകോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെ കലാപാഹ്വാനത്തിന് റാവല്‍പിണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇംറാനെ അറസ്റ്റ് ചെയ്തത്. രണ്ട് ഡസനിലേറെ കേസുകളില്‍ കൂടി ജാമ്യം ലഭിച്ചാലേ ഇംറാനു ജയിലില്‍ നിന്നിറങ്ങാനാവൂ. മുന്‍ പ്രധാനമന്ത്രിക്കെതിരെ ഇസ്‌ലാമാബാദില്‍ 62ഉം ലഹോറില്‍ 54ഉം കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ജയിലില്‍ കസ്റ്റഡിയില്‍ കഴിയുമ്പോള്‍ സെപ്റ്റംബര്‍ 28ന് ഇംറാന്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത സംഭവത്തിലാണ് അറസ്റ്റെന്ന് പൊലീസ് പറയുന്നു. പിന്നാലെ അരങ്ങേറിയ ബഹുജന പ്രക്ഷോഭത്തില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് അക്രമങ്ങള്‍ അരങ്ങേറി. പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്‌തെന്നും അധികൃതര്‍ പറയുന്നു.
തനിക്കെതിരായ കേസുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് ഇംറാന്‍ ഖാനും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ പാകിസ്താന്‍ തെഹ്രീകെ ഇന്‍സാഫും (പി.ടി.ഐ) ആവര്‍ത്തിച്ച് അവകാശപ്പെടുന്നു. തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി അദ്ദേഹത്തെ ദുര്‍ബലപ്പെടുത്താനുള്ള പ്രചാരണത്തിന്റെ ഭാഗമാണ് നിയമനടപടികളെന്ന് പി.ടി.ഐ വാദിക്കുന്നു. രണ്ട് വര്‍ഷത്തിലേറെയായി തടവില്‍ കഴിയുകയാണ് ഇംറാന്‍ ഖാന്‍.




