- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂറോപ്പില്‍ പുതിയ എന്‍ട്രി എക്‌സിറ്റ് സിസ്റ്റം ഇന്നലെ മുതല്‍ പൂര്‍ണ്ണമായി നിലവില്‍ വന്നു; ഒഴിവുകാല യാത്ര കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് വിമാനത്താവളങ്ങളില്‍ നീണ്ട ക്യൂ അഭിമുഖീകരിക്കേണ്ടി വന്നേക്കാം; 27,000 പേര്‍ക്ക് യൂറോപ്പിലേക്ക് പ്രവേശനം നിഷേധിച്ച് പുതിയ ഇ ഇ എസ്; യാത്രാ നിയമങ്ങളിലെ മാറ്റങ്ങള്‍ അറിയാം
യൂറോപ്പില്‍ പുതിയ എന്‍ട്രി എക്‌സിറ്റ് സിസ്റ്റം ഇന്നലെ മുതല്‍ പൂര്‍ണ്ണമായി നിലവില്‍ വന്നു

ലണ്ടന്‍: യൂറോപ്പിലാകെ പുതിയ എന്‍ട്രി എക്‌സിറ്റ് സിസ്റ്റം പൂര്‍ണ്ണമായും ഇന്നലെ, ഏപ്രില്‍ 10 മുതല്‍ നിലവില്‍ വന്നു. ഇത് വിമാനത്താവളങ്ങളില്‍ വലിയ ക്യൂ പ്രത്യക്ഷപ്പെടുന്നതിന് കാരണമായേക്കാം എന്ന മുന്നറിയിപ്പും യാത്രക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പോര്‍ച്ചുഗലിലെ ഫാറോയില്‍ നിന്നും തിരിച്ചെത്തിയ ജോനാഥന്‍ സൈ്വന്‍ ഇന്നലെ ഗുഡ് മോര്‍ണിംഗ് ബ്രിട്ടനില്‍ പറഞ്ഞത് ഫിംഗര്‍പ്രിന്റ് ലോഗിന്‍ ചെയ്യാന്‍ ഓട്ടോമാറ്റിക് ഗേറ്റുകള്‍ ഉപയോഗിക്കുവാനാണ്. ഫാറോ വിമാനത്താവളത്തില്‍ വലിയ തിരക്കായിരുന്നെങ്കിലും മെഷിനുകള്‍ ലഭ്യമായതിനാല്‍ ഒരുപാട് സമയം പാഴാക്കേണ്ടതായി വന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ജനുവരി മുതല്‍ തന്നെ ഏകദേശം പകുതിയോളം ബോര്‍ഡര്‍ പോയിന്റുകളില്‍ ഇ ഇ എസ് ഉപയോഗിക്കാന്‍ തുടങ്ങിയിരുന്നു. ഇന്നലെ മുതല്‍ ആണ് അത് പൂര്‍ണ്ണമായും സജ്ജമായത്. ഇതുകാരണം യാത്രാ താമസം ഉണ്ടായേക്കാം എന്ന് ഹോം ഓഫീസ് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ദക്ഷിണ യൂറോപ്പിലേക്ക് യാത്ര ചെയ്യുന്നവര്‍, പുതിയ സിസ്റ്റത്തിലൂടെ കടന്നു പോകുന്നതിനായി ചുരുങ്ങിയത് നാല് മണിക്കൂറെങ്കിലും നീക്കിവയ്ക്കണമെന്ന് അഡ്വാന്റേജ് ട്രാവല്‍ പാര്‍ട്ടണര്‍ഷിപ്പും നിര്‍ദ്ദേശിക്കുന്നു. പുതിയ സിസ്റ്റത്തില്‍ യാത്രക്കാര്‍ അവരുടെ വിരലടയാളം, ഫോട്ടോ എന്നിവ റെജിസ്റ്റര്‍ ചെയ്യേണ്ടതായിട്ടുണ്ട്. അതുപോലെ തങ്ങളുടെ സന്ദര്‍ശനത്തെ കുറിച്ചുള്ള ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടതായും വരും.
ലക്ഷ്യ സ്ഥാനത്ത് എവിടെയാണ് താമസിക്കുന്നത്, ചെലവുകള്‍ക്കായി ആവശ്യത്തിന് പണം കൈവശമുണ്ടോ, മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടോ എന്നു തുടങ്ങിയ ചോദ്യങ്ങളായിരിക്കും ചോദിക്കുക. യൂറോപ്യന്‍ ഷെന്‍ങ്കന്‍ മേഖലയിലെ 29 രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നവരും, അവിടെ നിന്ന് മടക്കയാത്ര ചെയ്യുന്നവരും ഈ റെജിസ്‌ട്രേഷന്‍ നിര്‍ബന്ധമായും ചെയ്തിരിക്കണം. കുട്ടികളും റെജിസ്റ്റര്‍ ചെയ്തിരിക്കണമെങ്കിലും 12 വയസ്സിന് താഴെയുള്ളവര്‍ക്ക് വിരലടയാളം നല്‍കേണ്ടതില്ല. ഒരിക്കല്‍ റെജിസ്റ്റര്‍ ചെയ്താല്‍ അതിന് മൂന്ന് വര്‍ഷക്കാലം വരെ സാധുതയുണ്ടായിരിക്കും. തുടര്‍ന്നുള്ള യാത്രകള്‍ക്ക് വിരലടയാളവും ഫോട്ടോയും മാത്രമേ പരിശോധിക്കുകയുള്ളു.
ആയിരക്കണക്കിന് പേര്‍ക്ക് സന്ദര്‍ശനാനുമതി നിഷേധിച്ച് പുതിയ ഇ ഇ എസ്
യൂറോപ്പില്‍ സന്ദര്‍ശനത്തിനായി പുതിയ ഇലക്ട്രോണിക് എക്‌സിറ്റ് സിസ്റ്റം (ഇ ഇ എസ്) നിലവില്‍ വന്നതോടെ ആയിരക്കണക്കിന് ആളുകള്‍ക്ക് പ്രവേശനാനുമതി നിഷേധിക്കപ്പെട്ടതായി റിപ്പോര്‍ട്ട്. ഏകദേശം എഴുന്നൂറോളം പേരെ സുരക്ഷാ ഭീഷണിക്ക് കാരണക്കാരെന്ന് കണ്ടെത്തുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. യൂറോപ്പിലേക്കുള്ള യാത്രകള്‍ കൂടുതല്‍ എളുപ്പത്തിലും, സുരക്ഷിതത്വത്തിലും ആക്കാന്‍ കഴിയുന്നതാണ് പഴയ പാസ്സ്‌പോര്‍ട്ട് സ്റ്റാമ്പ് സിസ്റ്റത്തിനു പകരമായുള്ള ഈ പുതിയ ഡിജിറ്റല്‍ റെജിസ്‌ട്രേഷന്‍ സിസ്റ്റം എന്നാണ് യൂറോപ്യന്‍ കമ്മീഷന്‍ അവകാശപ്പെടുന്നത്
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇത് നിലവില്‍ വന്നതിനു ശേഷം 52 ദശലക്ഷത്തിലധികം പേരാണ് ഈ സിസ്റ്റം ഉപയോഗിച്ച് അതിര്‍ത്തികള്‍ കടന്നിട്ടുള്ളത്. അതേസമയം, ഇക്കാലയളവില്‍ ഏകദേശം 27,000 തവണ ഈ സിസ്റ്റം പ്രവേശനം നിഷേധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല, യൂറോപ്യന്‍ യൂണിയന് സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നവരായി 700 പേരെ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. അയര്‍ലന്‍ഡും, സൈപ്രസും ഒഴിച്ചുള്ള യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളും, ഷെന്‍ങ്കന്‍ ഫ്രീ മൂവ്‌മെന്റ് ഏരിയയില്‍ ഉള്‍പ്പെടുന്ന നോര്‍വേ, ഐസ്ലാന്‍ഡ്, സ്വിറ്റ്‌സര്‍ലാന്‍ഡ്, ലൈക്കെന്‍സ്റ്റീന്‍ എന്നീ രാജ്യങ്ങളും പുതിയ സിസ്റ്റം ഉപയോഗിക്കുന്നുണ്ട്.


