ഒട്ടാവ: യു.എസ്. പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്, ഇറക്കുമതി ചെയ്ത വാഹനങ്ങള്‍ക്ക് പ്രഖ്യാപിച്ച പുതിയ താരിഫുകളോട് കാനഡ ഉടന്‍ പ്രതികരിക്കുമെന്നും അമേരിക്കക്കെതിരെ പ്രതികാര നടപടികള്‍ ഉണ്ടാവുമെന്നും പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. ട്രംപിന്റെ നീക്കം 'നേരിട്ടുള്ള ആക്രമണം' ആണെന്നാണ് മാര്‍ക്ക് കാര്‍ണി പ്രതികരിച്ചത്. വിഷയത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ഉടന്‍ ഉന്നതതല കാബിനറ്റ് യോഗം വിളിക്കുമെന്നും കാര്‍ണി പറഞ്ഞു.

'ഞങ്ങള്‍ ഞങ്ങളുടെ തൊഴിലാളികളെ സംരക്ഷിക്കും. ഞങ്ങളുടെ കമ്പനികളെ സംരക്ഷിക്കും. രാജ്യത്തെ സംരക്ഷിക്കും. ഞങ്ങള്‍ ഒരുമിച്ച് അതിനെ പ്രതിരോധിക്കും'- അദ്ദേഹം പറഞ്ഞു. ട്രംപിന്റെ ഉയര്‍ന്ന തോതിലുള്ള തീരുവകള്‍ വടക്കേ അമേരിക്കന്‍ വാഹന വ്യവസായത്തെ തകര്‍ക്കാന്‍ കെല്‍പുള്ളതാണെന്നാണ് നിരീക്ഷകര്‍ പറയുന്നത്. കാനഡയിലെ ഏറ്റവും ജനസംഖ്യയുള്ള പ്രവിശ്യയായ ഒന്റാറിയോയാണ് ആഭ്യന്തര വാഹന വ്യവസായത്തിന്റെ കേന്ദ്രം.

കാനഡ എപ്പോള്‍ പ്രതികരിക്കുമെന്ന് ചോദിച്ചപ്പോള്‍ 'അത് ഉടന്‍ സംഭവിക്കും. ഞങ്ങള്‍ക്ക് ഓപ്ഷനുകളുണ്ട്. ഞങ്ങള്‍ക്ക് പ്രതികാര താരിഫുകള്‍ അവതരിപ്പിക്കാന്‍ കഴിയും' -കാര്‍ണി പറഞ്ഞു. ഇതിനകം തന്നെ 155 ബില്യണ്‍ കനേഡിയന്‍ ഡോളറിന്റെ പ്രതികാര താരിഫുകളുടെ ഒരു പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. കനേഡിയന്‍ ജനതയെ വേദനിപ്പിക്കാതെ അമേരിക്കന്‍ ജനതക്ക് കഴിയുന്നത്ര വേദന വരുത്തുമെന്ന് തങ്ങള്‍ ഉറപ്പാക്കുമെന്ന് നേരത്തെ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് നേരത്തെ പറഞ്ഞിരുന്നു.

ഈ മാസം ആദ്യം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനുശേഷം കാര്‍ണി ഈ വിഷയം ചര്‍ച്ച ചെയ്തിട്ടില്ല. ഏകോപിത പ്രതികരണത്തെക്കുറിച്ച് മറ്റ് ഒമ്പത് പ്രവിശ്യകളുമായി ഉടന്‍ സംസാരിക്കുമെന്ന് ഫോര്‍ഡ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നമുക്ക് ഇവിടെ രണ്ട് വഴികളുണ്ട്. ഒന്നുകില്‍ അവര്‍ നമ്മളെ ഓടിച്ചുവിട്ട് വേണ്ടത് നേടും. അല്ലെങ്കില്‍ നമ്മള്‍ ഒരിക്കലും പോരാടിയിട്ടില്ലാത്തതുപോലെ പോരാടും. രണ്ടാമത്തേതാണ് എനിക്ക് ഇഷ്ടം - അദ്ദേഹം പറഞ്ഞു.

ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് അധിക നികുതിയാണ് അമേരിക്ക ഏര്‍പ്പെടുത്തിയത്. 25 ശതമാനം അധിക നികുതിയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബി.എം.ഡബ്ല്യൂവും മെഴ്‌സിഡസ് ബെന്‍സും അടക്കം എല്ലാം കമ്പനികളും ഇതോടെ അങ്കലാപ്പിലായിരിക്കുകയാണ്. കൂടാതെ കാറുകളുടെ വില കുതിച്ചുയര്‍ന്നതോടെ അമേരിക്കക്കാരും ട്രംപിനെതിരെ കലിപ്പിലാണ്. കഴിഞ്ഞ ദിവസം ഓവല്‍ ഓഫീസില്‍ ട്രംപ് തന്നെയാണ് അധിക നികുതി ഏര്‍പ്പെടുത്തിയ കാര്യം പ്രഖ്യാപിച്ചത്.

അമേരിക്കന്‍ വാഹന കമ്പനികളുടെ ബിസിനസ് മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് ട്രംപ് ഈ തീരുമാനം എടുത്തിരിക്കുന്നതെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. അടുത്ത മാസം രണ്ട് മുതല്‍ പുതിയ നികുതി നിരക്ക് പ്രാബല്യത്തില്‍ വരും. അമേരിക്കയുടെ മിത്രങ്ങള്‍ക്കും ശത്രുക്കള്‍ക്കും ഇക്കാര്യം ഒരു പോലെ ബാധകമാണെന്നും നിരക്ക് വര്‍ദ്ധന നേരിയ തോതില്‍ മാത്രമാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി. മറ്റൊരു കാലത്തും ഉണ്ടാകാത്ത തരത്തില്‍ അമേരിക്കയിലെ വാഹന വ്യവസായം അഭിവൃദ്ധിപ്പെടാന്‍ പുതിയ തീരുമാനം സഹായിക്കുമെന്ന വിശ്വാസത്തിലാണ് ട്രംപും അനുയായികളും. കാര്‍വില കുതിച്ചുയരുന്നത് അമേരിക്കക്കാരെ വെട്ടിലാക്കുമോ എന്ന ചോദ്യത്തിന് അമേരിക്ക നിലവില്‍ മികച്ച സാമ്പത്തിക സ്ഥിതിയിലാണെന്നാണ് ട്രംപ് മറുപടി നല്‍കിയത്.