ഓട്ടവ: കാനഡയില്‍ ജനപ്രതിനിധിസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ മാര്‍ക് കാര്‍ണിയുടെ നേതൃത്വത്തിലുള്ള ലിബറല്‍ പാര്‍ട്ടിക്ക് ഭരണത്തുടര്‍ച്ച. കനേഡിയന്‍ മാധ്യമങ്ങള്‍ കാര്‍ണി അധികാരത്തിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടു ചെയ്തു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് പിയറി പോളിവെര്‍ പരാജയം അംഗീകരിക്കുകയും പ്രധാനമന്ത്രി മാര്‍ക് കാര്‍ണിയെ അഭിനന്ദിക്കുകയും ചെയ്തു. പോരാട്ടം തുടരുന്നതില്‍ അഭിമാനമെന്നും 20 സീറ്റുകളില്‍ മികച്ച നേട്ടമുണ്ടായെന്നും 1988 നുശേഷം ഏറ്റവും ഉയര്‍ന്ന വോട്ട് വിഹിതം ലഭിച്ചെന്നും പിയറി പോളിവെര്‍ പറഞ്ഞു.

64 ശതമാനം വോട്ടാണ് ഒന്റാരിയോയില്‍ മാര്‍ക്ക് കാര്‍ണി നേടിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കാനഡയെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നതായാണ് തെരഞ്ഞെടുപ്പ് വിജയം പ്രഖ്യാപിച്ച് മാര്‍ക്ക് കാര്‍ണി പ്രതികരിച്ചത്. അത് ഒരിക്കലും വിജയിക്കില്ലെന്നും മാര്‍ക്ക് കാര്‍ണി വിശദമാക്കി. ആരാണ് കാനഡയെ ശക്തമാക്കാന്‍ തയ്യാറായിട്ടുള്ളതെന്നാണ് തെരഞ്ഞെടുപ്പ് വിജയ പ്രഖ്യാപനത്തിന് പിന്നാലെ മാര്‍ക്ക് കാര്‍ണി പ്രതികരിച്ചത്.

തിരഞ്ഞെടുപ്പില്‍ വമ്പന്‍ പരാജയം നുണഞ്ഞ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ജഗ്മീത് സിങ് രാജിവച്ചു. ബേര്‍ണബേ സെന്‍ട്രല്‍ സീറ്റില്‍ ലിബറല്‍ സ്ഥാനാര്‍ഥി വേഡ് ചാങ്ങിനോടാണ് ജഗ്മീത് സിങ് പരാജയപ്പെട്ടത്. സിങ്ങിന് 27.3 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ ചാങ് 40 ശതമാനത്തില്‍ അധികം വോട്ട് നേടി. പ്രധാനമന്ത്രി കാര്‍ണിയെ ജഗ്മീത് സിങ് അഭിനന്ദിച്ചു.

''ന്യൂ ഡെമോക്രാറ്റിക്കിന് നിരാശയുടെ ദിവസമാണ്. എന്നാല്‍ നല്ലൊരു കാനഡയെക്കുറിച്ച് സ്വപ്നം കാണാനാവില്ലെന്നു പറയുന്നതു വിശ്വസിക്കുമ്പോള്‍ മാത്രമാണു നമ്മള്‍ പരാജയപ്പെടുന്നത്. കൂടുതല്‍ സീറ്റുകളില്‍ എന്‍ഡിപിക്ക് വിജയിക്കാന്‍ കഴിയാത്തതില്‍ നിരാശയുണ്ട്. പക്ഷേ നമ്മുടെ പ്രസ്ഥാനത്തെക്കുറിച്ച് ഓര്‍ത്ത് നിരാശയില്ല. നമ്മുടെ ഈ പാര്‍ട്ടിയില്‍ എനിക്ക് പ്രതീക്ഷയുണ്ട്. ഭയത്തിനു മുകളില്‍ പ്രതീക്ഷയെ നാം തിരഞ്ഞെടുക്കും. ഈ രാജ്യത്തെ നിര്‍മിച്ചത് ന്യൂ ഡെമോക്രാറ്റുകളാണ്. ഞങ്ങള്‍ എവിടെയും പോകുന്നില്ല'' ജഗ്മീത് സിങ് എക്‌സില്‍ കുറിച്ചു.

അതിനിടെ മാര്‍ക് കാര്‍ണിയെ അഭിനന്ദിച്ച് യുഎസ് മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തി. ''കാനഡയിലെ തിരഞ്ഞെടുപ്പ് വിജയത്തില്‍ ലിബറല്‍ പാര്‍ട്ടിയെയും പ്രധാനമന്ത്രി മാര്‍ക് കാര്‍ണിയെയും അഭിനന്ദിക്കുന്നു. അമേരിക്കന്‍ ജനതയും കനേഡിയന്‍ പൗരന്മാരും പരസ്പരം പങ്കിടുന്ന അടിസ്ഥാന മൂല്യങ്ങളും താല്‍പര്യങ്ങളും പിന്തുണയ്ക്കുന്നതില്‍ മാര്‍ക്ക് ഒരു കരുത്തുറ്റ നേതാവായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്'' ജോ ബൈഡന്‍ എക്‌സില്‍ കുറിച്ചു.

ലിബറല്‍ പാര്‍ട്ടി പരാജയപ്പെടുമെന്നും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വിജയിക്കുമെന്നുമായിരുന്നു ആദ്യകാല നിരീക്ഷണം. എന്നാല്‍ ട്രംപ് വീണ്ടും യുഎസില്‍ അധികാരത്തില്‍ തിരിച്ചെത്തുകയും കാനഡയുടെ പരമാധികാരത്തെയും സമ്പദ്‌വ്യവസ്ഥയെയും ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീവ്ര പ്രതികരണങ്ങള്‍ കനേഡിയന്‍ പൗരന്മാരെ പ്രകോപിപ്പിക്കുക മാത്രമല്ല, ട്രംപുമായുള്ള സാമ്യം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെയും അവരുടെ നേതാവ് പിയറി പോളിവെറിനെയും പ്രതിരോധത്തിലാക്കി. 172 സീറ്റുകളാണ് ഭൂരിപക്ഷത്തിന് ആവശ്യമായിട്ടുള്ളത്. വ്യക്തമായ ഭൂരിപക്ഷം കിട്ടാത്തപക്ഷം ചെറു പാര്‍ട്ടികളെ ചേര്‍ത്ത് സര്‍ക്കാര്‍ രൂപീകരിക്കാനായിരിക്കും ലിബറല്‍ പാര്‍ട്ടി ശ്രമിക്കുകയെന്നാണ് പുറത്ത് വരുന്ന സൂചന.