ലണ്ടന്‍: റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ടുള്ള കുടിയേറ്റം ബ്രിട്ടനിലെ ജനസംഖ്യയെ യൂറോപ്യന്‍ യൂണിയനിലെ മറ്റേതൊരു രാജ്യത്തെ ജനസംഖ്യയേക്കാള്‍ വേഗത്തില്‍ വര്‍ദ്ധിപ്പിക്കുകയാണെന്ന് റിപ്പോര്‍ട്ട്. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ബ്രിട്ടന്റെ ജനസംഖ്യ, 69.6 മില്യന്‍ എന്നതില്‍ നിന്നും 6.8 ശതമാനം വര്‍ദ്ധിച്ച് 74.3 മില്യനില്‍ എത്തുമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍ പറയുന്നത്. വെറും 6,72,000 ജനങ്ങളുള്ള ലക്സംബര്‍ഗില്‍ മാത്രമാണ് ഇതിനേക്കാള്‍ കൂടിയ നിരക്കില്‍ ജനസംഖ്യ വര്‍ദ്ധനവ് ഉണ്ടാവുക. അവിടെ ജനസംഖ്യ 10 ശതമാനത്തോളം വര്‍ദ്ധിക്കും.

നിയന്ത്രിക്കുന്ന കാര്യത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ അമ്പേ പരാജയപ്പെട്ട കുടിയേറ്റം തന്നെയാണ് ജനസംഖ്യ വര്‍ദ്ധനവിനുള്ള പ്രധാന കാരണം എന്നത് ബ്രിട്ടനെ സംബന്ധിച്ച് ഏറെ ആശങ്കയുയര്‍ത്തുന്ന കാര്യമാണ്. കഴിഞ്ഞ 25 വര്‍ഷക്കാലത്തിനുള്ളില്‍ യു കെയിലെ ജനസംഖ്യ 92 ലക്ഷം വര്‍ദ്ധിച്ചു എന്ന ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തു വന്നതിനു തൊട്ടുപിന്നാലെയാണ് പുതിയ റിപ്പോര്‍ട്ടും വരുന്നത്. ബ്രിട്ടനിലെ ജനസംഖ്യ വര്‍ദ്ധനവ് നിയന്ത്രണാധീതമായേക്കും എന്ന ആശങ്കയില്‍ ഒരു ഇന്‍ഡിപെന്‍ഡന്റ് ഓഫീസ് ഫോര്‍ ഡെമോഗ്രാഫിക് ചേഞ്ച് രൂപീകരിക്കണമെന്നും പാര്‍ലമെന്ററി കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിരുന്നു.;

പതിനായിരക്കണക്കിന് അനധികൃത കുടിയേറ്റക്കാര്‍ ഓരോ വര്‍ഷവും ചെറുയാനങ്ങളില്‍ ഇംഗ്ലീഷ് ചാനല്‍ കടന്നെത്തുന്ന വര്‍ത്തമനകാലത്തെ ജനപ്പെരുപ്പ നിരക്ക് ചരിത്രത്തില്‍ ഇന്നു വരെ കണ്ടിട്ടില്ലാത്തത്ര വലുതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുടിയേറ്റത്തിനെതിരെ കര്‍ശന നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ സമീപ ഭാവിയില്‍ ബ്രിട്ടന്‍ മുന്‍പെങ്ങുമില്ലാത്തതു പോലത്തെ വന്‍ പ്രതിസന്ധി നേരിടേണ്ടി വരുമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

എന്നാല്‍, ഐക്യരാഷ്ട്ര സഭയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത് ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ യു കെയുടെ നെറ്റ് മിഗ്രേഷന്‍ 14.3 മില്യന്‍ ആയി ഉയരുമെന്നാണ്. ഇതേ കാലയളവില്‍ ഫ്രാന്‍സി ഉണ്ടാവുക 7.8 മില്യന്‍ നെറ്റ് മൈഗ്രേഷനാണ്. ഈ വര്‍ഷത്തിനും 2100 നും ഇടയില്‍ 27 യൂറോപ്യന്‍ അംഗരാജ്യങ്ങളില്‍ 3 എണ്ണത്തില്‍ മാത്രമെ ജനസംഖ്യ വര്‍ദ്ധനവ് ഉണ്ടാവുകയുള്ളു എന്നാണ് ഐക്യരാഷ്ട്ര സഭയുടെ വേള്‍ഡ് പോപ്പുലേഷന്‍ പ്രോസ്പെക്റ്റസ് 2024 ല്‍ പറയുന്നത്. ലക്സംബര്‍ഗ്, സ്വീഡന്‍, ഫ്രാന്‍സ് എന്നിവയാണ് ആ രാജ്യങ്ങള്‍.

അതേസമയം നെറ്റ് മൈഗ്രേഷന്‍ പൂജ്യമായാല്‍ 2100 ഓടെ യു കെയിലെ ജനസംഖ്യ 50 മില്യന് താഴെയായി കുറയുമെന്നും റിപ്പോര്‍ട്ടില്‍ കാണിക്കുന്നു. ഇത് എകദേശം 1950 ലെ ജനസംഖ്യക്ക് തുല്യമാണ്. ബ്രിട്ടനിലെ ജനന നിരക്കില്‍ വന്ന കുറവാണ് ഇതിനു കാരണം. മാത്രമല്ല, ബ്രിട്ടീഷുകാരുടെ ശരാശരി പ്രായം കഴിഞ്ഞ വര്‍ഷം 40 ഉണ്ടായിരുന്നത് 2100 ആകുമ്പോഴേക്കും 47 ആയി ഉയരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, യുവാക്കളാണ് കുടിയേറ്റക്കാരില്‍ ഏറിയ പങ്കും എന്നതിനാല്‍, കുടിയേറ്റമില്ലെങ്കില്‍ ഇത് 2067 ആകുമ്പോള്‍ തന്നെ 50 ആയി ഉയരും.