ന്യൂയോര്‍ക്ക്: അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സര്‍ക്കാരില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി മൈക്ക് വോള്‍ട്‌സിനെ നിയമിച്ചു. അസോസിയേറ്റ് പ്രസാണ് വാട്‌സിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ച വിവരം അറിയിച്ചത്. മുന്‍ സൈനിക ഉദ്യോഗസ്ഥനായ വാട്‌സ് ചൈനയുടെ കടുത്ത വിമര്‍ശകനായാണ് അറിയപ്പെടുന്നത്.

ആര്‍മി നാഷനല്‍ ഗാര്‍ഡ് ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം യുഎസ് സെനറ്റിലെ ഇന്ത്യ കോക്കസ് സമിതിയുടെ തലവനുമാണ്. ട്രംപിന്റെ കടുത്ത അനുയായിയാണ് ഈസ്റ്റ് സെന്‍ട്രല്‍ ഫ്‌ലോറിഡയില്‍നിന്ന് മൂന്നുവട്ടം വിജയിച്ചിട്ടുള്ള ഈ റിപ്പബ്ലിക്കന്‍ അംഗം.

അഫ്ഗാനിസ്ഥാനില്‍ യുഎസ് സൈന്യത്തിനൊപ്പം പലവട്ടം പ്രവര്‍ത്തിച്ചിട്ടുണ്ട്. രണ്ടു വട്ടം പെന്റഗണില്‍ നയകാര്യ ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചു. കടുത്ത ചൈനാവിരോധിയായ വോള്‍ട്‌സ് ബെയ്ജിങ്ങില്‍ 2022ല്‍ നടന്ന ശൈത്യകാല ഒളിംപിക്‌സ് യുഎസ് ബഹിഷ്‌കരിക്കണമെന്ന് ശക്തമായി വാദിച്ചയാളാണ്.

കോവിഡ് മഹാമാരി ലോകവ്യാപകമായി പടരാന്‍ കാരണം ചൈനയുടെ കരങ്ങളാണെന്ന് ആരോപിച്ചായിരുന്നു വോള്‍ട്‌സിന്റെ നീക്കം. സിന്‍ജിയാങ്ങിലെ മുസ്ലിം വിഭാഗമായ ഉയിഗുറുകളുടെ അവകാശങ്ങള്‍ക്കായും ഇദ്ദേഹം ശബ്ദം ഉയര്‍ത്തിയിട്ടുണ്ട്.

അധികാരമേല്‍ക്കുന്നതിനു പിന്നാലെ യുക്രെയ്ന്‍ റഷ്യ യുദ്ധം, വളര്‍ന്നുവരുന്ന ഉത്തര കൊറിയ റഷ്യ ബന്ധം, ഇസ്രയേല്‍ ഗാസ ഇറാന്‍ ലെബനന്‍ സംഘര്‍ഷം തുടങ്ങിയ വിഷയങ്ങളില്‍ വോള്‍ട്‌സിന് ഇടപെടേണ്ടി വരും.

ട്രംപിനെ പിന്തുണക്കുന്ന വോള്‍ട്‌സ് ഏഷ്യ-പസഫിക് മേഖലയില്‍ ചൈനയുടെ പ്രവര്‍ത്തനങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. മേഖലയിലെ സംഘര്‍ഷം ഒഴിവാക്കുന്നതില്‍ അമേരിക്കയുടെ ഇടപെടല്‍ വേണമെന്ന ശക്തമായ വാദക്കാരനും കൂടിയാണ് വോള്‍ട്‌സ്.

ദേശീയ സുരക്ഷാഉപദേഷ്ടാവിന്റെ നിയമനത്തിന് സെനറ്റിന്റെ അംഗീകാരം വേണ്ട. രാജ്യത്തെ ബാധിക്കുന്ന സുരക്ഷാകാര്യങ്ങള്‍ യു.എസ് പ്രസിഡന്റിനെ അറിയിക്കുന്നത് സുരക്ഷാ ഉപദേഷ്ടാവാണ്. വിവിധ ഏജന്‍സികള്‍ക്കിടയിലുള്ള കോര്‍ഡിനേഷനും സുരക്ഷാ ഉപദേഷ്ടാവ് നിര്‍വഹിക്കും.

ഫ്‌ലോറിഡയില്‍ നിന്നുള്ള അംഗമായ വോള്‍ട്‌സിനും ഇന്ത്യയുമായും നല്ല ബന്ധമുണ്ട്. യു.എസ്-ഇന്ത്യ ബന്ധത്തില്‍ വലിയ പങ്കുവഹിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. 2023ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസ് സന്ദര്‍ശനം നടത്തിയപ്പോള്‍ ഇതിനുള്ള ഒരുക്കങ്ങളെല്ലാം നടത്തിയത് മൈക്ക് വോള്‍ട്‌സിന്റെ നേതൃത്വത്തിലായിരുന്നു. വോള്‍ട്‌സ് ട്രംപിന്റെ സുരക്ഷാ ഉപദേഷ്ടാവാകുമ്പോള്‍ ഇന്ത്യയുമായുള്ള യു.എസിന്റെ ബന്ധവും മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.

മുന്‍ യുഎന്‍ അംബാസഡര്‍ നിക്കി ഹേലിയെയും മുന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയെയും രണ്ടാം ട്രംപ് സര്‍ക്കാരിലേക്ക് പരിഗണിച്ചിരുന്നില്ല. ഇന്ത്യന്‍ വംശജയായ ഹേലി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാകാന്‍ മത്സരിച്ചിരുന്നു. മുമ്പ് ഇവരുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും രാജ്യത്തിനായുള്ള അവരുടെ സേവനങ്ങള്‍ക്ക് നന്ദിയെന്നും ട്രംപ് എക്‌സില്‍ കുറിച്ചു. ഇരുവരും ആദ്യ ട്രംപ് സര്‍ക്കാരില്‍ സുപ്രധാന ചുമതല വഹിച്ചവരാണ്.

അമേരിക്കയുടെ അടുത്ത പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഡോണള്‍ഡ് ട്രംപ് വിദേശ രാജ്യത്തലവന്മാരുമായുള്ള നയതന്ത്ര ബന്ധം ശക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. പ്രസിഡന്റ് പദം ഏറ്റെടുക്കുക ജനുവരിയിലാണെങ്കിലും നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയിലാണ് വിദേശ രാജ്യത്തലവന്മാരുമായി ട്രംപ് വീണ്ടും സൗഹൃദം പുതുക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ആദ്യം തന്നെ ഫോണില്‍ സംസാരിച്ച ട്രംപ്, ഏറ്റവുമൊടുവില്‍ യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കിയുമായി നടത്തിയ ഫോണ്‍ വിളി ആഗോളതലത്തില്‍ ചര്‍ച്ചയാകുകയാണ്.

റഷ്യയുമായുള്ള യുദ്ധത്തില്‍ യുക്രൈനെ ട്രംപ് എത്രത്തോളം പിന്തുണയ്ക്കും എന്ന കാര്യത്തില്‍ വിവിധ ലോകരാജ്യങ്ങള്‍ പല വിധത്തിലുള്ള സംശയങ്ങള്‍ മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ സെലന്‍സ്‌കിയുമായുള്ള ഫോണ്‍ ചര്‍ച്ചയില്‍ ട്രംപ്, യുക്രൈന് സഹായം ചെയ്യുമെന്ന നിലയിലുള്ള വാഗ്ദാനം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ട്രംപും സെലന്‍സ്‌കിയുമായുള്ള ചര്‍ച്ചക്കിടെ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ സാന്നിധ്യമുണ്ടായിരുന്നു എന്ന റിപ്പോര്‍ട്ടുകളും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്.

വെള്ളിയാഴ്ചയാണ് ട്രംപ് സെലന്‍സ്‌കിയുമായി സംസാരിച്ചത്. 25 മിനിറ്റ് സമയമാണ് ട്രംപും സെലന്‍സ്‌കിയും ഫോണില്‍ തമ്മില്‍ സംസാരിച്ചത്. ഈ ചര്‍ച്ചക്കിടെ മസ്‌കിന് ട്രംപ് ഫോണ്‍ കൈമാറിയെന്നാണ് റിപ്പോര്‍ട്ട്. മസ്‌കും സെലന്‍സ്‌കിയും തമ്മില്‍ എന്താണ് സംസാരിച്ചതെന്ന കാര്യം പുറത്തുവന്നിട്ടില്ല. ട്രംപിനോട് സംസാരിക്കുന്നതിനിടെ മസ്‌കും സെലന്‍സ്‌കിയോട് ചര്‍ച്ച നടത്തിയെന്ന കാര്യം യുക്രൈന്‍ അധികൃതര്‍ സ്ഥിരീകരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.