- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നരേന്ദ്രമോദിയുടെ ജപ്പാന്‍ സന്ദര്‍ശനം ചരിത്രപരം; ഇന്ത്യയില്‍ 5.99 ലക്ഷം കോടിയുടെ നിക്ഷേപത്തിന് തയ്യാറെടുത്ത് ജപ്പാന്‍; വിജയകരമായ ജപ്പാന്‍ സന്ദര്‍ശനത്തിന് പിന്നാലെ അടുത്ത നീക്കം ചൈനയുമായി ബന്ധം വിപുലമാക്കാന്‍; യുഎസ് തീരുവയെ ചെറുക്കാന്‍ ചൈനയിലേക്ക് മോദി
യുഎസ് തീരുവയെ ചെറുക്കാന്‍ ചൈനയിലേക്ക് മോദി
ടോക്യോ: അമേരിക്കയുടെ ഇരട്ടിത്തീരുവയെ മറികടക്കാന്‍ വഴിതേടുകയാണ് ഇന്ത്യ. ഇതിന്റെ ഭാഗമായി മറ്റു ലോകരാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താനാണ് ഇന്ത്യയുടെ നീക്കം. ജപ്പാനില്‍ പ്രധാനമന്ത്രി മോദി നടത്തിയ സന്ദര്‍ശനം വന്‍ വിജയമായി മാറിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ഊര്‍ജ്ജിതമാക്കാനുള്ള വഴികള്‍ ഈ സന്ദര്‍ശനം വഴി ഉരുത്തിരിഞ്ഞിട്ടുണ്ട്. സാമ്പത്തിക-വിപണി സഹകരണം ലക്ഷ്യമിട്ടായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാന്‍ സന്ദര്‍ശനം. ഇതിന്റെ തുടര്‍ച്ചയായി ചൈനയിലേക്കും മോദി യാത്രചെയ്യും.
പരസ്പര ബഹുമാനത്തിന്റേയും താല്‍പര്യത്തിന്റെയും അടിസ്ഥാനത്തില്‍ ചൈനയുമായുള്ള ഉഭയകക്ഷി ബന്ധം തന്ത്രപരവും ദീര്‍ഘകാല കാഴ്ച്ചപ്പാടോടെയും മുന്നോട്ടു കൊണ്ടുപോകാന്‍ ഇന്ത്യ തയാറാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജപ്പാന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ചൈനയുമായുള്ള ബന്ധം ശക്തമാക്കണമെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഷാങ്ഹായി സഹകരണ ഉച്ചകോടിക്കായി ചൈനീസ് നഗരമായ ടിയാന്‍ജിനില്‍ ഇന്ന് വൈകിട്ടാണ് മോദി എത്തുന്നത്.
നാളെ ചൈനീസ് സമയം ഉച്ചയ്ക്ക് 12 മണിക്കാണ് മോദി ഷി ജിന്‍പിങ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. ഗല്‍വാന്‍ സംഘര്‍ഷത്തിന് ശേഷമുള്ള മോദിയുടെ ആദ്യ ചൈന സന്ദര്‍ശനമാണിത്. വിമാന സര്‍വ്വീസുകള്‍ വീണ്ടും തുടങ്ങുന്നതുള്‍പ്പടെ പരസ്പര വിശ്വാസം വളര്‍ത്താനുള്ള പല തീരുമാനങ്ങളും ചര്‍ച്ചയുണ്ടാകുമെന്നാണ് സൂചന. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായും മോദി കൂടിക്കാഴ്ച നടത്തും. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്കെതിരായ അമേരിക്കന്‍ സമ്മര്‍ദ്ദം കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും.
ജപ്പാനിലെ മോദിയുടെ സന്ദര്‍ശനം ചരിത്രപരമായിരുന്നു. ഒരു പതിറ്റാണ്ടിനിടെ ജപ്പാനില്‍നിന്ന് 10 ലക്ഷം കോടി യെന്നിന്റെ (5.99 ലക്ഷം കോടി രൂപ) സ്വകാര്യനിക്ഷേപം ഇന്ത്യയിലേക്കൊഴുകാന്‍ മോദിയുടെ സന്ദര്‍ശനം വഴിവെക്കുമാന്നാണ് റിപ്പോര്‍ട്ടുകള്‍. സാമ്പത്തികപങ്കാളിത്തം, സാമ്പത്തികസുരക്ഷ, വിസ, പാരിസ്ഥിതിക സുസ്ഥിരത, സാങ്കേതികവിദ്യ, ഇനവേഷന്‍, ആരോഗ്യം, പ്രതിരോധം തുടങ്ങി എട്ടോളം മേഖലകളില്‍ 10 വര്‍ഷത്തേക്ക് തന്ത്രപരമായ പങ്കാളിത്തം ശക്തമാക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചു.
ആഗോള സുരക്ഷാവെല്ലുവിളികളെ നേരിടാന്‍ സുരക്ഷാസഹകരണം വര്‍ധിപ്പിക്കാനുള്ള രൂപരേഖയുമുണ്ടാക്കി. ചന്ദ്രയാന്‍-5 ദൗത്യത്തില്‍ ഇന്ത്യയുടെ ഐഎസ്ആര്‍ഒയുമായി ജപ്പാന്റെ ബഹിരാകാശ ഏജന്‍സിയായ 'ജാക്‌സ' സഹകരിക്കും. ചന്ദ്രന്റെ ഉപരിതലത്തെയും പരിസ്ഥിതിയെയും കുറിച്ചുള്ള ധാരണകള്‍ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നതാണ് ചന്ദ്രയാന്‍-5 പദ്ധതി. അതില്‍ ജപ്പാന്റെ അത്യാധുനിക സാങ്കേതികവിദ്യയും ഗവേഷണവൈദഗ്ധ്യവും പ്രയോജനപ്പെടുത്താനാകുമെന്നത് ഇന്ത്യക്ക് മുതല്‍ക്കൂട്ടാണ്.
15-ാം ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയുടെ ഭാഗമായി ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബയുമായി മോദി കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച രാവിലെ ടോക്യോവിലെത്തിയ മോദിക്ക് ഹൃദ്യസ്വീകരണമാണ് ഒരുക്കിയത്. പരമ്പരാഗത നൃത്തരൂപങ്ങളും നാടന്‍ഗാനങ്ങളുമായി ജപ്പാന്‍കാരും മോഹിനിയാട്ടം, കഥക്, ഭരതനാട്യം, ഒഡീസി തുടങ്ങിയ കലാരൂപങ്ങളുമായി ജപ്പാനിലെ ഇന്ത്യന്‍ സമൂഹവും മോദിയെ സ്വീകരിച്ചു.
രണ്ടുദിന സന്ദര്‍ശനത്തിനിടെ ഇന്ത്യ വാങ്ങാനുദ്ദേശിക്കുന്ന ഇ-10 ഷിങ്കന്‍സെന്‍ ബുള്ളറ്റ് ട്രെയിനിന്റെ പ്രൊട്ടോടൈപ്പ് നിര്‍മാണശാലയുള്‍പ്പെടെ നാല് ഫാക്ടറികള്‍ മോദി സന്ദര്‍ശിക്കും. അടുത്ത അഞ്ചുവര്‍ഷത്തിനിടെ അഞ്ചുലക്ഷം തൊഴിലാളികളെ പരസ്പരം കൈമാറാനുള്ള കര്‍മപദ്ധതിക്ക് തുടക്കം. അതിന്റെ ഭാഗമായി വിവിധമേഖലകളിലായി 50,000 ഇന്ത്യന്‍ വിദഗ്ധതൊഴിലാളികള്‍ക്ക് ജപ്പാന്‍ വിസ നല്‍കും.
എഐ, അര്‍ധചാലകം തുടങ്ങിയ സാങ്കേതികരംഗങ്ങളില്‍ ഗവേഷണവും വികസനവും ലക്ഷ്യമിട്ട് ഉഭയകക്ഷിസഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ഒപ്പുവെച്ചു അപൂര്‍വധാതുക്കളുടെ ഖനനത്തിനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനും ഈ മേഖലകളില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതിനും തീരുമാനം
യുഎസിന്റെ വ്യാപാരയുദ്ധം ഇന്ത്യന്‍ കയറ്റുമതിയെ ബാധിച്ചിരിക്കേ പുതിയ വിപണിതേടുകയാണ് സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നത്. ഒപ്പം, യുഎസിനെതിരേ ദക്ഷിണേഷ്യയില്‍ ചൈന, ജപ്പാന്‍ എന്നിവയെ ചേര്‍ത്ത് പുതിയ സാമ്പത്തികചേരിയുണ്ടാക്കാനുള്ള ശ്രമമാണിതെന്നും കണക്കാക്കുന്നു. ഇന്ത്യ, ജപ്പാന്‍, യുഎസ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡിനെ ചൈനയുമായുള്ള സഹകരണം ബാധിക്കില്ലെന്ന് മോദി, ജപ്പാന്‍നേതൃത്വത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.