- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുദ്ധമല്ല പരിഹാരം, സംഭാഷണവും നയതന്ത്രവുമാണ് വേണ്ടത്; യുക്രെയിന് -റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ലോകം നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരനിര്‍ദ്ദേശവുമായി ബ്രിക്‌സ് ഉച്ചകോടിയില്‍ നരേന്ദ്ര മോദിയുടെ ഉജ്ജ്വല പ്രസംഗം; ഭീകരവാദത്തിന് എതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്നും യുഎന്‍ സുരക്ഷാസമിതിയില്‍ കാലോചിത പരിഷ്കാരം വേണമെന്നും പ്രധാനമന്ത്രി
യുദ്ധമല്ല പരിഹാരം, സംഭാഷണവും നയതന്ത്രവുമാണ് വേണ്ടത്
കസാന്‍: ഇന്ത്യ യുദ്ധത്തെയല്ല സംഭാഷണത്തെയും, നയതന്ത്രത്തെയുമാണ് പിന്തുണയ്ക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യയില്‍ ബ്രിക്‌സ് ഉച്ചകോടിയുടെ പ്ലീനറി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുക്രെയിനുമായി യുദ്ധം തുടരുന്ന റഷ്യയോട് ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ സഹായിക്കാമെന്ന വാഗ്ദാനം മുന്നോട്ടുവച്ചതിന് പിന്നാലെയാണ് മോദി ബ്രിക്‌സ് അംഗരാജ്യങ്ങളും ലോകമാകെ തന്നെയും നേരിടുന്ന പ്രശ്‌നങ്ങള്‍ സൂചിപ്പിച്ച് യുദ്ധമല്ല പരിഹാരമെന്ന് വ്യക്തമാക്കിയത്.
' ലോകം നിരവധി വെല്ലുവിളികള്‍ നേരിടുന്ന സമയത്താണ് നമ്മുടെ ഉച്ചകോടി നടക്കുന്നത്. ദക്ഷിണ-ഉത്തര, കിഴക്ക്-പടിഞ്ഞാറ് വിഭജനത്തെ കുറിച്ചും ലോകം സംസാരിച്ചുകൊണ്ടിരിക്കുന്നു. പണപ്പെരുപ്പം തടയല്‍, ഭക്ഷണം, ഊര്‍ജ്ജം. ആരോഗ്യം. ജലസുരക്ഷ എന്നിവയ്ക്കാണ് ഈ സമയത്ത് പ്രഥമ പരിഗണന നല്‍കേണ്ടത്. ഈ സാങ്കേതിക യുഗത്തില്‍ പുതിയ വെല്ലുവിളികള്‍ ആവിര്‍ഭവിച്ചിരിക്കുന്ന. ഉദാഹരണത്തിന് വ്യാജ വിവരങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുക, ഡീപ് ഫെയ്ക് അടക്കം സൈബര്‍ ഫ്രോഡുകള്‍....'
' ഇങ്ങനെയൊരു സമയത്ത് ബ്രിക്‌സിനെ കുറിച്ച് വലിയ പ്രതീക്ഷകളുണ്ട്. നമുക്ക് ക്രിയാത്മകമായ പങ്കു വഹിക്കാന്‍ കഴിയും. നമ്മുടെ സമീപനം ജനകേന്ദ്രീകൃതമായിരിക്കണം. വിഭജനത്തെ പ്രോത്സാഹിപ്പിക്കുന്നവരല്ല ബ്രിക്‌സ് എന്നും യുദ്ധത്തെയല്ല, ചര്‍ച്ചയെയും നയതന്ത്രത്തെയുമാണ് നമ്മള്‍ പിന്തുണയ്ക്കുന്നതെന്നും ലോകത്തോട് പറയണം' മോദി പറഞ്ഞു.
കോവിഡിനെ ഒറ്റക്കെട്ടായി നേരിട്ടത് പോലെ ശക്തവും സമൃദ്ധവുമായ ഭാവി ബ്രിക്‌സ്( ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) സൃഷ്ടിക്കണം, മോദി പറഞ്ഞു. തീവ്രവാദ വിരുദ്ധ പോരാട്ടത്തിനും തീവ്രവാദത്തിനായുള്ള പണമൊഴുക്ക് തടയുന്നതിനും ഇരട്ടത്താപ്പ് പാടില്ല. നമ്മുടെ രാജ്യങ്ങളില്‍ യുവാക്കളെ മൗലികവാദത്തിലേക്ക് നയിക്കാനുള്ള ശ്രമങ്ങളെ തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണം, മോദി പറഞ്ഞു.
യുഎന്‍ സുരക്ഷാ സമിതിയില്‍ കാലോചിതമായ പരിഷ്‌കരണങ്ങള്‍ വേണമെന്നും മോദി ആവശ്യപ്പെട്ടു. ' സുരക്ഷാസമിതി, ലോക വ്യാപാര സംഘടന തുടങ്ങിയ ആഗോള സ്ഥാപനങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കുന്നതില്‍ നമ്മള്‍ മുന്നോട്ടുപോകണം. ഈ സ്ഥാപനങ്ങള്‍ക്ക് പകരം സ്ഥാപനങ്ങളെ സൃഷ്ടിക്കുകയല്ല, അവയെ പരിഷ്‌കരിക്കുകയാണ് വേണ്ടതെന്നും മോദി ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പ് നല്‍കി. ഈജിപ്റ്റ്, ഇറാന്‍ എത്യോപ്യ, യുഎഇ തുടങ്ങയ പങ്കാളത്ത രാഷ്ട്രങ്ങള്‍ ബ്രിക്‌സ് ഉച്ചകോടിയില്‍ ഇതാദ്യമായി പങ്കെടുക്കുന്നതില്‍ സന്തോഷമെന്നും മോദി പറഞ്ഞു.
ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും കൂടിക്കാഴ്ച നടത്തുന്നുണ്ട്. അഞ്ച് വര്‍ഷത്തിനിടെ ഇരുനേതാക്കളും തമ്മിലുള്ള ആദ്യ ഉഭയകക്ഷി ചര്‍ച്ചയാണിത്. ലഡാക്കിലെ ചൈനീസ് കടന്നുകയറ്റങ്ങളുടെ പേരില്‍ ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചില്‍ സംഭവിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞദിവസം ഇന്ത്യയും ചൈനയും ലഡാക്കില്‍ സേനാപിന്മാറ്റ ധാരണയിലേക്ക് എത്തുകയുണ്ടായി. അതിര്‍ത്തിയില്‍ സംയുക്ത പട്രോളിങ് പുനരാരംഭിക്കാനും തീരുമാനമായി.