ന്യൂയോര്‍ക്ക്: 2024ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ മത്സരം മുറുകുകയാണ്. ട്രംപിനെ പിന്തുണച്ചു കൊണ്ട് ഇലോണ്‍ മസ്‌ക്ക് അടക്കമുള്ളവര്‍ നേരത്തെ രംഗത്തുവന്നിരുന്നു. പരസ്യമായി രംഗത്തു വരികയായിരുന്നു മസ്‌ക്ക്. എന്നാല്‍, കമല ഹാരിസിനെ പിന്തുണച്ചും നിരവധി ശതകോടീശ്വരന്‍മാര്‍ രംഗത്തുണ്ട്. ഇതിനിടെ വാറന്‍ ബഫറ്റിനെയും മാര്‍ക് സക്കര്‍ബര്‍ഗിനെയും പോലുള്ളവര്‍ അക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാതെ മാറിനില്‍ക്കുകയാണ്.

ഫോബ്‌സ് റിപ്പോര്‍ട്ട് പ്രകാരം 76 ശതകോടീശ്വരന്‍മാരുടെ പിന്തുണ കമല ഹാരിസ് ഉറപ്പിച്ചു. 49 ശതകോടീശ്വരന്‍മാരാണ് ട്രംപിനെ പിന്തുണക്കുന്നത്. പ്രായോഗികവാദം മുന്‍നിര്‍ത്തിയാണ് പല ശതകോടീശ്വരരും കമല ഹാരിസിനെ പിന്തുണക്കുന്നത്. സാമ്പത്തിക സുസ്ഥിരതയിലേക്ക് നയിക്കുന്ന സുതാര്യവും കുറ്റമറ്റതുമായ നയങ്ങളുടെ വക്താവാണ് കമല ഹാരിസ് എന്ന് കരുതിയാണ് ഈ പിന്തുണ. ഇപ്പോഴത്തെ ഭരണകൂടത്തിന്റെ നയങ്ങള്‍ അടക്കം അമേരിക്കന്‍ സമ്പന്നര്‍ക്ക് ഗുണകരമായിരുന്നു എന്നുമാണ് വിലയിരുത്തല്‍.

കാലിഫോര്‍ണിയ പ്രോസിക്യൂട്ടര്‍ എന്ന നിലയില്‍ കമല ഹാരിസിനെ സിലിക്കണ്‍ വാലിയിലെ ശതകോടീശ്വരന്‍മാര്‍ക്ക് നന്നായി അറിയാവുന്നതാണ്. സാങ്കേതികം, ആരോഗ്യം, സുസ്ഥിരത കമല ഹാരിസിന്റെ കാലത്ത് കൂടുതല്‍ മെച്ചപ്പെടുമെന്ന് അടുത്തിടെ പുറത്തുവന്ന സര്‍വേയിലും വ്യക്തമായിരുന്നു. 76 ശതകോടീശ്വരന്‍മാരില്‍ 28 പേരും കമല ഹാരിസിന് 10 ലക്ഷം ഡോളറോ അതില്‍ കുടുതലോ സംഭാവന ചെയ്തിട്ടുണ്ട്.

ന്യൂയോര്‍ക്ക് മുന്‍ മേയര്‍ മൈക്കല്‍ ബ്ലൂംബര്‍ഗ്, ആര്‍ഥര്‍ ബ്ലാങ്ക്, റീഡ് ഹോഫ്മാന്‍, വിനോദ് ഖോസ്‌ല, ഡസ്റ്റിന്‍ മോസ്‌കോവിറ്റ്‌സ്, ഹോളിവുഡ് സംവിധായകന്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗ് എന്നിവരാണ് അവരില്‍ ചിലര്‍. കൂടാതെ 36 ശതകോടീശ്വരര്‍ കമലക്ക് 50,000 ഡോളറിനും ഒരുലക്ഷം ഡോളറിനും ഇടയില്‍ സംഭാവന നല്‍കിയിട്ടുണ്ട്. ടോറി ബര്‍ച്ച്, റീഡ് ഹാസ്റ്റിങ്‌സ്, ക്രിസ് ലാര്‍സന്‍, ലോറന്‍ പവല്‍ ജോബ്‌സ് എന്നിവരും അക്കൂട്ടത്തിലുണ്ട്.

മെലിന്ദ ഫ്രഞ്ച് ഗേറ്റ്‌സ്, ജോ ഗെബ്ബിയ തുടങ്ങിയ പ്രമുഖരും കമല ഹാരിസിനെ പിന്തുണക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മാര്‍ക് ക്യൂബന്‍, മാജിക് ജോണ്‍സന്‍ എന്നിവരെ പോലുള്ളവരും പരസ്യമായി കമല ഹാരിസിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

അതേസമയം തിരഞ്ഞെടുപ്പിന് 30 ദിവസത്തില്‍ താഴെ ശേഷിക്കെ, ഡെമോക്രാറ്റ് സ്ഥാനാര്‍ഥി കമല ഹാരിസിന് തിരിച്ചടിയുമുണ്ട്. പല പ്രധാന മേഖലകളിലും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിനോടുള്ള ലീഡ് നഷ്ടപ്പെടുന്നതായാണ് സൂചന. ഞായറാഴ്ച പുറത്തുവന്ന മൂന്ന് തിരഞ്ഞെടുപ്പ് സര്‍വേകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഏറ്റവും പുതിയ എന്‍ബിസി ന്യൂസ് സര്‍വേ പ്രകാരം, കമല ഹാരിസിന്റെ ദേശീയതലത്തിലെ ലീഡ് വലിയ തോതില്‍ നഷ്ടമായിട്ടുണ്ട്. കഴിഞ്ഞ മാസമുണ്ടായിരുന്ന അഞ്ചുപോയിന്റിന്റെ ലീഡ് നഷ്ടപ്പെട്ട് ഇരുവരും സമാസമം ആയിരിക്കുകയാണ്.

എബിസി ന്യൂസ്/ഇപ്സോസ് സര്‍വേയില്‍, സാധ്യതയുള്ള വോട്ടര്‍മാരില്‍ കമലയ്ക്ക് 50 ശതമാനത്തിന്റെ പിന്തുണയുണ്ട്. കഴിഞ്ഞമാസം ഇത് 52 ശതമാനമായിരുന്നു. അതേസമയം, ട്രംപ് തന്റെ നില, 46ല്‍ നിന്ന് 48 ആയി മെച്ചപ്പെടുത്തുകയും ചെയ്തു. സമാനമാണ് സിബിഎസ്/ യൂഗോവ് ഫലങ്ങളും. കമല ഹാരിസിന് കഴിഞ്ഞമാസം വരെ ട്രംപുമായി നാലുപോയിന്റിന്റെ ലീഡ് ഉണ്ടായിരുന്നെങ്കില്‍ അതിപ്പോള്‍ മൂന്നായി കുറഞ്ഞിരിക്കുകയാണ്.

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ രണ്ട് പ്രധാന വോട്ടര്‍മാരാണ് ഹിസ്പാനികളും (മധ്യ, തെക്കേ അമേരിക്കയിലെ സ്പാനിഷ് സംസാരിക്കുന്ന രാജ്യങ്ങളില്‍നിന്ന് എത്തിയവര്‍) ആഫ്രിക്കന്‍ അമേരിക്കക്കാരും. ഇവര്‍ക്കിടയില്‍ പിന്തുണ വര്‍ധിപ്പിക്കാന്‍ കമല ഹാരിസിന് സാധിക്കുന്നില്ലെന്ന ആശങ്ക പാര്‍ട്ടിക്കുള്ളില്‍ നിലനില്‍ക്കെയാണ് തിരഞ്ഞെടുപ്പ് സര്‍വേകള്‍ പുറത്തുവരുന്നത്.

സ്ത്രീകള്‍ക്കിടയില്‍ കമല ഹാരിസിന് ശക്തമായ പിന്തുണ ലഭിക്കുന്നുണ്ടെങ്കിലും ആഫ്രിക്കന്‍ അമേരിക്കന്‍, ഹിസ്പാനിക് വിഭാഗങ്ങളിലെ പുരുഷന്മാര്‍ക്ക് ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയോട് അത്ര മതിപ്പില്ലെന്നാണ് സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. സമീപ വര്‍ഷങ്ങളില്‍ ഈ വിഭാഗത്തില്‍നിന്നുള്ള പിന്തുണ ട്രംപ് വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.