വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് വിദേശ സഹായം വെട്ടിക്കുറച്ചതിന്റെ ഫലമായി 14 ദശലക്ഷത്തിലധികം പേര്‍ മരിക്കാന്‍ സാധ്യതയെന്ന കണ്ടെത്തലുമായി പഠന റിപ്പോര്‍ട്ട് പുറത്തു വന്നു. രണ്ടാം തവണയും പ്രസിഡന്റ് ആയതിന് തൊട്ടുപിന്നാലെ യു.എസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് നടത്തുന്ന പരിപാടികളുടെ 83 ശതമാനം വെട്ടിക്കുറച്ചതായി അമേരിക്കന്‍ ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. പ്രമുഖ മെഡിക്കല്‍ ജേണലായ ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടില്‍ 2030 ആകുമ്പോഴേക്കും 14 ദശലക്ഷം ആളുകള്‍ ഇവരില്‍ 4.5 ദശലക്ഷം പേര്‍ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളാണ് മരിക്കുമെന്നാണ് പ്രവചിക്കുന്നത്.

ജനുവരിയില്‍ ട്രംപ് വൈറ്റ് ഹൗസില്‍ തിരിച്ചെത്തുന്നതുവരെ ആഗോള മാനുഷിക ധനസഹായത്തിന്റെ 40 ശതമാനത്തിലധികവും യു.എസ്.എ.ഐ.ഡി നല്‍കിയിരുന്നു. എന്നാല്‍ രണ്ടാം തവണ അധികാരമേറ്റ് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍, ട്രംപിന്റെ അന്നത്തെ അടുത്ത ഉപദേഷ്ടാവും ഗവണ്‍മെന്റ് എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്‌മെന്റിന്റെ മുന്‍ മേധാവിയുമായ എലോണ്‍ മസ്‌ക്, ഏജന്‍സിക്ക് കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു.

തുടര്‍ന്ന് മാര്‍ച്ചില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വന്‍തോതിലുള്ള വെട്ടിക്കുറവുകള്‍ വരുത്തിയതായി വെളിപ്പെടുത്തി. 6,200 യു.എസ്.എ.ഐ.ഡി പ്രോഗ്രാമുകളില്‍ 5,200 എണ്ണം നിര്‍ത്തിവച്ചതായിട്ടാണ് അദ്ദേഹം അറിയിച്ചത്. അമേരിക്കയുടെ ഫെഡറല്‍ ചെലവിന്റെ 0.3 ശതമാനം ആയിരുന്നു ഈ തുക. ഇത്തരത്തില്‍ വന്‍ തോതില്‍ വെട്ടിക്കുറവ് വരുത്തിയതോടെ ദുര്‍ബല ജനവിഭാഗങ്ങള്‍ക്കിടയില്‍ ആരോഗ്യ രംഗത്ത് രണ്ട് പതിറ്റാണ്ടുകളായി ഉണ്ടായിരുന്ന പുരോഗതി പെട്ടെന്ന് തന്നെ ഇല്ലാതാകാന്‍, ഇത് കാരണമായി എന്നാണ്

പഠനത്തിന് നേതൃത്വം നല്‍കിയ ഡേവിഡ് റെസല്ല ചൂണ്ടിക്കാട്ടുന്നത്.

താഴ്ന്ന അല്ലെങ്കില്‍ ഇടത്തരം വരുമാനമുള്ള രാജ്യങ്ങളെ സംബന്ധിച്ച് ഇത് മഹാമാരി പടര്‍ന്നു പിടിക്കുന്നതിനോ വലിയൊരു കലാപം നടക്കുന്നതിനോ തുല്യമായിരിക്കും എന്നാണ് ഗവേഷകര്‍ കരുതുന്നത്. 133 രാജ്യങ്ങളില്‍ നിന്നുള്ള ഡാറ്റ പരിശോധിച്ചപ്പോള്‍, 2001 നും 2021 നും ഇടയില്‍ വികസ്വര രാജ്യങ്ങളില്‍ അമേരിക്കയുടെ ധനസഹായം കാരണം 91 ദശലക്ഷം മരണങ്ങള്‍ തടയാന്‍ കഴിഞ്ഞു എന്നാണ് ഗവേഷകര്‍ കണക്കാക്കുന്നത്. അമേരിക്കയുടെ വെട്ടിക്കുറയ്ക്കല്‍ എല്ലാ വര്‍ഷവും ഏകദേശം 700,000 കുട്ടികളുടെ മരണത്തിന് കാരണമാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

യു.എസ്.എ.ഐ.ഡിയുടെ സഹായം ഉണ്ടെങ്കില്‍ മരണനിരക്കില്‍ 15 ശതമാനം കുറവുണ്ടാകും എന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. മലമ്പനി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് വലിയ തോതില്‍ ഇതിലൂടെ കുറവ് ഉണ്ടായി എന്നാണ് പഠനം വെളിപ്പെടുത്തുന്നത്. ജര്‍മ്മനി, യു.കെ, ഫ്രാന്‍സ് എന്നിവയുള്‍പ്പെടെ നിരവധി പ്രമുഖ രാജ്യങ്ങളും അവരുടെ വിദേശ സഹായ ബജറ്റുകള്‍ വെട്ടിക്കുറയ്ക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതും മരണനിരക്ക് ഉയരാന്‍ കാരണമായി തീരും എന്നാണ് കരുതപ്പെടുന്നത്.