ധാക്ക: അസമും, മറ്റുവടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളും ബംഗ്ലാദേശിന്റെ ഭാഗമായി ചിത്രീകരിച്ചിരിക്കുന്ന വിവാദ ഭൂപടം, പാക്കിസ്ഥാനി ജനറലിന് സമ്മാനിച്ച് ബംഗ്ലാദേശ് ഇടക്കാല ഭരണാധികാരി മുഹമ്മദ് യുനുസ്. പാകിസ്ഥാന്‍ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയര്‍മാന്‍ ജനറല്‍ സാഹിര്‍ ഷംഷാദ് മിര്‍സയ്ക്കാണ് മുഹമ്മദ് യൂനുസ് 'ആര്‍ട്ട് ഓഫ് ട്രയംഫ്' എന്ന പുസ്തകം കൈമാറിയത്. ഈ പുസ്തകത്തിന്റെ കവറിലാണ് വിവാദ ഭൂപടമുള്ളത്. ഇതൊരു സാധാരണ നയതന്ത്ര സമ്മാനമായി കാണാനാകില്ലെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി.

ഇന്ത്യന്‍ പ്രദേശങ്ങളെ ഉള്‍പ്പെടുത്തിയുള്ള ഭൂപടം ഉള്‍ക്കൊള്ളുന്ന ഈ സമ്മാനം, ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരും പാക് സൈനിക നേതൃത്വവും തമ്മിലുള്ള ഒരു രഹസ്യധാരണയിലേക്ക് വിരല്‍ ചൂണ്ടുന്നതായും, പാകിസ്ഥാന്റെ ദീര്‍ഘകാലമായുള്ള ഇന്ത്യാ വിരുദ്ധ നിലപാടുകള്‍ക്ക് ബംഗ്ലാദേശ് നിശ്ശബ്ദ പിന്തുണ നല്‍കുന്നുവെന്ന സൂചന നല്‍കുന്നതായും ആക്ഷേപമുണ്ട്.

പാക് ജനറുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ യുനുസ് തന്നെയാണ് ട്വീറ്റ് ചെയ്തത്. ആര്‍ട് ഓഫ് ട്രയംഫ് എന്ന സമ്മാനത്തിന്റെ കവര്‍ചിത്രം പ്രകോപനപരമെന്ന് മാത്രമല്ല, ഇന്ത്യയുമായുള്ള നയതന്ത്രബന്ധത്തില്‍ വീണ്ടും വിളളല്‍ വീഴ്ത്തിയിരിക്കുകയാണ്. തീവ്ര ഇസ്ലാമിക ഗഗ്രൂപ്പുകള്‍ ഗ്രേറ്റര്‍ ബംഗ്ലാദേശ് എന്ന് വിശേഷിപ്പിക്കുന്ന സ്ഥലങ്ങളെ കൂട്ടിച്ചേര്‍ത്താണ് യുനുസിന്റെ വിവാദഭൂപടം.




ഇന്ത്യയുടെ പരമാധികാരത്തിലുളള വടക്കു-കിഴക്കന്‍ ഭൂപ്രദേശങ്ങളെ ബംഗ്ലാദേശ് ഭൂപടമായി ചിത്രീകരിച്ച യൂനുസിന്റെ നടപടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇതുവരെ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

യുനുസിന്റെ പ്രകോപനം ഇതാദ്യമല്ല

ഇതാദ്യമായല്ല, ഇന്ത്യയുടെ വടക്കു-കിഴക്കന്‍ ഭൂപ്രദേശങ്ങളെ യുനുസ് പരാമര്‍ശിക്കുന്നത്. വിദേശ സന്ദര്‍ശനങ്ങളിലും അദ്ദേഹം ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഏപ്രിലില്‍ നടത്തിയ ആദ്യ ചൈന സന്ദര്‍ശനത്തില്‍, ഏഴുവടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ സമുദ്രാതിര്‍ത്തി ഇല്ലാത്തവയെന്നും ഈ മേഖലയിലെ സമുദ്രത്തിന്റെയാകെ കാവലാള്‍ ബംഗ്ലാദേശാണെന്നും യുനുസ് പറഞ്ഞത് വിവാദമായിരുന്നു.




യുനുസിന്റെ വിവാദ ഭൂപടം അതീവ ആശങ്കാജനകമാണെന്നും, ഇന്ത്യയുടെ പ്രാദേശിക അഖണ്ഡതയെ ദുര്‍ബലപ്പെടുത്താനും 1971-ലെ വിഭജനത്തിന്റെ പഴയ മുറിവുകള്‍ വീണ്ടും ഉണര്‍ത്താനും ലക്ഷ്യമിട്ടുള്ള ഒരു 'സൈക്കോളജിക്കല്‍ വാര്‍' ആകാം ഇതിന്റെ ലക്ഷ്യമെന്നും രഹസ്യാന്വേഷണ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. 1971-ലെ പാകിസ്ഥാന്റെ സൈനിക പരാജയത്തെ പ്രതീകാത്മകമായി മായ്ച്ചുകളയാനും ഇരു രാജ്യങ്ങള്‍ക്കിടയില്‍ ഒരു പുതിയ പ്രത്യയശാസ്ത്രപരമായ പങ്കാളിത്തം ഉയര്‍ത്തിക്കാട്ടാനുമുള്ള ശ്രമമായും ഇതിനെ വിദഗ്ധര്‍ വിലയിരുത്തുന്നു.

കൂടാതെ, ത്രിപുര, മിസോറാം അതിര്‍ത്തികളിലൂടെയുള്ള അനധികൃത നുഴഞ്ഞുകയറ്റത്തില്‍ വര്‍ദ്ധനവുണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സമയത്താണ് ബംഗ്ലാദേശിന്റെ ഈ നീക്കം എന്നതും പ്രാധാന്യമര്‍ഹിക്കുന്നു. ബംഗ്ലാദേശി ശൃംഖലകളിലൂടെ പ്രവര്‍ത്തിക്കുന്ന, പാകിസ്ഥാന്‍ പിന്തുണയ്ക്കുന്ന എന്‍ജിഒകള്‍ക്ക് ഈ നുഴഞ്ഞുകയറ്റവുമായി ബന്ധമുണ്ടെന്ന് സുരക്ഷാ ഏജന്‍സികള്‍ സംശയിക്കുന്നു. ചൈനയും, പാക്കിസ്ഥാനുമായി ബംഗ്ലാദേശിന്റെ ബന്ധം തഴച്ചുവളരുന്ന പശ്ചാത്തലത്തില്‍ യുനുസിന്റെ വിവാദ ഭൂപടം അതീവ ഗൗരവത്തോടെയാണ് ഇന്ത്യ നിരീക്ഷിക്കുന്നത്.