പ്രക്ഷോഭകര്‍ തോക്ക് തിരിച്ചേല്പിക്കണമെന്ന് ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാര്‍; വിദ്യാര്‍ഥികള്‍ നയിച്ച വിപ്ലവം, മോണ്‍സ്റ്റര്‍ പോയെന്ന് മുഹമ്മദ് യൂനുസ്
ധാക്ക: പ്രക്ഷോഭത്തിനിടെ നിയമപാലകരില്‍നിന്ന് കൊള്ളയടിച്ചതും മറ്റുമായ അനധികൃത തോക്കുകള്‍ ആഗസ്റ്റ് 19നകം അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ തിരിച്ചേല്പിക്കണമെന്ന് ബംഗ്ലാദേശിലെ ഇടക്കാല ഭരണസംവിധാനം ആവശ്യപ്പെട്ടു. 19നുശേഷം ആയുധങ്ങള്‍ക്കായി വ്യാപക തിരച്ചില്‍ നടത്തുമെന്ന് ആഭ്യന്തര മന്ത്രാലയ ഉപദേശകന് റിട്ട. ബ്രിഗേഡിയര്‍ ജനറല്‍ സഖാവത് ഹുസൈന് അറിയിച്ചു. വ്യാപകമായി കൊള്ളയടി നടന്നതോടെ പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം അടക്കം അവതാളത്തിലായിട്ടുണ്ട്. ക്രമസമാധാനം പ്രധാന വിഷയമായി നില്‍ക്കുകയാണ് ബംഗ്ലാദേശില്‍. അതിനിടെ ബംഗ്ലാദേശില്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിയിലേക്ക് നയിച്ച വിദ്യാര്‍ഥി പ്രക്ഷോഭത്തെ പുകഴ്ത്തി […]
- Share
- Tweet
- Telegram
- LinkedIniiiii
ധാക്ക: പ്രക്ഷോഭത്തിനിടെ നിയമപാലകരില്‍നിന്ന് കൊള്ളയടിച്ചതും മറ്റുമായ അനധികൃത തോക്കുകള്‍ ആഗസ്റ്റ് 19നകം അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ തിരിച്ചേല്പിക്കണമെന്ന് ബംഗ്ലാദേശിലെ ഇടക്കാല ഭരണസംവിധാനം ആവശ്യപ്പെട്ടു. 19നുശേഷം ആയുധങ്ങള്‍ക്കായി വ്യാപക തിരച്ചില്‍ നടത്തുമെന്ന് ആഭ്യന്തര മന്ത്രാലയ ഉപദേശകന് റിട്ട. ബ്രിഗേഡിയര്‍ ജനറല്‍ സഖാവത് ഹുസൈന് അറിയിച്ചു.
വ്യാപകമായി കൊള്ളയടി നടന്നതോടെ പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം അടക്കം അവതാളത്തിലായിട്ടുണ്ട്. ക്രമസമാധാനം പ്രധാന വിഷയമായി നില്‍ക്കുകയാണ് ബംഗ്ലാദേശില്‍. അതിനിടെ ബംഗ്ലാദേശില്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിയിലേക്ക് നയിച്ച വിദ്യാര്‍ഥി പ്രക്ഷോഭത്തെ പുകഴ്ത്തി നൊബേല്‍ സമ്മാനജേതാവും രാജ്യത്തെ ഇടക്കാലസര്‍ക്കാരിലെ മുഖ്യഉപദേഷ്ടാവുമായ മുഹമ്മദ് യൂനുസ് രംഗത്തുവന്നു.
ഇത് വിദ്യാര്‍ഥികള്‍ നയിച്ച വിപ്ലവമാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. കഴിഞ്ഞയാഴ്ചയാണ് ബംഗ്ലാദേശില്‍ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാലസര്‍ക്കാര്‍ അധികാരമേറ്റത്. ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യുമെന്നും തന്റെ കടമകള്‍ ആത്മാര്‍ഥമായി നിര്‍വഹിക്കുമെന്നും അധികാരമേറ്റ ശേഷം അദ്ദേഹം പറഞ്ഞിരുന്നു.
ഒടുവില്‍ ഈ നിമിഷമെത്തി. മോണ്‍സ്റ്റര്‍ പോയി- ഷെയ്ഖ് ഹസീനയെക്കുറിച്ച് യൂനുസ് പറഞ്ഞു. സര്‍ക്കാരിനെ നയിക്കുമ്പോള്‍ നേരിട്ടേക്കാവുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. എടുക്കുന്ന തീരുമാനങ്ങള്‍ ചിലര്‍ക്ക് ഇഷ്ടപ്പെടുമെന്നും ചിലര്‍ക്ക് ഇഷ്ടപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിരോധം, വിദ്യാഭ്യാസം, പൊതുഭരണം, ഊര്‍ജം, ഭക്ഷ്യം, ജലവിഭവം, വിവരവിനിമയം തുടങ്ങി 27 വകുപ്പുകളുടെ ചുമതല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവായ യൂനുസിനാണ്. നയതതന്ത്രജ്ഞനായ മുഹമ്മദ് തൗഹിദ് ഹുസൈനാണ് വിദേശകാര്യവകുപ്പ് കൈകാര്യം ചെയ്യുന്നത്. 2006 മുതല്‍ 2009 വരെ വിദേശകാര്യസെക്രട്ടറിയായിരുന്നു ഹുസൈന്. 2001 മുതല്‍ 2005 വരെ കൊല്‍ക്കത്തയില്‍ ബംഗ്ലാദേശിന്റെ ഉപസ്ഥാനപതിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മുന്‍സൈനിക ജനറലായ എം. ഷെഖാവത്ത് ഹുസൈനാണ് ആഭ്യന്തരവകുപ്പ് ലഭിച്ചത്.
വിദ്യാര്‍ഥികളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭത്തെത്തുടര്‍ന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ച് നാടുവിട്ടതോടെയാണ് ബംഗ്ലാദേശ് രാഷ്ട്രീയ അനിശ്ചിതത്വത്തിലായത്. ആഭ്യന്തരസംഘര്‍ഷങ്ങളെത്തുടര്‍ന്ന് വഷളായ ക്രമസമാധാനനില പുനഃസ്ഥാപിക്കുന്നതിന് കാവല്‍സര്‍ക്കാര്‍ പ്രഥമപരിഗണന നല്‍കുമെന്ന് ആഭ്യന്തരവകുപ്പേറ്റെടുത്ത് ഷെഖാവത്ത് ഹുസൈന് പറഞ്ഞു. സുരക്ഷാ ഏജന്‍സികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനാണ് രണ്ടാം പരിഗണന. ഹിന്ദുക്കളുള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്ക്കുനേരേ ആക്രമണം വര്‍ധിക്കുന്നതിലുള്ള കാവല്‍സര്‍ക്കാരിന്റെ ആശങ്കയും ഹുസൈന് രേഖപ്പെടുത്തി.