വാഷിങ്ടണ്‍: യുഎസ് രാഷ്ട്രീയത്തിലെ ഉരുക്കുവനിതയെന്ന് അറിയപ്പെടുന്ന ഡെമോക്രാറ്റിക് നേതാവ് നാന്‍സി പെലോസി രാഷ്ട്രീയം അവസാനിപ്പിക്കുന്നു. രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നതായി അവര്‍ പ്രഖ്യാപിച്ചു. നാല് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതായും, ഇനി തെരഞ്ഞെടുപ്പ് രംഗത്തേക്ക് ഇല്ലെന്നും പെലോസി അറിയിച്ചു. യുഎസ് പ്രതിനിധി സഭയുടെ ആദ്യ വനിതാ സ്പീക്കറായി ചരിത്രമിട്ട വ്യക്തിയാണ് നാന്‍സി.

1987 ല്‍ 47ാമത്തെ വയസില്‍ കാലിഫോര്‍ണിയയില്‍ നിന്ന് യുഎസ് കോണ്‍ഗ്രസിലേക്ക് എത്തിയ നാന്‍സി പെലോസി, നാല് പതിറ്റാണ്ടിനു ശേഷമാണ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിക്കുന്നത്. 2026 ലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്നും, സഭയിലെ തന്റെ കാലാവധി അവസാനിക്കുന്ന 2027ഓടെ ഔദ്യോഗികജീവിതത്തിന് വിരാമമാകുമെന്നും പെലോസി വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത വിമര്‍ശകയാണ് അവര്‍.

രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ നിരാശയെന്തെന്ന ചോദ്യത്തിന്, റിപബ്ലിക്ക് പാര്‍ട്ടിയെയും ട്രംപിനെയും അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ വേണ്ട തെരഞ്ഞെടുപ്പ് വിജയങ്ങള്‍ തനിക്കില്ല എന്നാണ് 2022ല്‍ പെലോസി നല്‍കിയ മറുപടി. സഭയില്‍ ഒരുമയെക്കുറിച്ച് ട്രംപ് പ്രസംഗിച്ചപ്പോള്‍ പെലോസിയുടെ മറുപടി പരിഹാസച്ചിരിയായിരുന്നു. ട്രംപിനെതിരെ 2019ലും 20ലും രണ്ടുതവണ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ചു. 2020ല്‍ യുഎസ് ഹൗസില്‍ സ്പീക്കറായിരുന്ന പെലോസിക്ക് കൈകൊടുക്കാതെ യൂണിറ്റി പ്രസംഗം നടത്തി ട്രംപ്. പിന്നാലെ സഭയില്‍ എഴുന്നേറ്റ് നിന്ന നാന്‍സി പെലോസി പ്രസംഗത്തിന്റെ പതിപ്പ് രണ്ടായി വലിച്ചുകീറിയാണ് പ്രതിഷേധിച്ചത്.

2003 മുതല്‍ 2023 വരെ യുഎസ് പ്രതിനിധി സഭയില്‍ ഡെമോക്രാറ്റുകളുടെ നേതാവായിരുന്നു പെലോസി. കോണ്‍ഗ്രസില്‍ ഒരു പാര്‍ട്ടിക്ക് നേതൃത്വം നല്‍കിയ ആദ്യ വനിത. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള കാലത്ത്, ന്യൂനപക്ഷ നേതാവായും, ഡെമോക്രാറ്റിക് ഭൂരിപക്ഷ കാലത്ത് സ്പീക്കര്‍ ആയും സ്ഥാനം വഹിച്ചു. 2007 ല്‍ യുഎസ് പ്രതിനിധി സഭയുടെ ആദ്യ വനിതാ സ്പീക്കറായി.

2019 ല്‍ വീണ്ടും സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട്, 1955നുശേഷം സ്ഥാനത്തേക്ക് മടങ്ങുന്ന ആദ്യ സ്പീക്കറായി. അഫോര്‍ഡബിള്‍ കെയര്‍ ആക്റ്റ്, ഡോഡ്-ഫ്രാങ്ക് വാള്‍സ്ട്രീറ്റ് പരിഷ്‌കരണം, ഉപഭോക്തൃ സംരക്ഷണ നിയമം, ഡോണ്‍ഡ് ആസ്‌ക് ഡോണ്‍ഡ് ടെല്‍ ആക്ട്, അമേരിക്കന്‍ റിക്കവറി ആന്‍ഡ് റീ ഇന്‍വെസ്റ്റ്മെന്റ് ആക്ട് എന്നിങ്ങനെ സുപ്രധാനബില്ലുകള്‍ പാസാക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.